ആലപ്പുഴ: തെരഞ്ഞെടുപ്പു കാലത്ത് സിപിഎം നടത്തുന്ന ക്രമക്കേടുകളെ കുറിച്ച് പതിവായി വാര്‍ത്ത വരാറുണ്ട്. ഒരു കാലത്ത് ബൂത്ത് പിടുത്തം അടക്കം പതിവായിരുന്നു. പാര്‍ട്ടിഗ്രാമങ്ങളില്‍ കള്ളവോട്ടുകള്‍ അടക്കം സജീവമായിരുന്നു താനും. ഇപ്പോഴിതാ സിപിഎം തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്ന രീതിയെ കുറിച്ച് ഒരു മുതിര്‍ന്ന നേതാവ് തുറന്നു പറഞ്ഞിരിക്കുന്നത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി ജി.സുധാകരന്‍ വെളിപ്പെടുത്തിയത്. ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരന്‍ വെളിപ്പെടുത്തിയത്.

സുധാകരന്റെ വാക്കുകള്‍: ''സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15% ദേവദാസിന് എതിരായിരുന്നു''.

1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമര്‍ശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്. കുറച്ചുകാലമായി സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജി സുധാകരന്‍. കഴിഞ്ഞ ദിവസം വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഓഫിസിലെത്തി മോചിപ്പിച്ച കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ചു അദ്ദേഹം രംഗത്തുവന്നിരുന്നു.

എംഎല്‍എ കാണിച്ചത് പ്രമാണിമാരുടെ സംസ്‌കാരമാണെന്ന് മുന്‍ മന്ത്രി ജി.സുധാകരന്‍. 'താന്‍പ്രമാണിത്തവും അഹങ്കാരവും സമൂഹം അംഗീകരിക്കില്ല. ഇവിടെ നക്‌സലുകള്‍ വീണ്ടും വരുമെന്നാണ് സിപിഎം എംഎല്‍എ വനംവകുപ്പ് ഓഫിസില്‍ കയറി പറഞ്ഞത്. സിപിഎമ്മിന്റെ നയം തീവ്രവാദത്തിനെതിരാണ്. എംഎല്‍എ പഠിച്ചത് കമ്യൂണിസ്റ്റ് പുസ്തകമല്ല, വേറെ പുസ്തകമാണ്. നില്‍ക്കുന്നത് കമ്യൂണിസ്റ്റിനൊപ്പവും. ഇടതുപക്ഷക്കാരില്‍ നിന്ന് ജനങ്ങള്‍ അഹങ്കാരം പ്രതീക്ഷിക്കുന്നില്ല.' വിനയത്തോടെ, ഉറച്ച നിലപാടോടെ പ്രവര്‍ത്തിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.