പത്തനംതിട്ട: പ്രായ പരിധി കഴിഞ്ഞെന്ന പേരില്‍ പാര്‍ട്ടി ജില്ല നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കിയ ആറന്മുള മുന്‍ എം.എല്‍.എ കെ.സി. രാജഗോപാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം. മെഴുവേലി പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് അദ്ദേഹം മത്സരിക്കുന്നത്.

പ്രായപരിധിയുടെ പേരില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്നും ജില്ല സെക്രട്ടേറിയറ്റില്‍ നിന്നും രാജഗോപാലിനെ ഒഴിവാക്കിയിരുന്നു. നിലവില്‍ 78 വയസായ നേതാവ്, ജനങ്ങള്‍ ആവശ്യപ്പെട്ടപ്രകാരമാണ് താന്‍ മത്സരിക്കുന്നതെന്നാണ് വിശദീകരിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയില്‍ തന്നെ വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്.

സിഐടിയുവിന്റെ ജില്ല സെക്രട്ടറിയായിരുന്ന രാജഗോപാല്‍ നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്. മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവില്‍ മെഴുവേലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറലായതിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കുന്നത്.

2006-11 കാലഘട്ടത്തില്‍, ആറന്മുള എംഎല്‍എയായിരുന്നു. 2011 ല്‍ മത്സരിച്ചെങ്കിലും കെ ശിവദാസന്‍ നായരോട് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും, സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

മെഴുവേലി പഞ്ചായത്തില്‍, ഇലവുംതിട്ട, നെടിയകാല സ്വദേശിയായ രാജഗോപാല്‍ അവിവാഹിതനാണ്. സിപിഎമ്മില്‍ വിഎസ് പക്ഷം ആയിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിക്ക് ആദ്യ അനുമതി നേടിയെടുത്തത് കെ.സി. രാജഗോപാല്‍ എം.എല്‍.എ ആയിരുന്നപ്പോഴാണ്.

വിവരാവകാശ അപേക്ഷ നല്‍കിയതിന് പിന്നാലെ കെ.സി രാജഗോപാല്‍ ഭീഷണിപ്പെടുത്തയെന്ന് നാല് മാസം മുമ്പ് മെഴുവേലി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിപ്പെട്ട സംഭവം വിവാദമായിരുന്നു. മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഹെഡ് ക്ലര്‍ക്കിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും വേണ്ടിവന്നാല്‍ കൊല്ലുമെന്നും മുന്‍ എം.എല്‍.എ ഭീഷണി മുഴക്കിയെന്നായിരുന്നു പരാതി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. ഇത് ഹെഡ് ക്ലാര്‍ക്ക് തയാറാക്കി നല്‍കിയതാണെന്ന് ആരോപിച്ചായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി