ആലപ്പുഴ: വെറും അഞ്ചാം വയസിൽ വയലിൻ കയ്യിലെടുത്ത് ഇപ്പോൾ കേരളത്തിലെ തന്നെ അതുല്യപ്രതിഭയായി വളർന്ന കൊച്ചുകലാകാരിയാണ് പ്രശസ്ത വയലിനിസ്റ്റ് ഗംഗാശശിധരന്. കുട്ടിക്കാലം മുതലേ ഈ കൊച്ചുമിടുക്കിയ്ക്ക് വയലിൻ പഠിക്കുക എന്നത് വലിയ ആഗ്രഹമായിരിന്നു. ഇപ്പോൾ അന്തരിച്ച ബാലഭാസ്‌ക്കർ എന്ന അതുല്യകാലാകാരൻ വയലിനിൽ സംഗീതത്തിന്റെ മായാപ്രപഞ്ചം തീർത്തതിന് ശേഷം അതെ വാദ്യോപകരണത്തിൽ മലയാളി സംഗീത പ്രേമികളുടെ മനസ് കീഴടക്കി കൊണ്ടിരിക്കുന്ന അതുല്യ കലാകാരിയാണ് ഗംഗശശിധരൻ. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ഒരു ക്ഷേത്ര പരിപാടിക്ക് പോയപ്പോൾ ഈ കൊച്ചുകലാകാരി നേരിട്ടത് വലിയൊരു ദുരനുഭവമാണ്. ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

ആലപ്പുഴ കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിൽ വെച്ചാണ് സംഭവം നടന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും അനീതിയാണ് നടന്നത്. കലാകാരി മറുത മലൈ എന്ന ഭക്തി ഗാനം വായിച്ചുതീർക്കുന്നതിന് മുൻപായി തന്നെ പരിപാടി നിർത്തണം എന്ന്‌ ആവശ്യപ്പെട്ട് പോലീസ് രംഗത്ത് വരുകയായിരുന്നു. രാത്രി കൃത്യം 10;30 കഴിഞ്ഞപ്പോൾ തന്നെ പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഭക്തിസാന്ത്രമായി തുടങ്ങിയ ഗാനം ഈ കൊച്ചുകലാകാരിക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു.

പിന്നാലെ ഗാനം പൂർത്തിയാക്കാതെ സ്റ്റേജിൽ നിന്നും ഇറങേണ്ടി വന്നു. സംഭവത്തിന് പിന്നാലെ പോലീസിന് നേരെ ഉത്സവ പറമ്പിൽ നാട്ടുകാരുടെ വലിയ പ്രതിഷേധം ഉണ്ടായിരിന്നു. ബാർ പതിനൊന്ന് മണി വരെ ഉണ്ടെന്നും. ദേ..ഇപ്പോ ആലപ്പുഴയിൽ തുടങ്ങിയിട്ടുണ്ട് നൈറ്റ് വൈബ് എന്ന് പറഞ്ഞ് അതിനൊന്നും കുഴപ്പമില്ലേ. അമ്പലത്തിൽ ഒരു കൊച്ചു കലാകാരി പാടുന്നതാണ് ഇവർക്ക് കുഴപ്പം എന്നും നാട്ടുകാർ ആരോപിക്കുന്നു.

എന്നാൽ അതിനുശേഷം ഗംഗ എന്ന കൊച്ചുമിടുക്കിയക്ക് ലഭിച്ച പിന്തുണ കലാകേരളത്തിൽ സംഗീത പ്രേമികളുടെ സ്നേഹത്തിന്റെ കരുതൽ ആയിരിന്നു. ഇനിയും മുന്നോട്ടുള്ള സംഗീത ജീവിതത്തിൽ എല്ലാ ഉയരങ്ങളും കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും നാട്ടുകാർ പറയുന്നു.

അതേസമയം, അഞ്ചാം വയസ്സിൽ തന്നെ വയലിനിൽ മികവു തെളിയിച്ച മിടുക്കിയായിരുന്നു ഗംഗ ശശിധരൻ. ഇരുന്നൂറിലേറെ വേദികളിൽ വയലിൻ കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞു. സംഗീതത്തിലെ പ്രതിഭകൾ പോലും ഗംഗയ്ക്ക് അനുമോദനങ്ങളുടെ പൂച്ചെണ്ടു നൽകുന്നു. കഴിവുകൊണ്ടു പ്രായത്തെ മറികടന്ന നല്ലൊരു കലാപ്രതിഭയാണ് ഈ കൊച്ചുമിടുക്കി. വയലിൻ പഠിക്കണമെന്ന മോഹവുമായി മലപ്പുറം വളയംകോടു നിന്നുള്ള ഗംഗ ശശിധരൻ എത്തിയത് ആകാശവാണിയിലെ എ ടോപ് ആർട്ടിസ്റ്റായ സി.എസ്. അനുരൂപ് മാഷിന്റെ മുന്നിൽ. അഞ്ചു വയസ്സു മാത്രമുള്ള ഗംഗക്കുട്ടിയെ കണ്ട പാടേ മാഷ് പറഞ്ഞു, ‘കുട്ടിയല്ലേ, കുറച്ചു പൊങ്ങട്ടെ എന്നിട്ടു പഠിപ്പിക്കാം.’

സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു കൊടുത്ത അമ്മയെ മനസ്സിൽ ധ്യാനിച്ചു ഗംഗക്കുട്ടി വയലിൻ കയ്യിലെടുത്തു. പിന്നെ ഒരൊറ്റ കാച്ചൽ, ‘രാരവേണു ഗോപബാല...’ അനുരൂപ് മാഷ് ഫ്ലാറ്റ്. അടുത്ത ‍ഞായറാഴ്ച മുതൽ ഗംഗക്കുട്ടി മാഷിന്റെ കീഴിൽ വയലിൻ പഠിച്ചു തുടങ്ങി. വയലിൻ കയ്യിലെടുത്താൽ ആരെയും ഇങ്ങനെ ഫ്ലാറ്റാക്കുന്ന മിടുക്കിയാണു മലപ്പുറം അയിരൂർ എയുപിസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയായ ഗംഗ ശശിധരൻ. രാര വേണു മുതൽ കടുകട്ടി കീർത്തനങ്ങൾ വരെ ‘പുഷ്പം പോലെ’ വായിക്കും ഗംഗക്കുട്ടി. സോഷ്യൽമീഡിയയിൽ ലക്ഷങ്ങളാണ് ഗംഗയുടെ ആരാധകർ.

മലപ്പുറം തൃശൂർ ജില്ലകളുടെ അതിർത്തിയായ വെളിയംകോടാണു ഗംഗക്കുട്ടിയുടെ നാട്. അച്ഛൻ ശശിധരൻ വിദേശത്തു ബിസിനസ് ചെയ്യുന്നു. അമ്മ കൃഷ്ണവേണി ചെറുപ്പത്തിൽ പാട്ടു പഠിച്ചിട്ടുണ്ട്. പ്ലസ്ടുകാരൻ ചേട്ടൻ മഹേശ്വർ നന്നായി കീബോർഡ് വായിക്കും. ഗംഗക്കുട്ടി പിറന്നു വീണതു തന്നെ സംഗീതത്തിലേക്കാണ്.

‘‘മൂന്നര വയസ്സു മുതൽ കർണാടക സംഗീതം പഠിച്ചുത്തു. അമ്മയുടെ ഗുരുവായ വേണുഗോപാൽ സാറിന്റെയടുത്തു നിന്നാണു ആദ്യപാഠങ്ങൾ പഠിച്ചത്. പിന്നെ കൊല്ലം ബാലമുരളി സാറിനു കീഴിലും കണ്ണൻ മാഷിനു കീഴിലും നന്ദകിഷോർ സാറിന്റെയടുത്തും ഒക്കെയായി സംഗീതപഠനം തുടരുന്നു പാട്ടുകച്ചേരി അരങ്ങേറ്റം നടത്തിയിട്ടില്ല, അതിനു മുൻപേ വേദിയിൽ കയറാൻ അവസരം വന്നതു വയലിൽ കച്ചേരിക്കായാണ്. വയലിൻ മാന്ത്രികൻ ബാലഭാസ്കർ മരിക്കുമ്പോൾ എനിക്കു നാലര വയസ്സേ ഉള്ളൂ. അമ്മ ഫോണിൽ ബാലഭാസ്കറിന്റെ വയലിൻ വിഡിയോകൾ കാണിച്ചു തരുമായിരുന്നു. ഒരു ദിവസം വെറുതേ അമ്മയുടെ വയലിൻ എടുത്തു വായിക്കാൻ ശ്രമിച്ചു. അതുകണ്ട് ത്രില്ലടിച്ച അമ്മയാണു സുഹൃത്തായ മിഥുൻ അങ്കിളിനെ വിളിച്ച് എനിക്കു വയലിന്റെ ആദ്യപാഠങ്ങൾ പറഞ്ഞു കൊടുക്കുമോയെന്നു ചോദിച്ചത്. അങ്ങനെ വയലിൻ പഠനം തുടങ്ങി.’’

‘‘പിന്നെ, ഗുരുവായൂരിലെ രാധിക ടീച്ചറിന്റെയടുത്തു വയലിൻ പഠിപ്പിക്കാൻ ചേർത്തു. ചിട്ടയോടെ പഠിച്ചു തുടങ്ങിയ ആ സമയത്താണു സ്വന്തമായി വയലിൻ വാങ്ങിയത്. ആറുമാസത്തിനു ശേഷമാണ് അനുരൂപ് സാറിന്റെയടുത്തു പഠിക്കാൻ അവസരം തേടിയത്. ചെമ്പൈ സംഗീതോത്സവത്തിനു സാർ വയലിനിൽ വായിച്ച ‘കർപ്പഗമേ...’ വിഡിയോ കണ്ട് അപ്പോഴേക്കും സാറിന്റെ ഫാനായിരുന്നു. എല്ലാ ‍ഞായറാഴ്ചയും ഞാനും അമ്മയും കൂടി വെളിയംകോടു നിന്നു ബസിലാണു തൃശൂരിലെ അനുരൂപ് സാറിന്റെ വീട്ടിലേക്കു പോകുന്നത്. രണ്ടര മണിക്കൂർ സമയമെടുക്കും അവിടെയെത്താൻ. ഇതിനിടെ നാട്ടിലെ സ്കൂൾ പരിപാടിയിൽ വയലിൻ വായിച്ചതിനു പിറകേ അമ്പലങ്ങളിലെ പരിപാടികൾക്കു ക്ഷണം കിട്ടി തുടങ്ങി.

കഴിഞ്ഞ വർഷം ഗുരുവായൂരിലെ ഏകാദശി വിളക്കിനാണ് ആദ്യമായി ഒന്നര മണിക്കൂർ വയലിൻ കച്ചേരി നടത്തിയത്. അതിനു പിന്നാലെ മമ്മിയൂർ ക്ഷേത്രത്തിലും വൈക്കത്ത് അമ്പലത്തിലുമൊക്കെ കച്ചേരിക്കു ക്ഷണം കിട്ടി. കച്ചേരിയുമായി ഹൈദരാബാദിലും മുംബൈയിലുമൊക്കെ പോയി.’’ ഇതുവരെ 30 കീർത്തനങ്ങളും 50ലേറെ സിനിമാപാട്ടുകളും വയലിനിൽ വായിക്കുന്ന ഈ പത്തുവയസ്സുകാരി വയലിനിലെ നാദഗംഗയായി മാറുകയാണ്.