- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രക്കിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ മണിക്കൂറുകളെടുത്ത് നടന്ന് പലായനം; തീരദേശ റോഡിലുടെ പതിനായിരങ്ങള്‍ വീടുപേക്ഷിച്ച് നടക്കുന്നു; ടെന്റ് വാങ്ങാനും വന്‍ തുക; യമനിലും ശക്തമായ ആക്രമണം; 'ഗിദെയോന്റെ രഥങ്ങള്‍' ഉരുണ്ടുതുടങ്ങിയപ്പോള്‍ ഗസ്സയില്‍ ചോരയും വിലാപങ്ങളും മാത്രം
ഗസ്സയില്‍ ചോരയും വിലാപങ്ങളും മാത്രം
'ഗിദെയോന്റെ രഥങ്ങള്‍-2'. ഗസ്സ സിറ്റി സമ്പൂര്‍ണ്ണമായി പിടിച്ച്, ഹമാസ് ഭീകരരെ മാളങ്ങളില്‍നിന്ന് പുറത്തെത്തിച്ച് വകവരുത്താനുള്ള ഓപ്പറേഷന് ഇസ്രയേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് ഇട്ടിരിക്കുന്ന പേരാണ് അത്. ബൈബിള്‍ കഥാപാത്രമായ ഗിദെയോന്‍ ഒരു ന്യായാധിപനും ശക്തനായ യോദ്ധാവുമായിരുന്നു. പീഡനത്തില്‍ നിന്ന് ഇസ്രായേലിനെ മോചിപ്പിക്കാന്‍ ദൈവം അവനെ വിളിച്ചുവെന്നാണ് പറയുന്നത്്. പക്ഷേ ഗിദെയോന്റെ രഥങ്ങള്‍ ഗസ്സയിലെത്തിയപ്പോള്‍ എങ്ങും ചോര മാത്രമാണ്. പതിനായിരത്തോളം ഇസ്രയേല്‍ സൈനികര്‍ ഗസ്സക്ക് അകത്തേക്ക് കടന്നു. ശക്തമായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് കേന്ദ്രമെന്ന് സംശയിക്കുന്ന ഓരോയിടത്തും ഇസ്രയേല്‍ ആക്രമിക്കയാണ്.
മൂന്ന് ലക്ഷത്തിലധികം ഫലസ്തീനികള്‍ ഗസ്സ സിറ്റിയില്‍ നിന്ന് ഗസ്സ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തതായി ഐഡിഎഫ് തന്നെ അറിയിച്ചിട്ടുണ്ട്. പാലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി മാത്രം 20,000 പേര്‍ ഗാസ വിട്ടുപോയി. സംശയം തോന്നുന്നിടത്തെല്ലാം, കണ്ണും മൂക്കുമില്ലാതെ ആക്രമിക്കുക എന്ന പരിപാടിയാണ് ഇപ്പോള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഹമാസ് ഗസ്സയിലുടനീളം നിര്‍മ്മിച്ച 1300 ഓളം തുരങ്കങ്ങളില്‍, ആയിരത്തോളം തുരങ്കങ്ങള്‍ അവര്‍ തകര്‍ത്തു കഴിഞ്ഞു. ഗസ്സയുടെ പ്രാന്തപ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചു കഴിഞ്ഞു. ഇപ്പോള്‍ വെറും 25 കിലോമീറ്റര്‍ നീളവും, 20 കിലോമീറ്റര്‍ വീതിയുമുള്ള അല്‍മവാസി, ദേര്‍ അല്‍ബലാ ഭാഗത്തേക്ക് ഗസ്സ നിവാസികളെ ഒതുക്കിയിട്ടുണ്ട്. ഇവിടെയാണ് 15 ലക്ഷം പേര്‍ കഴിയുന്നത്. യുദ്ധത്തിനുശേഷം ഒരു ടെന്റ് സിറ്റിയായി ഈ മേഖല മാറിയിരിക്കയാണ്. ബാക്കിയുള്ള ഗസ്സക്കാര്‍ ഖാന്‍ യൂനിസിലാണ്. 5 ലക്ഷം പേരാണ് ഇവിടെ ജീവിക്കുന്നത്. ഇപ്പോള്‍ ഗസ്സയില്‍ നിന്ന് ഖാന്‍ യൂനുസിലേക്ക് വലിയതോതിലുള്ള പലായനമാണ് നടക്കുന്നത്.
പത്തുമണിക്കുര്‍ യാത്ര; ടെന്റില്‍ താമസം
ഗസ്സയില്‍ കരയാക്രമണം തുടങ്ങിയതോടെ കടുത്ത ദുരിതത്തിലണ് ഫലസ്തീനികളെന്നാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുത്. ഇതുവരെയുള്ള സമ്പാദ്യം മുഴുവന്‍ ഉപേക്ഷിച്ച് ഖാന്‍ യൂനിസ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് ഗസ്സയിലെ ജനങ്ങള്‍. പലായനത്തിന്റെ ദുഃഖകരമായ അനുഭവങ്ങളാണ് ഗസ്സയില്‍ നിന്ന് ബി.ബി.സി വിവരിക്കുന്നത്.
മൂന്ന് മക്കളുടെ അമ്മയായ 32കാരി ലിന-അല്‍-മഗറേബിയാണ് ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നതിന്റെ ദുരിതങ്ങള്‍ വാര്‍ത്താചാനലിനോട് വിശദീകരിച്ചത്. പത്ത് മണിക്കൂര്‍ എടുത്താണ് അവര്‍ ഗസ്സയില്‍ നിന്ന് ഖാന്‍ യൂനിസിലെത്തിയത്. ഇതിന് കൂലിയായി 735 പൗണ്ട് നല്‍കേണ്ടി വന്നു. ടെന്റ് വാങ്ങാനും പണം നല്‍കേണ്ടി വന്നു. ജീവിതസമ്പാദ്യമായ സ്വര്‍ണം വിറ്റാണ് ഇതിനുള്ള പണം കണ്ടെത്തിയത്.
റാഷിദ് തീരദേശ റോഡിലൂടെ മാത്രമാണ് ഗസ്സയില്‍ നിന്നും ജനങ്ങളെ കുടിയൊഴിഞ്ഞ് പോകാന്‍ ഇസ്രായേല്‍ നിലവില്‍ അനുവദിക്കുന്നത്. റോഡില്‍ കടുത്ത ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. വീടൊഴിയാന്‍ വിസമ്മതിച്ചപ്പോള്‍ ഇസ്രായേല്‍ ഈ ആവശ്യം ഉന്നയിച്ചുള്ള ലീഫ് ലെറ്റുകള്‍ വ്യാപകമായി വീട്ടില്‍ വിതറിയെന്നും തുടര്‍ന്ന് പലായനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അഞ്ച് കുട്ടികളുടെ അമ്മയായ 38കാരി നിവിന്‍ ഇമാദ് അല്‍-ദിന്‍ പറഞ്ഞു. വലിയ ട്രക്ക് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഫര്‍ണീച്ചര്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കൊണ്ടു പോകാന്‍ സാധിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചെറിയൊരു ട്രക്ക് വാടകക്കെടുത്ത് പലായനം ചെയ്യുന്നതിന് 3000 പൗണ്ട് വരെയാണ് ചെലവ് വരുന്നത്. അഞ്ച് പേര്‍ക്ക് താമസിക്കാുള്ള ഒരു ടെന്റിന് 840 പൗണ്ടും നല്‍കണം. ട്രക്കിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ പലരും കിലോമീറ്ററുകള്‍ നടന്നാണ് പലായനം നടത്തുന്നത്. ഇതിനും കഴിയാത്തവര്‍ ഇസ്രായേല്‍ ഭീഷണിക്കിടയിലും വീടുകളില്‍ തന്നെ തുടരുകയാണെന്ന് ബിസിസി പറയുന്നു.
യമനിലും ശക്തമായ ആക്രമണം
ഗസ്സക്ക് പിന്നാലെ, ഹൂതികളെ ലക്ഷ്യമിട്ട് യമനിലും ഇസ്രയേല്‍ വലിയ ആക്രമണമാണ് നടത്തുന്നത്. യമനിലെ ഹുദൈദ തുറമുഖം ആക്രമിച്ചത് ഹൂതികള്‍ക്ക് ഏറ്റ വലിയ അടിയാണ്. ഹൂതികളുടെ വ്യോമ, കടല്‍ നീക്കങ്ങളെ തടയുന്നതിനാണ് തുറമുഖം ആക്രമിച്ചതെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. ആക്രമണത്തില്‍ നിരവധി യമന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഹൂതികളുടെ ഉടമസ്ഥതയിലുള്ള അല്‍ മാരിഷ് ടെലിവിഷന്‍ ചാനലാണ് ആക്രമണം സംബന്ധിച്ച് ആദ്യം സ്ഥിരീകരണം നല്‍കിയത്. 12 ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എക്സിലൂടെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ചെങ്കടലിലെ തുറമുഖ നഗരത്തിന് നേരെയുള്ള ഇസ്രായേല്‍ ആക്രമണം.
വരും മണിക്കൂറുകളില്‍ ഹുദൈദ തുറമുഖത്തില്‍ ആക്രമണം നടത്തുമെന്നാണ് ഇസ്രായേല്‍ പ്രതിരോധസേന എക്സിലൂടെ അറിയിച്ചത്. ഹൂതികള്‍ ഇവിടെ സൈനിക പരിപാടികള്‍ നടത്തുന്നുണ്ട്. ഇത് അംഗീകരീക്കാനാവില്ലെന്ന് ഇസ്രായേല്‍ പ്രതിരോധസേന പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷക്കായി ഹുദൈദ തുറമുഖത്തുള്ള ആളുകളും കപ്പലുകളും ഉടന്‍ ഒഴിഞ്ഞ് പോകണമെന്നും പ്രതിരോധസേന അറിയിച്ചു. യമന്‍ തലസ്ഥാനമായ സനായില്‍ ഒരു പത്ര ഓഫിനുമേല്‍ നടന്ന ബോംബാക്രമണത്തില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ വരുന്നുണ്ട്.
22 പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 'സെപ്റ്റംബര്‍' എന്ന പത്രസ്ഥാപനത്തിനു നേര്‍ക്കാണ് ആക്രമണം നടന്നത്. പത്രത്തിന്റെ ഓഫിസ് സമ്പൂര്‍മായി തകര്‍ന്നതായി 'സബാ' വാര്‍ത്താ ഏജന്‍സി പറഞ്ഞു. യമനിലെ ഇറാന്‍ പിന്തുണയുള്ള വിമതരെ ഇസ്രായേല്‍ നിരന്തരം ഉന്നമിട്ടു വരികയാണ്. നിങ്ങള്‍ എവിടെപോയി ഒളിച്ചാലും ഞങ്ങള്‍ പിന്തുടര്‍ന്ന് തീര്‍ക്കുമെന്നാണ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറയുന്നത്.