കോട്ടയം: ആഗോള അയ്യപ്പസംഗമത്തെ പിന്തുണയ്ക്കുകയും, എല്‍ഡിഎഫ് സര്‍ക്കാരിനോട് ചായ് വ് കാട്ടുകയും, കോണ്‍ഗ്രസിനെയും, ബിജെപിയെയും വിമര്‍ശിക്കുകയും ചെയ്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടില്‍ ഒരുവിഭാഗം സമുദായാംഗങ്ങള്‍ക്ക് കടുത്ത പ്രതിഷേധം. ഈ പശ്ചാത്തലത്തില്‍, എന്‍എസ്എസിന്റെ നിലപാടുകള്‍, ജി. സുകുമാരന്‍ നായര്‍ ശനിയാഴ്ച എന്‍.എസ്.എസ് ആസ്ഥാനത്ത് ചേരുന്ന പൊതുയോഗത്തില്‍ വിശദീകരിക്കും. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചതിന്റെ കാരണങ്ങള്‍ സമുദായ അംഗങ്ങളെ ബോധ്യപ്പെടുത്താനാണ് യോഗം ചേരുന്നത്.

സര്‍ക്കാരിന് പിന്തുണ നല്‍കിയതിന് പിന്നാലെ എന്‍.എസ്.എസില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സുകുമാരന്‍ നായരുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും, ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ജി. സുകുമാരന്‍ നായരുടെ നടപടി വീണ്ടുവിചാരമില്ലാത്തതാണെന്നും, വ്യക്തിപരമായ അഭിപ്രായമായി ഇതിനെ കണക്കാക്കുമെന്നും കണയന്നൂര്‍ കരയോഗം ഭാരവാഹികള്‍ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്ന് സുകുമാരന്‍ നായര്‍

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ല നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടുകളെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഒരു സാമൂഹിക സംഘടന എന്ന നിലയിലാണ് സര്‍ക്കാരുമായി സഹകരിക്കുന്നതെന്നും അദ്ദേഹം ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും കൂടിക്കാഴ്ചക്ക് അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റുകളുണ്ടായാല്‍ എന്‍.എസ്.എസ്. അത് ചൂണ്ടിക്കാണിക്കുമെന്നും എന്നാല്‍ ശരിയായ കാര്യങ്ങളെ അംഗീകരിക്കുമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു. പണം കൊടുത്താല്‍ ആര്‍ക്കും പേരില്ലാതെ ബാനറുകള്‍ സ്ഥാപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പത്തനംതിട്ട വെട്ടിപ്പുറം കരയോഗ കെട്ടിടത്തിന് മുന്നില്‍ സുകുമാരന്‍ നായരെ വിമര്‍ശിച്ച് ബാനര്‍ ഉയര്‍ന്നിരുന്നു. 'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട് 'എന്നായിരുന്നു ബാനറിലെ പരാമര്‍ശം. ആരാണ് ബാനര്‍ സ്ഥാപിച്ചതെന്നതിനെക്കുറിച്ച് വ്യക്തതയില്ല.

സമാനമായ രീതിയില്‍ പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫീസിന് സമീപത്തും പുതിയ ബാനര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് ശനിയാഴ്ചത്തെ പൊതുയോഗം ഏറെ ശ്രദ്ധേയമാകുന്നത്. സര്‍ക്കാരിനോടുള്ള എന്‍.എസ്.എസിന്റെ നിലപാട് സംബന്ധിച്ച ആശങ്കകള്‍ക്ക് അദ്ദേഹം വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്‍എസ്എസ് കരയോഗ അംഗത്വം രാജി വച്ച് നാലംഗ കുടുംബം

ജി സുകുമാരന്‍ നായരുടെ നിലപാടില്‍ പ്രതിഷേധം അറിയിച്ച് നാലംഗ കുടുംബം കഴിഞ്ഞ ദിവ,ം എന്‍.എസ്.എസ്. അംഗത്വം രാജിവച്ചിരുന്നു. ചങ്ങനാശ്ശേരി പുഴവാതില്‍ സ്വദേശി ഗോപകുമാര്‍ സുന്ദരന്‍, ഭാര്യ അമ്പിളി, മക്കളായ ആകാശ്, ഗൗരി എന്നിവരാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്.

ജി. സുകുമാരന്‍ നായരുടെ രാഷ്ട്രീയ ചായ്വും പക്ഷപാതപരമായ നിലപാടുകളുമാണ് രാജിക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് രാജിക്കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള അയ്യപ്പ സംഗമത്തിന് ശേഷം അദ്ദേഹം നടത്തിയ സര്‍ക്കാര്‍ അനുകൂല പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. നിലവിലെ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. കൂടാതെ, യു.ഡി.എഫിനെയും ബി.ജെ.പി.യെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് കള്ളക്കളി നടത്തുകയാണെന്നും ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കാതെ ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമം കൊണ്ടുവരുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍.എസ്.എസ്. നാമജപ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നെങ്കിലും കോണ്‍ഗ്രസും ബി.ജെ.പി.യും വിട്ടുനിന്നിരുന്നു. വിശ്വാസികള്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് അവരും പങ്കുചേര്‍ന്നത്. ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ അന്ന് വ്യക്തമാക്കിയിരുന്നു.