കൊല്ലം: കേരളത്തെ നടുക്കിയ അതുല്‍ കൊലക്കേസിലെ മുഖ്യപ്രതികളെ പോലീസ് പിടികൂടുമ്പോള്‍, പുറത്തുവരുന്ന വിവരങ്ങള്‍ അവിശ്വസനീയതയോടെയാണ് ഒരു നാട് കേള്‍ക്കുന്നത്. പ്രതികളിലൊരാളായ ഹുസൈന്റെ പരിവര്‍ത്തനത്തെക്കുറിച്ച് സാമൂഹിക പ്രവര്‍ത്തക ജസീന റഹീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഒരു ക്രിമിനലിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ കുടുംബ സാഹചര്യങ്ങളെയും പാരന്റിംഗിലെ പാളിച്ചകളെയും കുറിച്ചുള്ള ഗൗരവകരമായ നിരീക്ഷണങ്ങളാണ് കുറിപ്പ് പങ്കുവെക്കുന്നത്.

നാട്ടുകാരുടെ പ്രിയപ്പെട്ട സൂറാമ്മയുടെ ചെറുമകനും, കഠിനാധ്വാനിയായ സലീമിന്റെ മകനുമാണ് ഹുസൈന്‍. വഴിയരികിലെ പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഭിക്ഷാടകര്‍ക്കും തന്റെ അധ്വാനത്തിന്റെ പങ്ക് നല്‍കുന്ന സ്‌നേഹനിധിയായ ഒരു ഉപ്പയുടെ മകന്‍ എങ്ങനെ കൊലക്കേസ് പ്രതിയായി എന്ന ചോദ്യമാണ് ജസീന ഉയര്‍ത്തുന്നത്. ഏഴാം ക്ലാസ് മുതല്‍ ഖുര്‍ആന്‍ മനപാഠമാക്കാന്‍ തുടങ്ങിയ ഹുസൈന്‍ പത്താം ക്ലാസില്‍ 'ഹാഫിസ്' ആയി. വീടിനു മുന്നിലൂടെ നടക്കുമ്പോള്‍ അവന്റെ ആര്‍ദ്രമായ ഖുര്‍ആന്‍ പാരായണം കേട്ടിരുന്ന ബാല്യത്തെക്കുറിച്ച് ജസീന ഓര്‍ക്കുന്നു.

വിദ്യാഭ്യാസത്തിന് ശേഷം സൗദിയിലേക്ക് പോയ ഹുസൈന്റെ ജീവിതം മാറിമറിയുന്നത് പ്രണയനഷ്ടത്തോടെയാണെന്ന് കരുതപ്പെടുന്നു. നാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും നഷ്ടപ്പെട്ട പ്രണയം അവന്റെ മനോനിലയെ ബാധിച്ചു. ഇതിനു പുറമേ, വീട്ടിലെ കലുഷിതമായ അന്തരീക്ഷവും അവനെ തളര്‍ത്തി. മകനെ നേര്‍വഴിക്ക് നടത്താന്‍ ഉമ്മ കാണിച്ച അമിതമായ കാര്‍ക്കശ്യവും സ്‌നേഹത്തിന് പകരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഹുസൈനെ വീടിന് പുറത്തുള്ള ശൂന്യതയിലേക്ക് തള്ളിവിട്ടു. ഈ മാനസിക സംഘര്‍ഷങ്ങളാണ് അവനെ ലഹരിയിലേക്കും ഗുണ്ടാസംഘങ്ങളിലേക്കും എത്തിച്ചതെന്നാണ് കുറിപ്പിലെ നിരീക്ഷണം.

മക്കള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും 'ഞാന്‍ ഒറ്റയ്ക്കാണ്' എന്ന തോന്നല്‍ വരാന്‍ അനുവദിക്കരുത്. ആ ശൂന്യതയിലേക്കാണ് ലഹരി മാഫിയകളും ഗുണ്ടാസംഘങ്ങളും 'രക്ഷകരായി' കടന്നുവരുന്നത്. ശിക്ഷയേക്കാള്‍ ശക്തമാണ് സ്‌നേഹമെന്നും ഉപദേശത്തേക്കാള്‍ വലുതാണ് കൂടെയുണ്ടെന്ന ആത്മവിശ്വാസമെന്നും ജസീന ഓര്‍മ്മിപ്പിക്കുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ നല്‍കേണ്ടത് ചേര്‍ത്തുപിടിക്കലും ആരോഗ്യപരമായ സംവാദങ്ങളുമാണ്. വഴിതെറ്റുന്ന മക്കളുടെ പിന്നില്‍ സ്‌നേഹത്തിനും പരിഗണനയ്ക്കും വേണ്ടിയുള്ള വല്ലാത്തൊരു ദാഹം ഉണ്ടാകാമെന്നും, അത് തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നും കുറിപ്പ് പറഞ്ഞുവെക്കുന്നു. ഒരു ചെറിയ പഴുത് മതി എല്ലാം കൈവിട്ടുപോകാന്‍ എന്ന മുന്നറിയിപ്പോടെയാണ് ജസീന റഹീമിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ജസീനാ റഹീമിന്റെ പോസ്റ്റ് ചുവടെ

അലുവ അതുല്‍ കൊലക്കേസിലെ മുഖ്യപ്രതികളെ പോലീസ് പിടികൂടിയിരിക്കുന്നു. മാധ്യമങ്ങളിലൂടെ പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തു വരികയാണ്. പ്രതികളിലൊരാളായ ഹുസൈന്‍ എന്റെ നാട്ടുകാരനാണ്. നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ട സൂറാമ്മയുടെ ചെറുമകന്‍.

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ദിവസം ആ സംഭവത്തെ തുടര്‍ന്ന് മനോവിഭ്രാന്തി പ്രകടിപ്പിച്ച ഹുസൈന്റെ ഉപ്പ സലിം ഇന്നും സൈക്കിളില്‍ മത്സ്യക്കച്ചവടം നടത്തി കുടുംബം പോറ്റുന്നവനാണ്. മീന്‍ കൊട്ടയിലെ ഒരു പങ്ക് ഇന്നും വഴിയരികില്‍ കാണുന്ന പൂച്ചകള്‍ക്കും പട്ടികള്‍ക്കും ഉള്ളതാണ്. മാത്രമല്ല വഴിയോരത്ത് ഭിക്ഷയാചിക്കുന്ന മനുഷ്യര്‍ക്കും അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഒരു പങ്ക് പോകാറുണ്ട്.

അങ്ങനെ ഒരു ഉപ്പയുടെ മകന്‍ ഇന്ന് ഒരു കൊലപാതക കേസിലെ മുഖ്യപ്രതിയായി മാറിയത് എങ്ങനെ?

കുട്ടിക്കാലം മുതല്‍ ഹുസൈനെ എനിക്കും അറിയാം. നാണംകുണുങ്ങി നടക്കുന്ന ഒരു പയ്യനായിരുന്നു അവന്‍. ഏഴാം ക്ലാസിന് ശേഷം ഹിഫ്ള് പഠനവും സ്‌കൂളും ഒരുമിച്ച് പഠിച്ചു. പത്താം ക്ലാസിലെത്തിയപ്പോഴേക്കും ഖുര്‍ആന്‍ മുഴുവനും അവന്‍ മനപാഠമാക്കി. ചിലപ്പോഴൊക്കെ അവന്റെ വീടിന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഈണത്തില്‍ അവന്‍ ഖുര്‍ആനിലെ ആയത്തുകള്‍ പാരായണം ചെയ്യുന്നത് കേട്ടിട്ടുണ്ട്. വീണ്ടും കേള്‍ക്കാന്‍ തോന്നുന്നത്രയും ആര്‍ദ്രമായിരുന്നു അവന്റെ ശബ്ദം.

പിന്നീട് പ്ലസ് ടുവും ഡിപ്ലോമ കോഴ്‌സും പൂര്‍ത്തിയാക്കി ജോലി തേടി സൗദിയിലേക്ക് പോയി. ആ കാലത്ത് അവനൊരു പ്രണയമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പക്ഷേ നാട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും ആ പ്രണയം നഷ്ടപ്പെട്ടിരുന്നു. ആ നഷ്ടം അവന്റെ മനോനിലയില്‍ മാറ്റം ഉണ്ടാക്കിയതായിട്ടാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. വീട്ടിലും എല്ലായ്‌പ്പോഴും സമാധാനം ഉണ്ടായിരുന്നില്ല. കാരണം സ്‌നേഹത്തേക്കാള്‍ അധികം കാര്‍ക്കശ്യം കൊണ്ട് മകനെ നേരായ വഴിയിലെത്തിക്കാന്‍ ശ്രമിച്ച ഉമ്മ പലപ്പോഴും അവന് എതിര്‍പക്ഷമായിരുന്നു എന്നാണ് അറിയുന്നത് .

സ്‌നേഹം കൊണ്ടും പരിഗണന കൊണ്ടും മക്കളില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നത് അമ്മമാര്‍ക്കാണ് .

അതിന് കഴിഞ്ഞില്ലങ്കില്‍ പലപ്പോഴും കുട്ടികള്‍ വഴി തെറ്റാറുണ്ട് .

അങ്ങനെയുള്ള മാനസിക സംഘര്‍ഷങ്ങള്‍ തന്നെയാവണം അവനെ തെറ്റായ കൂട്ടുകെട്ടുകളിലേക്കും പുതിയ ബന്ധങ്ങളിലേക്കും പിന്നീട് ഗുണ്ടാസംഘങ്ങളിലേക്കും എത്തിച്ചത് . പല കേസുകളിലും പ്രതിയായി മാറിയിട്ടും നാട്ടുകാരുടെ മുന്നില്‍ അവനെ എപ്പോഴും സൗമ്യനായിട്ടാണ് കണ്ടിട്ടുള്ളത് .

ഒരിക്കലും ഇത് ഹുസൈനെ ന്യായീകരിച്ച് കൊണ്ടുള പോസ്റ്റല്ല . പറഞ്ഞ് വരുന്നത്

പാരന്റിംഗിന്റെ പ്രാധാന്യമാണ് .

കലുഷിതമായ ജീവിത സാഹചര്യങ്ങളെയും മാനസിക സംഘര്‍ഷങ്ങളെയും അതിജീവിക്കാന്‍ ഓരോ മക്കളെയും പ്രാപ്തരാക്കുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്. സ്‌നേഹവും പരിഗണനയും നല്‍കി അവരെ ചേര്‍ത്ത് പിടിക്കുക. അവരുടെ മനസ്സ് കേള്‍ക്കാന്‍ സമയം കണ്ടെത്തുക. കാരണം ചിലപ്പോള്‍ വളരെ ചെറിയൊരു പഴുത് മതി എല്ലാം കൈവിട്ട് പോകാന്‍.

ഇന്നത്തെ ലോകം അങ്ങനെയാണ്. പുറം ലോകം പലപ്പോഴും അനിശ്ചിതത്ത്വങ്ങളും ചതികളും നിറഞ്ഞതാണ് .

ഒരു കുഞ്ഞ് ഒറ്റപ്പെടലും നിരാശയും അനുഭവിക്കുന്ന നിമിഷം തന്നെ, ആ ശൂന്യത നിറയ്ക്കാന്‍ പല ശക്തികളും മുന്നിലേക്ക് വരും. ലഹരി മാഫിയകളും ഗുണ്ടാ സംഘങ്ങളും പലപ്പോഴും അങ്ങനെ തന്നെ നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ രക്ഷകരായി അവതരിക്കുന്നു. ''ഞങ്ങള്‍ നിന്നോടൊപ്പമുണ്ട്'' എന്നൊരു വ്യാജസ്‌നേഹം അവര്‍ നല്‍കും.

അവിടെ തന്നെയാണ് കുടുംബത്തിന്റെ പങ്ക് വലിയതാകുന്നത്.

കുഞ്ഞിന്റെ ജീവിതത്തില്‍ ഒരു ഘട്ടത്തിലും ''ഞാന്‍ ഒറ്റക്കാണ്'' എന്ന തോന്നല്‍ വരാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. എന്ത് പ്രശ്‌നമായാലും, എന്ത് തെറ്റായാലും, ''എന്തിനും ഏതിനും ഞാന്‍ നിന്നോടൊപ്പമുണ്ട്'' എന്നൊരു വാക്ക് മക്കളുടെ മനസിന് നല്‍കുന്ന സുരക്ഷ അത്യന്തം വലുതാണ്.

ചിലപ്പോള്‍ ആ ഒരു വാക്ക് തന്നെ ഒരാളുടെ ജീവിതത്തിന്റെ ദിശ മാറ്റാന്‍ കഴിയും.

പ്രത്യേകിച്ച് പാരന്റിംഗില്‍ .ശിക്ഷയേക്കാള്‍ ശക്തമാണ് സ്‌നേഹം, നിയന്ത്രണത്തേക്കാള്‍ ഫലപ്രദമാണ് പരിഗണന, ഉപദേശത്തേക്കാള്‍ വലിയതാണ് കൂടെയുണ്ടെന്ന ആത്മവിശ്വാസം.

മക്കളെ വളര്‍ത്തുമ്പോള്‍ ഏത് സാഹചര്യങ്ങളേയും നേരിടാന്‍ പ്രാപ്തരാക്കി വളര്‍ത്തുക .

അവരുടെ ഭാവിയെ സുരക്ഷിതമാക്കാന്‍ ബാങ്ക് ഡെപ്പോസിറ്റുകള്‍ക്ക് പകരം വേണ്ടത് സ്‌നേഹവും , ചേര്‍ത്ത് പിടിക്കലും ആരോഗ്യപരമായ സംവാദവുമൊക്കെ തന്നെയാണ്.