മുബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അറസ്റ്റിലായ സി.എസ്.ഐ വൈദികന് ജാമ്യം. വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദര്‍ സുധീറും ഭാര്യ ജാസ്മിനും ഉള്‍പ്പെടെ 11പേരെയാണ് മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടൊയാണ് വിഷയത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടായത്.

ഇവര്‍ക്കാണിപ്പോള്‍ മഹാരാഷ്ട്രയിലെ വറൂട് കോടതി ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപെടുത്തിയെന്ന തടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതിക്രമം നടത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആണെന്നും ഇവരില്‍നിന്ന് നേരത്തെ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും പൊലീസ് കസ്റ്റഡിയിലുള്ള ജാസ്മിന്‍ ആരോപിച്ചിരുന്നു.

തങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ അല്ല; ക്രിസ്തുമസ് ആരാധന നടത്തുകയാണ് ചെയ്തതെന്നാണ് വൈദികന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങള്‍ എത്തിയത് ക്രിസ്തുമസ് പ്രാര്‍ത്ഥനക്കായിരുന്നു. മറ്റും സേവന പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും സുധീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തുന്നതിനിടയില്‍ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തത്. നാഗ്പൂര്‍ മേഖലയില്‍ ഫാ. സുധീര്‍ വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്ഐ ബിഷപ് കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. സി.എസ്.ഐ സഭ ബിഷപ്‌സ് കൗണ്‍സില്‍ സെക്രട്ടറി ബിഷപ്പ് ഡോ. മലയില്‍ സാബുവാണ്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ സഭാ മേലധ്യക്ഷന്മാരെ വിളിച്ച് തൊട്ടടുത്ത ദിവസമാണ് ഈ സംഭവമെന്നത് ഏറ്റവും വേദനാജനകമായ അനുഭവമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ക്രിസ്ത്യാനികള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ സഭാ മേലധ്യക്ഷന്മാരെ കഴിഞ്ഞ ദിവസം ലോക്ഭവനില്‍ വിളിച്ചിരുന്നു. ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുമ്പോള്‍ ഭരണകൂടം നിശബ്ദത പാലിക്കുന്നതായും അത് അക്രമം ചെയ്യുന്ന ആളുകള്‍ക്ക് പ്രേരണയാകുന്നതായും ഞങ്ങള്‍ പറഞ്ഞിരുന്നു. ഈ കാര്യങ്ങളില്‍ ഗവണ്‍മെന്റും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയും പ്രതികരിക്കണമെന്നും മതമേലധ്യക്ഷന്മാരുടെ യോഗം ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടതാണ്. അതിന്റെ അടുത്ത ദിവസമാണ് ഇത് സംഭവിച്ചത് എന്നതാണ് ഏറ്റവും വേദനാജനകമായ അനുഭവം' -അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന് നേരെ എതിരായ കാര്യമാണ് സി.എസ്.ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍, സ്വദേശികളായ രണ്ടുകുടുംബങ്ങളുടെയും അറസ്റ്റെന്നും ബിഷപ്പ് ഡോ. മലയില്‍ സാബു പറഞ്ഞു. 'സിഎസ്ഐ സൗത്ത് കേരള ഇടവകയിലെ പട്ടക്കാരനാണ് ഫാ. സുധീര്‍. കഴിഞ്ഞ 12 വര്‍ഷമായി നാഗ്പൂരില്‍ സഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവിടെ മതപരിവര്‍ത്തനമല്ല നടക്കുന്നത്.

കുഗ്രാമങ്ങളിലുള്ള എഴുത്തും വായനയും അറിയാത്തവര്‍ക്ക് സാക്ഷരതാ ക്ലാസുകളും കുട്ടികള്‍ക്ക് നഴ്സറി സ്‌കൂളുകളും നടത്തുന്നുണ്ട്. ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് ആരോഗ്യവും വൃത്തിയും സംബന്ധിച്ച പരിശീലനങ്ങള്‍ കൊടുക്കുന്നുണ്ട്. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ക്രൈസ്തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം നടന്നു എന്നതിന്റെ തെളിവാണ് അവിടെയുള്ള വളര്‍ച്ച. ഗവണ്‍മെന്റിന് ചെന്നെത്താന്‍ സാധിക്കാത്ത ധാരാളം മേഖലകളിലാണ് ക്രൈസ്തവ മിഷണറിമാര്‍ പ്രവര്‍ത്തിക്കുന്നത്.

അകാരണമായാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നതില്‍ യാതൊരു സംശയവുമില്ല. ക്രിസ്മസ്, ന്യൂ ഇയര്‍ ആരാധനക്ക് ഫാ. സുധീറിനെ അങ്ങോട്ട് വിളിച്ചുവരുത്തിയതായിരുന്നു. ആ ആരാധനയില്‍ പങ്കെടുത്തു എന്നതിന്റെ പേരിലാണ് മതപരിവര്‍ത്തനം ആരോപിച്ച് അവരെ അറസ്റ്റ് ചെയ്തത്. സിഎസ്ഐ ബിഷപ്‌സ് കൗണ്‍സില്‍ ശക്തമായി അപലപിക്കുന്നു. ഗവണ്‍മെന്റ് ഇത്തരം നടപടികളില്‍ നിന്ന് പിന്മാറണമെന്ന് ബിഷപ്‌സ് കൗണ്‍സില്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ നിയമവശം നോക്കി മുന്നോട്ട് പോകും. നിയമസഹായം നല്‍കാന്‍ പ്രത്യേകം ശ്രമിക്കും' -ബിഷപ്പ് പറഞ്ഞിരുന്നു.