കൊട്ടാരക്കര: സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസി രാമാനന്ദ ഭാരതിക്കു നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായുണ്ട്. ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു സ്വാമിക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഗണേഷ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ചത്. ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയെ കാണാനാണ് മന്ത്രി എത്തിയത്.

മുതിര്‍ന്ന സ്വാമിക്ക് എതിരായി നിന്ന സ്വാമി രാമാനന്ദ ഭാരതിക്ക് ഇന്നലെ മര്‍ദ്ദനമേറ്റെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം അക്രമി മര്‍ദ്ദിക്കുകയായിരുന്നു എന്നു പറഞ്ഞ് സ്വാമി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നാലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

ആശ്രമത്തില്‍ സ്വാമിയുടെ താമസ സ്ഥലത്തെത്തിയ അക്രമി കതക് പൊളിച്ച് അകത്തുകടന്നു, ശബ്ദംകേട്ടെത്തിയ സ്വാമിയുടെ മുഖത്തെ കണ്ണാടി തട്ടിക്കളഞ്ഞശേഷം മുളകുപൊടി മുഖത്തേക്ക് എറിഞ്ഞു. കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തും മുതുകത്തുമടക്കം മര്‍ദ്ദിച്ചുവെന്നാണ് സ്വാമി പൊലീസിന് നല്‍കിയ പരാതി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായുണ്ട്. ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ആശ്രമത്തിലെ സന്യാസിമാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. സ്വാമി രാമാനന്ദ ഭാരതി അടുത്ത മഠാധിപതി ആകാന്‍ സാദ്ധ്യതയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എതിര്‍ ചേരിയില്‍ ഉള്ളവരുടെ അറിവോടെയാണ് അക്രമമെന്നും ആരോപണമുണ്ട്. എന്നാല്‍ രാമാനന്ദ ഭാരതിയെ ആക്രമിച്ചുവെന്നത് വ്യാജ പരാതിയാണെന്നും നിജസ്ഥിതി അന്വേഷിക്കണെന്നും ആവശ്യപ്പെട്ട് ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇതിനിടെയാണ് മന്ത്രിയും സ്ഥലത്ത് എത്തിയത്. മന്ത്രി സ്ഥലത്ത് എത്തിയപ്പോള്‍ രാമാനന്ദ ഭാരതിയുടെ അനുയായി ആണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതോടെയാണ് ഗണേഷ്‌കുമാര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ബാറിലെ കറിക്കാരനായിരുന്ന അങ്ങാണോ സന്യാസിയെന്നാണ് ഗണേഷ് ചോദിച്ചത്. ഗായത്രീ മന്ത്രം ചൊല്ലാന്‍ അറിയുമോ എന്നു ചോദിച്ചതോടെ അതും അറിയില്ലായിരുന്നു. കുറച്ചുകാലം മുമ്പ് ചിക്കന്‍കറി എങ്ങനെ വെക്കാമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റു ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം ജനങ്ങള്‍ മനസ്സിലാക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി? സന്ന്യാസിക്ക് ഇനി മിനിമം യോഗ്യത വേണ്ടെയെന്നു ഗണേഷ് ചോദിച്ചു.

സദാനന്ദപുരം ആശ്രമത്തിലെ അന്തേവാസികള്‍ ആരൊക്കയാണെന്നും മന്ത്രി തിരക്കി. കൃത്യമായ അന്വേഷണം നടത്തണമെന്നും ആശ്രമവുമായി ബന്ധപ്പെട്ട ആളുകളല്ലാത്തവരെ പൊലീസ് ഇടപെട്ട് ആശ്രമത്തില്‍ നിന്ന് പുറത്താക്കണെമന്നും മന്ത്രി ഡിവൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി. ആശ്രമവുമായി റോളില്ലാത്ത എല്ലാവരെയും പുറത്താക്കണം. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും മന്ത്രി നിര്‍ദേശിച്ചു. മുതിര്‍ന്ന സ്വാമിയെ തിരുവനന്തപുരത്തു കൊണ്ടുപോയി ഹണി ട്രാപ്പില്‍ കുടുക്കാനാണ് ശ്രമിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട ഓഡിയോ തന്റെ പക്കല്‍ ഉണ്ട്. ഒരു സിനിമാ താരത്തിന്റെ അമ്മയുടെ കൂടി ഡ്രൈവറും പാചകക്കാരനുമായി നിന്ന ഒരാളാണ് സ്വാമിയായി ധീക്ഷ സ്വീകരിച്ചതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.