തൊടുപുഴ: ഇടുക്കി തൊമ്മന്‍കുത്തില്‍ കുരിശ് തകര്‍ത്ത് വനപാലകരുടെ നടപടി വിവാദത്തില്‍. ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക് കടക്കുമ്പോള്‍ മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള തൊമ്മന്‍കുത്ത് സെന്റ് തോമസ് ദേവാലയം കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ക്കായി സ്ഥാപിച്ച കുരിശ് പിഴുതെറിഞ്ഞതാണ് വിവാദത്തിന് കാരണം. വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചിരിക്കുകയാണ് വനം വകുപ്പെന്ന് ക്രൈസ്തവ സഭാ നേതൃത്വം പറയുന്നു. കേരളത്തെ വനമാക്കി മാറ്റുവാന്‍ അച്ചാരം ഏറ്റെടുത്തിരിക്കുന്ന വനം വകുപ്പ് നടത്തിയ ഒരു മതനിന്ദയായി ഇതിനെ അവര്‍ വിലയിരുത്തുന്നു. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തില്‍ ക്രൈസ്തവ സഭ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യമായ നിലപാട് എടുത്തിരുന്നു. കോണ്‍ഗ്രസിനേയും വിമര്‍ശിച്ചു. അതിനിടെ ഡല്‍ഹിയിലെ കുരുത്തോല പ്രദക്ഷിണം തടഞ്ഞത് കേരളത്തില്‍ ചര്‍ച്ചയാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചു. ഡല്‍ഹി വിഷയം കത്തിച്ച് ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനെ ക്രൈസ്തവ വിരുദ്ധരാക്കി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം രംഗത്തു വന്നു. ഇതിനിടെയാണ് തൊമ്മന്‍കുത്തിലെ കുരിശ് മാറ്റല്‍.

സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതിയെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം പ്രതികരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്തും ചെയ്യാനുള്ള അനുവാദം നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിഷപ്പ് പറഞ്ഞു. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന് പേടിയാണെന്നും ബിഷപ്പ് ആരോപിച്ചു. കുരിശ് മാറ്റാന്‍ നിയമപരമായി പറയാമായിരുന്നു. അത് ചെയ്തില്ല. കുരിശിനെയും വിശ്വാസത്തെയും അവഹേളിക്കുകയായിരുന്നു. കള്ളന്‍മാരെ പോലെ വന്ന് കുരിശ് തകര്‍ത്തു. വിശ്വാസത്തെ അഹവേളിച്ചു. ഇതില്‍ വനം വകുപ്പ് എത്രയും വേഗം പരിഹാരമുണ്ടാക്കണം. വനം വകുപ്പ് പ്രതികാരം ചെയ്യുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ മഠത്തിക്കണ്ടം ആരോപിച്ചു. വനം വകുപ്പിന് എന്തും ചെയ്യാം. എവിടെയും കയറി ആളുകളെ ഉപദ്രവിക്കാം. സര്‍ക്കാരും രാഷ്ട്രീയക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരെ പേടിക്കുകയാണ്. നാട്ടില്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല. പണ്ടൊക്കെ വന്യജീവികളായിരുന്നു വനത്തിലെ പ്രശ്നക്കാര്‍. ഇപ്പോള്‍ അവരെക്കാള്‍ ഭയങ്കരന്‍മാരായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. പട്ടയമില്ലാത്തതെല്ലാം വനഭൂമിയാണെങ്കില്‍ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും ബിഷപ്പ് വിശദീകരിച്ചു.

കോതമംഗലം രൂപതയില്‍പെട്ടതാണ് തൊമ്മന്‍കുത്ത് സെന്റ്‌തോമസ് പള്ളി. പള്ളി നാരുങ്ങാനത്ത് സ്ഥാപിച്ച കുരിശാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴുതു മാറ്റിയത്. കാളിയാര്‍ റേഞ്ച് ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതെടുക്കുകയായിരുന്നു. ഇരുമ്പുകൊണ്ട് നിര്‍മിച്ച കുരിശ് ചുമന്ന് താഴെ എത്തിച്ച് വാഹനത്തില്‍ കാളിയാര്‍ റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. വിവരം അറിഞ്ഞ് നാട്ടുകാരെത്തി. ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.പള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് സ്ഥലം. വനംവകുപ്പ് ജണ്ടയിട്ട് വേര്‍തിരിച്ചിട്ടുള്ള ഈ സ്ഥലത്ത് ജനവാസമുണ്ട്. ചുറ്റും വീടുകളുമുണ്ട്. അനധികൃതമായി പലരും കുരിശ് സ്ഥാപിച്ച് കൈയ്യേറ്റത്തിന് ശ്രമിക്കാറുണ്ട്. എന്നാല്‍ തൊമ്മന്‍കുത്തിലേത് അങ്ങനെ അല്ല. ഭൂമിയ്ക്ക് പട്ടയമില്ലെന്നതാണ് പ്രശ്‌നം. എന്നാല്‍ അതില്‍ കൈവശാവകാശം പള്ളിക്കുണ്ട് താനും. മലയോരത്ത് പല വസ്തുക്കളുടേയും അവസ്ഥ അങ്ങനെയാണ്. പട്ടയത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരാണ് ഭൂരിഭാഗവും. കുരിശ് പൊളിക്കലിലൂടെ പട്ടയം ഇല്ലാത്തതെല്ലാം വനം വകുപ്പിന്റേതാണ് പ്രഖ്യാപിക്കുകയാണ് വനംവകുപ്പ്. ഇതാണ് ആളുകളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. ഈ വിവാദത്തില്‍ കോണ്‍ഗ്രസും പരസ്യ പ്രതികരണത്തിന് ഇനിയും തയ്യാറായിട്ടില്ല.

നെയ്യശ്ശേരി -തോക്കുമ്പന്‍ റോഡ് പണിതതോടെ ഇവിടേക്ക് റോഡു വന്നു. അതോടെയാണ് കുരിശ് സ്ഥാപിച്ചതും 40-ാം വെള്ളി ദിനത്തില്‍ വെഞ്ചരിപ്പ് നടത്തിയതും. ദു:ഖവെള്ളിയാഴ്ച കുരിശുമലകയറ്റവും കുരിശിന്റെ വഴിയും നടക്കാനിരിക്കെയാണ് മുന്നറിയിപ്പോ നോട്ടിസോ നല്‍കാതെ കുരിശു പിഴുതുമാറ്റിയതെന്ന് വിശ്വാസികള്‍ പറഞ്ഞു. 65 വര്‍ഷമായി കുടിയേറ്റ ജനത താമസിക്കുന്നിടത്താണ് സംഭവം. നാരുങ്ങാനത്ത് കുറച്ചു പേര്‍ക്ക് പട്ടയവുമുണ്ട്. ബാക്കിയുള്ളവര്‍ പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് പഞ്ചായത്തംഗം പി.ജി.സുരേന്ദ്രന്‍ പറഞ്ഞു. ആറു പതിറ്റാണ്ടായി ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പള്ളിയുടെ സ്ഥലത്താണ് കുരിശ് സ്ഥാപിച്ചതെന്നു സെന്റ്‌തോമസ് പള്ളി വികാരി ഫാ.ജോര്‍ജ് ഐക്കരമറ്റം പറഞ്ഞു. അതേ സമയം വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നും അതിനാലാണ് പിഴുതു മാറ്റിയതെന്നും ഇതിനു നോട്ടിസോ അറിയിപ്പോ നല്‍കേണ്ടതില്ലെന്നും കാളിയാര്‍ റേഞ്ച് ഓഫിസര്‍ ടി.കെ.മനോജ് വിശദീകരിച്ചു.

സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തൊമ്മന്‍കുത്തില്‍ കുരിശ് പൊളിച്ചു നീക്കിയത് മതവികാരം വ്രണപ്പെടുത്തിയെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഫാ.ജോണ്‍സന്‍ പാലപ്പിള്ളി സിഎംഐ പോസിറ്റീവ് സ്‌ട്രോക്കില്‍ പങ്കിട്ട വീഡിയോ ശ്രദ്ധേയമായി. തൊമ്മന്‍കുത്തില്‍ നിന്ന് ആനചാടിക്കുത്തിലേക്ക് പോകുംവഴിയാണ് റോഡരികിലുളള ഭൂമിയില്‍ കുരിശ് സ്ഥാപിച്ചത്. വെളളിയാഴ്ച രാത്രിയോടെ പണി പൂര്‍ത്തിയായി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ വനംവകുപ്പ് നടപടി തുടങ്ങി. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുക്കാതെ ശനിയാഴ്ച ഉച്ചയോടെ പൊളിച്ചു നീക്കി. ജോയിന്റ് വെരിഫിക്കേഷനില്‍ ഇത് വനഭൂമിയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്ന് വനം വകുപ്പ് വിശദീകരിക്കുന്നു. കുരിശ് സ്ഥാപിച്ചതിന് സെന്റ്. തോമസ് പള്ളി വികാരിക്കെതിരെയുള്‍പ്പെടെ കേസെടുക്കുമെന്ന് കാളിയാര്‍ റേയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.

എന്നാല്‍ വനംവകുപ്പിന്റേത് അസാധാരണ നടപടിയെന്നാണ് വിശ്വാസികള്‍ പറഞ്ഞു. കാലാകാലങ്ങളായി പള്ളിയുടെ കൈവശമുളള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. ഭൂമിയുടെ മുഴുവന്‍ രേഖകളും എവിടെ വേണമെങ്കിലും ഹാജരാക്കും. വനംവകുപ്പ് നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് പളളി ഭാരവാഹികള്‍ പറഞ്ഞു. വനംവകുപ്പ് നടപടിക്കെതിരെ അടുത്ത ദിവസം ഇടവക അംഗങ്ങളുടെ യോഗം വിളിച്ച് തുടര്‍ സമരം ശക്തമാക്കാനാണ് വിശ്വാസികളുടെ നീക്കം.