- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയത്തില്‍ ഇറങ്ങി സമ്പത്തുണ്ടാക്കിയിട്ടില്ല; എസ് എഫ് ഐ സെക്രട്ടറിയായിരുന്നപ്പോള്‍ ബാലന്‍ കണ്ട അതേ സുധാകരന് തന്നെയാണ് ഇപ്പോഴും ഞാന്‍; ഒരിഞ്ച് മാറിയിട്ടില്ല; എന്നാല്‍ ബാലന്‍ ഒരുപാട് മാറി; തന്നെ ഉപദേശിക്കാനുള്ള അനുഭവമൊന്നും സജി ചെറിയാനില്ല; ആര്‍ക്കും സുധാകരന് വഴങ്ങില്ല; സജി ചെറിയാനെ സിപിഎം പുറത്താക്കുമോ?
കൊച്ചി: മന്ത്രി സജി ചെറിയാനും മുന്‍ മന്ത്രി എ കെ ബാലനുമെതിരെ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. ആലപ്പുഴയിലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ് ഇതിന് കാരണം. സജി ചെറിയാന് താക്കീത് നല്‍കുകയാണ് സുധാകരന്‍. സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിക്കണം. തന്നോട് ഏറ്റുമുട്ടാന്‍ വരേണ്ട. തന്നെ സിപിഎമ്മില്‍ നിന്നും പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചു. പാര്‍ട്ടി നയം അനുസരിച്ചാണ് പ്രവര്‍ത്തനം. പാര്‍ട്ടിയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇങ്ങനെ പോയാല്‍ അമ്പലപ്പുഴയില്‍ എങ്ങനെ ജയിക്കും. സജി ചെറിയാനെതിരെ സിപിഎം നടപടി എടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. എകെ ബാലന്‍ തന്നെ തിരുത്തേണ്ട. താന്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ബാലന്‍ സമ്മേളന പ്രതിനിധി മാത്രമായിരുന്നു. അന്നത്തെ സുധാകരന്‍ തന്നെയാണ് ഇന്നും. രാഷ്ട്രീയത്തില്‍ നിന്നും സ്വത്ത് സമ്പാദിച്ചിട്ടില്ല. അഴിമതിയും കാട്ടിയില്ല. എന്നാല്‍ ബാലന്‍ മാറി പോയെന്നും സുധാകരന്‍ പറഞ്ഞു. തന്നെ ഉപദേശിക്കാനുള്ള അനുഭവ കരുത്തൊന്നും സജി ചെറിയാന്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.
സി.പി.എമ്മില്‍ തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പരസ്യമായി പൊട്ടിത്തെറിച്ച് ജി.സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ആലപ്പുഴയില്‍ പൊളിറ്റിക്കല്‍ 'ഗ്യാങ്ങ്സ്റ്ററിസ'മാണെന്ന് അദ്ദഹം തുറന്നടിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.കെ ഷാജു ഉള്‍പ്പെടെ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരുടെയും നേതൃത്വം നല്‍കുന്നവരുടെയും പേരെടുത്ത് പറഞ്ഞാണ് സ്വകാര്യ ടി.വി ചാനലിലെ സുധാകരന്റെ വെളിപ്പെടുത്തല്‍.'ഞാന്‍ ഫേസ് ബുക്കിലെങ്ങും ഒരാള്‍ക്കെതിരെയും വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഉന്നയിക്കാറില്ല. ഏറ്റവും ഒടുവില്‍ കെ.കെ ഷാജുവിന്റെതാണ് രണ്ട് പോസ്റ്റ്. ഞാന്‍ കോണ്‍ഗ്രസില്‍ പോകാന്‍ പോകുന്നുവെന്നൊക്കെയാണ് പ്രവചനങ്ങള്‍ . ഒരു ജില്ലാ കമ്മിറ്റിയംഗം എനിക്കെതിരെ പോസ്റ്റിടണമെങ്കില്‍ ജില്ലാ നേതൃത്വം അതിന് സമാധാനം പറയണം. കോണ്‍ഗ്രസിലൊക്കെ പോയിട്ട് തിരികെ വന്നയാളാണ് കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചത്. സൈബര്‍ പോരാളികളില്‍ ചിലര്‍ എന്റെ അച്ഛനെയും പരാമര്‍ശിച്ചു. അവസാന കാലത്തും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്തയാളാണ് എന്റെ അച്ഛന്‍. രക്തസാക്ഷിയായ എന്റെ അനുജനെ ഞങ്ങളില്‍ നിന്നങ്ങെടുത്തിട്ട് സ്വന്തമാക്കിയിട്ട് സംസാരിക്കുകയാണ്.കോണ്‍ഗ്രസ് സെമിനാര്‍ നടത്തിയാല്‍ അതില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. ആകെ ഞാന്‍ പോയിട്ടുള്ളത് രണ്ട് സെമിനാറിനാണ് .മന:പൂര്‍വം അമ്പലപ്പുഴയിലെ ഒരു നേതാവിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി സംസ്‌കാര ശൂന്യമായ പ്രവര്‍ത്തനമാണ് നടക്കുന്നത്- സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഉപദേശവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തു വന്നത്.
സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. പ്രശ്‌നങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ തയാറാണ്. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കില്ല. അതൊക്കെ പാര്‍ട്ടി താക്കീതു ചെയ്ത് നിര്‍ത്തും. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന ജി.സുധാകരന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സുധാകരനും കടുത്ത പ്രതികരണവുമായി രംഗത്ത് വരുന്നത്. ഇതിനൊപ്പമാണ് എകെ ബാലനെതിരായ വിമര്‍ശനവും.
സുധാകരനെ വിമര്‍ശിച്ചതിന്റെ പേരില്‍ തന്നെ എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു ബാലന്റെ പ്രതികരണം. എസ്എഫ്‌ഐ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ സുധാകരന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് പലതവണ കടന്നു വന്നതിനെയാണ് താന്‍ വിമര്‍ശിച്ചത്. കോട്ടയത്ത് ഒഴിവാക്കപ്പെട്ടെങ്കിലും അടുത്ത കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലെത്തി. കാലം തന്നില്‍ മാറ്റമുണ്ടാക്കിയെന്നും എന്നാല്‍ സുധാകരന് മാറ്റമില്ലെന്നും എ.കെ.ബാലന്‍ പറഞ്ഞിരുന്നു. ഇതിനെയാണ് സുധാകരനും വിമര്‍ശിക്കുന്നത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിലായിരുന്നു ഇക്കാര്യം ബാലന്‍ പറഞ്ഞത്. '' കോട്ടയം സമ്മേളനത്തിലെ എന്റെ പ്രസംഗവും ചില പരാമര്‍ശങ്ങളും വിവാദമായി. ജി. സുധാകരനെതിരായ ചില പരാമര്‍ശങ്ങള്‍ എന്റെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ പുതിയ പാനലില്‍ നിന്ന് എന്നെ ഒഴിവാക്കി. സമ്മേളനം കഴിഞ്ഞ് പിരിയുന്നതിനു മുന്‍പ് ജി.സുധാകരനെ കണ്ടു ഞാന്‍ പറഞ്ഞു 'അടുത്ത സമ്മേളനത്തില്‍ എന്നെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പറ്റാത്ത സ്ഥാനം വഹിച്ചുകൊണ്ട് ഞാന്‍ വരും'. സമ്മേളനം പ്രസിഡന്റായി സഖാവ് കോടിയേരിയേയും സെക്രട്ടറിയായി സഖാവ് ജി.സുധാകരനെയും തിരഞ്ഞെടുത്തു. ഈ തീരുമാനത്തോട് സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. പ്രതിഷേധ മുദ്രാവാക്യമുയര്‍ന്നു. അവസാനം ഇഎംഎസ് തന്നെ രംഗത്തു വന്നു. പ്രതിനിധികളെ അഭിസംബോധന ചെയ്തു. അന്തരീക്ഷം സാധാരണ നിലയിലായി-ബാലന്‍ കുറിച്ചു.
ഇഎംഎസ് പറഞ്ഞു, 'പ്രതിനിധികളാണ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്; പ്രതിനിധികളല്ല. അത് അംഗീകരിക്കണം'. ചുരുക്കത്തില്‍ ഇഎംഎസിന് വളരെ അസ്വസ്ഥത ഉണ്ടാക്കിയ സമ്മേളനമായിരുന്നു എസ്എഫ്‌ഐയുടെ മൂന്നാം സംസ്ഥാന സമ്മേളനം. സുധാകരനെ ഞാനിപ്പോഴും ബഹുമാനിക്കുന്നു. വി.എസ്, പിണറായി മന്ത്രിസഭകളില്‍ ഞാനും സുധാകരനും മന്ത്രിമാരായിരുന്നു. വലിയ വ്യക്തിബന്ധമായിരുന്നു. കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി.സുധാകരന്‍ പഴയ ജി.സുധാകരന്‍ തന്നെയാണ്; മാറ്റമില്ല''.-ഇതാണ് ബാലന്റെ അഭിപ്രായ പ്രകടനം.