ന്യൂഡല്‍ഹി: യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) അയോഗ്യത പ്രഖ്യാപിച്ച മുന്‍ പ്രൊബേഷണറി ഐ.എ.എസ് ഓഫിസര്‍ പൂജ ഖേദ്കര്‍, കമ്മീഷനെതിരെ ഹൈകോടതിയെ സമീപിച്ചു. തന്റെ ഭാഗം വിശദമായി കേട്ടില്ലെന്ന വാദനമാണ് പൂജ ഉന്നയിക്കുന്നത്. ചട്ടം മറികടന്നുകൊണ്ട് സിവില്‍ സര്‍വീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.പി.എസ്.സി പൂജക്കെതിരെ നടപടി സ്വീകരിച്ചത്. കമീഷന്റെ പരീക്ഷകളില്‍നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നടപടികള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അടങ്ങിയ ബഞ്ചിനു മുമ്പാകെ പൂജ നല്‍കിയ പരാതി ബുധനാഴ്ച പരിഗണിച്ചേക്കും.

ജൂലൈ 31നാണ് വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പൂജയെ യു.പി.എസ്.സി അയോഗ്യയാക്കിയത്. ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ 30ന് വൈകിട്ട് 3.30 വരെ പൂജക്ക് സമയം നല്‍കിയിരുന്നു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിക്കാന്‍ അവര്‍ തായാറായിരുന്നില്ല.

2022ല്‍ പരീക്ഷയെഴുതനായി വ്യാജ ഒ.ബി.സി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ പൂജ സമര്‍പ്പിച്ചതായാണ് കണ്ടെത്തല്‍. അപേക്ഷയില്‍ പേരും മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതല്‍ തവണ പരീക്ഷ എഴുതാനാണ് ഇത്തരത്തില്‍ ചെയ്തത്. ഇവര്‍ക്ക് ഐ.എ.എസ് ലഭിച്ചതും ഒ.ബി.സി, ഭിന്നശേഷി ആനുകൂല്യത്തിലാണ്. നേരത്തെ തട്ടിപ്പു നടത്തിയെന്ന കേസില്‍ പൂജ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

അതിനിടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി യുപിഎസ്സി പരീക്ഷ എഴുതിയെന്ന കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കര്‍ ദുബായിലേക്കു മുങ്ങിയതായി സൂചനയുണ്ട്. പൂജയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതിനിടെ, ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടു കര്‍ഷകനു നേരെ തോക്കുചൂണ്ടിയ കേസില്‍ പൂജയുടെ അമ്മ മനോരമ ഖേദ്കര്‍ക്ക് പുണെ കോടതി ജാമ്യം അനുവദിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു മനോരമ. ഇതേ കേസില്‍ പ്രതിയായ പൂജയുടെ അച്ഛന്‍ ദിലീപ് ഖേദ്കര്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഒളിവിലാണ്.

പൂജയുടെ വിവാദത്തിനു പിന്നാലെ, ശാരീരിക വൈകല്യ രേഖകളുമായി യുപിഎസ്സി പരീക്ഷ എഴുതിയ 6 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ െമഡിക്കല്‍ രേഖകള്‍ വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം നടപടി തുടങ്ങി. വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും ആരോപണം ഉയര്‍ന്നവര്‍ക്കെതിരെയാണു നീക്കം. സര്‍വീസിലുള്ളവരും പ്രബേഷനിലുള്ളവരും ഇതിലുള്‍പ്പെടും.

കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും ഇല്ലാത്ത കാഴ്ചവൈകല്യം ഉണ്ടെന്നു രേഖയുണ്ടാക്കിയും യുപിഎസ്സി പരീക്ഷ എഴുതിയെന്നതാണ് പൂജയ്‌ക്കെതിരെയുള്ള ആരോപണം.