ലണ്ടന്‍: കുതിച്ചുയരുന്ന എനര്‍ജി ബില്‍ എക്കാലത്തും ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് ഒരു തലവേദനയായിരുന്നു. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന വില വര്‍ദ്ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ എനര്‍ജി ഉപയോഗം എന്നത് ഏറെ ഭയപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഇതിനൊറ്റു പരിഹാരമായാണ് ഇപ്പോള്‍ ബ്രിട്ടീഷ് കുടുംബങ്ങള്‍ കൂടുതലായി സൗരോര്‍ജ്ജത്തെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നത് പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനികളില്‍ നിന്നും ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്, സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ബ്രിട്ടനിലെ വീടുകളുടെ എണ്ണം റെക്കോര്‍ഡ് തലത്തില്‍ എത്തി നില്‍ക്കുന്നു എന്നാണ്.

ഇറാന്‍ യുദ്ധം മുറുകുകയും, ഇന്ധന വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സോളാര്‍ പാനലുകള്‍ക്കും, ഇലക്ട്രിക് വാഹനങ്ങള്‍ക്കും, ഹീറ്റ് പമ്പുകള്‍ക്കും ആവശ്യക്കാര്‍ ഏറി വരികയാണ്. വരുന്ന ജൂലായ് മാസത്തില്‍ എനര്‍ജി ബില്ലില്‍ 18 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, ഒരു ശരാശരി വീടിന്റെ എനര്‍ജി ബില്‍ 1929 പൗണ്ട് വരെയായി ഉയരും. യൂറോപ്പിലെ ബെഞ്ച്മാര്‍ക്ക് ആയ പ്രകൃതിവാതക വിലയില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്നാണിത്.

ബ്രിട്ടനിലെ ഏറ്റവും വലിയ ഊര്‍ജ്ജവിതരണ കമ്പനിയായ ഒക്ടോപസ് എനര്‍ജിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഹീറ്റ് പമ്പ് ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാര്‍ച്ച് മാസത്തില്‍ ഇരട്ടിയായി വര്‍ദ്ധിച്ചു എന്നാണ്. ഇക്കാലയളവില്‍ സോളാര്‍ പവര്‍ സിസ്റ്റത്തിന്റെ വില്പനയില്‍ 80 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന 85 ശതമാനത്തോളം വര്‍ദ്ധിച്ചു.

സമാനമായ കണക്കുകളാണ് ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിനും നിരത്താനുള്ളത്. ഇവരുടെ കണക്കുകള്‍ പറയുന്നത്, ഇറാന്‍ യുദ്ധമാരംഭിച്ച ഫെബ്രുവരി 28 ന് ശേഷം, സോളാര്‍ പാനലിനെ കുറിച്ച് വിശദാംശങ്ങള്‍ തേടുന്നവരുടെ എണ്ണം 250 ശതമാനം വര്‍ദ്ധിച്ചു എന്നാണ്. അതുപോലെ, ഹീറ്റ് പമ്പില്‍ താത്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണവും കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു.

ആഗോള വിപണിയില്‍ ഫോസില്‍ ഇന്ധനത്തിന്റെ വില വര്‍ദ്ധനവിന്റെ ഭാരം സഹിച്ച് ബ്രിട്ടീഷുകാര്‍ അവശരായി എന്നാണ് ഒക്ടോപസ്സിലെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ റെബേക്ക ഡിബ്ബ് സിംകിന്‍ പറയുന്നത്. പ്രതിസന്ധി സ്വയം കൈകാര്യം ചെയ്യാന്‍ ആരംഭിച്ച ഉപഭോക്താക്കള്‍ കൂട്ടമായി തന്നെ ഹരിതോര്‍ജ്ജത്തിലേക്ക് മാറുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അവര്‍ പറയുന്നു. സോളാര്‍ പാനലുകള്‍, ഹീറ്റ് പമ്പുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഇപ്പോള്‍ പ്രിയം വര്‍ദ്ധിച്ചു വരികയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഭാവിയിലെ വിലവര്‍ദ്ധനവുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളില്‍ നിന്നും ഇപ്പൊഴേ ഒരു സംരക്ഷണ വലയം തീര്‍ക്കുകയാണ് ബ്രിട്ടീഷ് ജനത എന്നും അവര്‍ പറയുന്നു.