- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിന് സുഖമില്ലാതായതിനു ശേഷം ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍; ഇത്തവണ ഓട്ടോയില്‍ ഏകനായി എത്തി; വലിയ ചുടുകാടിലെ പി കൃഷ്ണപിള്ള അനുസ്മരണത്തിലും പുറത്ത്; ജി സുധാകരനെ ഇനി ഒന്നിനും സിപിഎം ക്ഷണിക്കില്ല; മുതിര്‍ന്ന സഖാവിന്റെ അടുത്ത നീക്കം എന്ത്?
ആലപ്പുഴ: ജി സുധാകരനെ ഇനി സിപിഎം പൂര്‍ണ്ണമായും ഒഴിവാക്കും. പി.കൃഷ്ണപിള്ള അനുസ്മരണ ദിനത്തില്‍ വലിയചുടുകാട്ടില്‍ നടന്ന പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍ തനിച്ച് ആദരാഞ്ജലി അര്‍പ്പിച്ച സാഹചര്യം ചര്‍ച്ചയാക്കുന്നത് ഇതു തന്നെയാണ്. പരിപാടിയില്‍ ക്ഷണിക്കാത്തതിന്റെ നീരസവും സുധാകരന്‍ പ്രകടിപ്പിച്ചു. കുറച്ചു കാലമായി സുധാകരനെ സിപിഎം ചടങ്ങുകള്‍ക്കൊന്നും ക്ഷണിക്കാറില്ല. ഇത് തന്നെയാണ് ഇപ്പോഴും തുടര്‍ന്നത്. ഇനിയും സുധാകരനെ പാര്‍ട്ടി പരിപാടികളിലേക്ക് ക്ഷണിക്കില്ലെന്ന സന്ദേശം കൂടിയായി ഇത് മാറുകയാണ്.
ഇനി ഒരു പരിപാടിക്കും സുധാകരനെ വിളിക്കില്ല. പാര്‍ട്ടി വേദിയിലെത്തി സര്‍ക്കാര്‍ വിമര്‍ശനം നടത്തുമെന്ന ആശങ്കയിലാണ് ഇതെല്ലാം. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പി.കൃഷ്ണപിള്ള അനുസ്മരണ ദിനത്തില്‍ കാര്യങ്ങള്‍ ജില്ലാ നേതൃത്വം നിശ്ചയിച്ചത്. ജി സുധാകരന്റെ അടുത്ത നീക്കം എന്താകുമെന്ന് സിപിഎമ്മും നിരീക്ഷിക്കുന്നുണ്ട്. സുധാകരന്റെ സഹായമില്ലെങ്കിലും സിപിഎമ്മിന് ആലപ്പുഴയില്‍ മുമ്പോട്ട് പോകാന്‍ കഴിയുമെന്ന സന്ദേശമാണ് ഇതിലൂടെ സിപിഎം നല്‍കുന്നത്. സുധാകരനെ യുഡിഎഫ് നോട്ടമിടുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ താന്‍ മരണം വരെ സിപിഎമ്മുമായി സഹകരിച്ച് മുമ്പോട്ട് പോകുമെന്ന് സുധാകരന്‍ പറയുകയും ചെയ്തു. സിപിഎമ്മുമായി ചേര്‍ന്ന് നില്‍ക്കുമെന്ന സന്ദേശവും നല്‍കി. പക്ഷേ അതൊന്നും സിപിഎം മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഈ സന്ദേശമാണ് കൃഷ്ണപിള്ള അനുസ്മരണത്തിലൂടെ നല്‍കുന്നത്.
പാര്‍ട്ടി പരിപാടിക്കുശേഷമാണ് സുധാകരന്‍ വലിയചുടുകാട്ടില്‍ എത്തിയത്. വി.എസിന് സുഖമില്ലാതായതിനുശേഷം താനായിരുന്നു പരിപാടിയുടെ ഉദ്ഘാടകനെന്നും ഇത്തവണ ക്ഷണമുണ്ടായില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇന്നത്തെ പരിപാടി ഉദ്ഘാടനം ചെയ്തത് എളമരം കരീമാണ്. മന്ത്രി സജിചെറിയാനും ജില്ലാ സെക്രട്ടറിയും പങ്കെടുത്തു. പരിപാടി കഴിഞ്ഞ് നേതാക്കള്‍ മടങ്ങിയശേഷമാണ് ഓട്ടോറിക്ഷയില്‍ സുധാകരന്‍ വലിയ ചുടുകാട്ടിലെത്തിയത്. പിന്നീട് ആദരം അര്‍പ്പിച്ച ശേഷം അദ്ദേഹം ഓട്ടോയില്‍ മടങ്ങി.
. ''വിഎസിന് സുഖമില്ലാതായതിനുശേഷം ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ജില്ലയിലെ പാര്‍ട്ടി അംഗത്വത്തില്‍ സീനിയറാണ് ഞാന്‍. 62 വര്‍ഷമായി പാര്‍ട്ടി അംഗമാണ്. പരിപാടി കഴിഞ്ഞ വിവരം അറിഞ്ഞില്ല. എന്നെ വിളിച്ചില്ല. ഇവിടെവന്ന് പ്രതിജ്ഞ പുതുക്കേണ്ടത് ആവശ്യമാണ്. പരിപാടിക്ക് വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. കഴിഞ്ഞ വര്‍ഷം വരെ ഞാനാണ് ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടി അംഗമാണ്. ജില്ലാ കമ്മിറ്റി ഓഫിസിലെ ബ്രാഞ്ചിലാണ് പ്രവര്‍ത്തിക്കുന്നത്''ജി.സുധാകരന്‍ പറഞ്ഞു.
സി.പി.എമ്മും സി.പി.ഐയും സംയുക്തമായി നടത്തിയ അനുസ്മരണ സമ്മേളനം ഇത്തവണ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമാണ് ഉദ്ഘാടനംചെയ്തത്. സി.പി.ഐ ജില്ലാ സെക്രട്ടറി എസ്. സോളമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ സ്വാഗതം പറഞ്ഞു. രാവിലെ ഏഴിന് ആലപ്പുഴ തിരുവമ്പാടി ജങ്ഷനില്‍നിന്ന് അനുസ്മരണറാലി ആരംഭിച്ചു. എട്ടിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മന്ത്രി സജി ചെറിയാന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി ചന്ദ്രബാബു, കെ. പ്രസാദ്, കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ കെ.എച്ച്. ബാബുജാന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ.എം. ആരിഫ്, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം മന്ത്രി പി. പ്രസാദ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.ജെ ആഞ്ചലോസ്, പി.വി സത്യനേശന്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോന്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണര്‍കാട് പി കൃഷ്ണപിള്ള സ്മൃതിമണ്ഡപത്തില്‍ രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അനുസ്മരണ സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ.ബി ബിമല്‍റോയ് അധ്യക്ഷത വഹിച്ചു. സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗം കെ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സമീപ കാലത്ത് സര്‍ക്കാരിനെതിരെ ജി.സുധാകരന്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങളും മറ്റുമാണ് അദ്ദേഹത്തെ പാര്‍ട്ടി പരിപാടിയില്‍നിന്ന് അകറ്റിനിര്‍ത്തിയതിന് പിന്നിലെന്നാണ് സൂചന.
എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ ഉദ്ഘാടനകനായിരുന്നു തന്നെ ഇത്തവണ വിളിക്കാതിരുന്നതിന് പിന്നിലെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ സുധാകരന്‍ ഒരു വര്‍ഷത്തിനിടയില്‍ വിളിക്കാതിരിക്കാന്‍ കാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.ഓട്ടോയില്‍ ഏകനായാണ് സുധാകരന്‍ എത്തിയത്.