- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റല്‍ സര്‍വകലാശാലയില്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ച് ഗവേഷണ പദ്ധതികളില്‍ കോടികളുടെ തട്ടിപ്പ്; കമ്പനിയുടെ രജിസ്‌ട്രേഷന്‍ മേല്‍വിലാസത്തില്‍ യാതൊന്നുമില്ല; ഫണ്ട് അനുവദിച്ചശേഷം കമ്പനി രൂപീകരിച്ചും തട്ടിപ്പ്; സ്പ്രിംക്ലര്‍ ഇടപാടില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കമ്മീഷന്‍ ചെയര്‍മാനും കമ്പനി; സിബിഐ അന്വേഷണത്തിനും സി.എ.ജി ഓഡിറ്റിങിനും ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍
ഡിജിറ്റല്‍ സര്‍വകലാശാലയിലെ ഗവേഷണ പദ്ധതികളില്‍ കോടികളുടെ തട്ടിപ്പ്
തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലെ ഗവേഷണ പദ്ധതികളില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണത്തിനും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) ഓഡിറ്റിനും ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോ ചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ച് കോടികളുടെ ഗവേഷണ പദ്ധതികള്‍ നടപ്പാക്കുന്നതായി മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികള്‍ രൂപീകരിക്കുന്നത് ഫണ്ടുകള്‍ അനുവദിച്ച ശേഷമാണ്. രജിസ്‌ട്രേഷന്‍ അഡ്രസ്സില്‍ കമ്പനിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഒരു കമ്പനിയുടെ തലപ്പത്തുള്ളത് സ്പ്രിംക്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍.
ഗ്രാഫീന്‍ ഗവേഷണ വികസന പദ്ധതിക്കായി കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നല്‍കിയ 94.85 കോടി രൂപയുടെ ഫണ്ട് ഇന്‍ഡ്യ ഗ്രാഫീന്‍ എഞ്ചിനീയറിങ് ആന്‍ഡ് ഇന്നോവേഷന്‍ സെന്റര്‍ (ഐ.ജി.ഇ.ഐ.സി) എന്ന കമ്പനിക്കാണ് അനുവദിച്ചത്. പിന്നീട്, ഒരു തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും കേരള ഡിജിറ്റല്‍ സര്‍വകലാശാലയെ നിര്‍വ്വഹണ ഏജന്‍സിയായി നിയമിക്കുകയും ചെയ്തു. കേന്ദ്രഫണ്ട് അനുവദിച്ച ശേഷമാണ് ഐ.ജി.ഇ.ഐ.സി കമ്പനി രജിസ്റ്റര്‍ ചെയ്തതെന്ന് മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം ആയുര്‍വേദ കോളേജിനു സമീപം അംബുജവിലാസം റോഡിലെ വിലാസത്തില്‍ അങ്ങനെയൊരു കമ്പനിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തിനു തൊട്ടുപിന്നാലെ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഈ മേല്‍വിലാസം അപ്രത്യക്ഷമായി.
ഗ്രാഫീന്‍ പദ്ധതി നടത്തിപ്പിനു നിയോഗിക്കപ്പെട്ട ഐ.ജി.ഇ.ഐ.സിയുടെ കമ്പനി ഘടനയില്‍ സുതാര്യതയില്ലെന്നും ഡിജിറ്റല്‍ സര്‍വകലാശാല കെട്ടിടത്തില്‍ തന്നെ അനുവാദം വാങ്ങാതെയും വാടക നല്‍കാതെയുമാണു പ്രവര്‍ത്തിക്കുന്നതെന്നും സിസ തോമസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയുമായി ബന്ധപ്പെട്ടു നടത്തുന്ന വിവിധ പദ്ധതികളുടെ സാമ്പത്തിക വിനിയോഗം സംബന്ധിച്ച് കൃത്യമായ ഓഡിറ്റിങ് നടക്കുന്നില്ല. റിപ്പോര്‍ട്ട് തയ്യറാക്കുന്നതിന്റെ ഭാഗമായി ആവശ്യപ്പെട്ടപ്പോള്‍ സമര്‍പ്പിച്ച ധനവിനിയോഗ സര്‍ട്ടിഫിക്കറ്റിലെ 3.94 കോടി രൂപയുടെ ബില്ലുകള്‍ ഭക്ഷണം വാങ്ങിയതിന്റെയും രാജ്യത്തെ വിവിധ നഗരങ്ങളിലും സിംഗപ്പൂര്‍, അമേരിക്ക എന്നിവിടങ്ങളില്‍ വിമാനയാത്ര നടത്തിയതിന്റെയും താമസസൗകര്യത്തിന്റെയുമായിരുന്നു.
സര്‍വകലാശാലയില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നും സി.എ.ജി ഓഡിറ്റ് വേണമെന്നും സിസ തോമസ് സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും സി.എ.ജിക്ക് കൈമാറിയില്ല. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. സര്‍വകലാശാലയില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറായിരിക്കെയാണ് സിസ തോമസ് സര്‍വകലാശാലയില്‍ വിശദമായ അന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. സര്‍ക്കാര്‍ ഫണ്ടുകള്‍ കൈമാറിയതില്‍ വ്യാപക ക്രമക്കേടുകള്‍ സിസ തോമസ് കണ്ടെത്തിയിരുന്നു. ഒരു ഫൈനാന്‍സ് ഓഫീസര്‍ പോലുമില്ലാതെയാണ് സര്‍വകലാശാലയില്‍ കോടികള്‍ കൈകാര്യം ചെയ്യപ്പെടുന്നത്. ഗ്രാഫീന്‍ പദ്ധതി നടത്തിപ്പിനുള്ള കമ്പനി രജിസ്റ്റര്‍ ചെയ്തതിലും അവ്യക്തതയുണ്ട്. കമ്പനിയുടെ രൂപീകരണത്തില്‍ സുതാര്യതയില്ലായ്മ, കമ്പനിയുടെ വിലാസത്തിലെ പൊരുത്തക്കേടുകള്‍, പദ്ധതി നിര്‍വ്വഹണത്തില്‍ വ്യക്തതയില്ലായ്മ, ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകള്‍ തുടങ്ങിയ ഗുരുതര വിഷയങ്ങള്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പദ്ധതി നടപ്പിലാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഐ.ജി.ഇ.ഐ.സിയുടെ സ്ഥാപകരില്‍ രണ്ട്പേര്‍ ഡിജിറ്റല്‍ സര്‍വകലാശാലയുമായി നേരിട്ട് ബന്ധമുള്ളവരാണ്. സര്‍വകലാശാലയുടെ സ്‌പോണ്‍സറിംഗ് ഏജന്‍സിയായ ഐ.ഐ.ടി.എം.കെയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം. മാധവന്‍ നമ്പ്യാരും പ്രൊഫസര്‍ അലക്‌സ് ജെയിംസുമാണ് കമ്പനിയുടെ സ്ഥാപകര്‍. മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി കൂടിയായിരുന്ന എം. മാധവന്‍ നമ്പ്യാര്‍ വിവാദമായ സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. സ്പ്രിംക്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രി കുറ്റവിമുക്തനാണെന്ന് റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നത്. സര്‍വകലാശാലയിലെ ലക്ചറര്‍ കൂടിയാണ് അലക്‌സ് ജെയിംസ്. ഇവര്‍ ഉള്‍പ്പെടെ നാല് ഡയറക്ടര്‍മാരാണ് കമ്പനിയിലുള്ളത്. സര്‍വകലാശാലയിലും സ്വകാര്യ കമ്പനിയിലും സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ വെളിപ്പെടുത്താതെ ഇടപാടില്‍ പങ്കാളികളായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.