ഗസ്സ: ഇസ്രയേല്‍ സൈന്യം പിന്‍മാറ്റം തുടങ്ങിയതോടെ ഗസ്സയില്‍ ഹമാസിന്റെ അഴിഞ്ഞാട്ടമെന്ന് റിപ്പോര്‍ട്ട്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, ആയിരക്കണക്കിന് ഹമാസ് തീവ്രവാദികളാണ് യൂണിഫോമും ഇട്ടുകൊണ്ട് തെരുവിലൂടെ കയ്യില്‍ തോക്കുകളുമായി ചാടിവന്നത്. അതുവരെയും ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കയായിരുന്നു അവരെന്ന് വ്യക്തം. ഗസ്സയില്‍ ഹമാസും പ്രാദേശിക ഗോത്രങ്ങളും തമ്മിലും വലിയ സംഘര്‍ഷം നടക്കുന്നുണ്ട്. ഇതില്‍ 30ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബിബിസിയും ജറുസലേം പോസ്റ്റുമൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗസ്സയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗിക പിന്‍മാറ്റത്തിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ദുഗമുഷ് ഗോത്രത്തിലെ സായുധരായ അംഗങ്ങളുമായിട്ടാണ് ഹമാസ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. ഗസ്സ നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം മുഖംമൂടി ധരിച്ച ഹമാസ് ആയുധധാരികള്‍ ഗോത്ര പോരാളികളുമായി വെടിവയ്പ്പ് നടത്തിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷത്തില്‍ തങ്ങളുടെ എട്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഗ്മുഷ് ഗോത്രത്തിലെ 19 അംഗങ്ങളും കൊല്ലപ്പെട്ടു.

തെക്കന്‍ ഗാസ സിറ്റിയിലെ തല്‍ അല്‍-ഹവാ പരിസരത്ത്, ദുഗ്മുഷ് അംഗങ്ങള്‍ തമ്പടിച്ചിരുന്ന ഒരു പാര്‍പ്പിട സമുച്ചയം ആക്രമിക്കാന്‍ 300-ല്‍ അധികം വരുന്ന ഹമാസ് സേനാംഗങ്ങള്‍ നീങ്ങിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗസ്സയിലെ ഏറ്റവും പ്രമുഖ ഗോത്രങ്ങളിലൊന്നായ ദുഗമുഷ്് ദീര്‍ഘകാലമായി ഹമാസുമായി സംഘര്‍ഷത്തിലാണ്. ഈ ഗോത്രത്തിലെ അംഗങ്ങള്‍ മുന്‍പും പലതവണ ഹമാസുമായി ഏറ്റുമുട്ടിയിട്ടുണ്ട്.

തങ്ങള്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിരോധത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ഏതൊരു സായുധ പ്രവര്‍ത്തനവും കര്‍ശനമായി നേരിടുമെന്നും ഹമാസ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലി ആക്രമണത്തില്‍ അല്‍-സബ്ര പരിസരത്തെ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ദുഗമുഷ് ഗോത്രത്തിലുള്ളവര്‍ മുന്‍പ് ജോര്‍ദാനിയന്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന ഒരു കെട്ടിടത്തിലേക്ക് താമസം മാറ്റിയത്. അവിടെ ഹമാസിന് ഒരു പുതിയ താവളം സ്ഥാപിക്കുന്നതിനായി തങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെങ്ങനെ?

ഗോത്രങ്ങള്‍ക്ക് പുറമേ, സ്വകാര്യ സുരക്ഷാ സേനകളും ഹമാസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായിരുന്നു. ഗസ്സയിലെ സമ്പന്നര്‍ എന്നും ഹമാസിന് എതിരായിരുന്നു. അവരുടെ മിലീഷ്യയും ഹമാസുമായി ഏറ്റുമുട്ടുകയാണ്്. ഹമാസ് അധികാരത്തില്‍ വന്നാല്‍ തങ്ങളുടെ സ്വത്തുവകള്‍ കൊള്ളയടിക്കപ്പെടുമെന്നാണ് ഇവര്‍ പറയുന്നത്.

നേരത്തെ ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ ആക്രമണം നടന്നപ്പോള്‍ അള്ളാഹുഅക്ബര്‍ വിളിച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിച്ച് വീഡിയോ ചെയ്ത, സാലിഹ് അല്‍ ജാഫറാവിയും കൊല്ലപ്പെട്ടത് ഹമാസും ഗോത്രങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ ആണെന്നാണ് വിവരം. എന്നാല്‍ കേരളത്തില്‍ അതും ഇസ്രയേലിന്റെ അക്കൗണ്ടിലാണ് വരുന്നത്. 'യുദ്ധം അവസാനിച്ചു, ബോംബാക്രമണമൊന്നും ഇനിയുണ്ടാകില്ല, നീ ഭയപ്പെടേണ്ട' എന്ന് വെടിനിര്‍ത്തലിനെക്കുറിച്ച് തന്റെ പൂച്ചയോട് സാലിഹ് അല്‍ ജാഫറാവി പറയുന്ന വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം മരിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ വന്നതിനുശേഷം തങ്ങള്‍ ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്.




വെടിനിര്‍ത്തല്‍ വന്നതോടെ ഗാസ സിറ്റിയുടെ പല ഭാഗങ്ങളും വീണ്ടും ഹമാസിന്റെ പിടിയിലേക്ക് പോവുകയാണെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആയിരക്കണക്കിന് ഹമാസ് തീവ്രവാദികള്‍ യൂണിഫോമും ഇട്ടുകൊണ്ട് തെരുവിലൂടെ കയ്യില്‍ തോക്കുകളുമായി ചാടിവന്നത് ഏവരെയും അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഇത് തന്നെയാണ് ഇസ്രയേല്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്നത്.

യുദ്ധം നടക്കുമ്പോള്‍ സാധാരണ വേഷത്തില്‍ സാധാരണക്കാരെ പോലെ ജനങ്ങളുടെ ഇടയില്‍ അവര്‍ ഉണ്ടായിരുന്നു. സമാധാനം ഉണ്ടാകുമ്പോള്‍ മാത്രം അവര്‍ യൂണിഫോം എടുത്തണിയുന്നു. ഇതേ മനുഷ്യര്‍ യൂണിഫോം ഇല്ലാതെ കൊല്ലപ്പെട്ടാല്‍ അപ്പോള്‍ അത് സാധാരണക്കാരന്റെ തലയ്ക്കു നോക്കി വെടിവെക്കുന്ന ഇസ്രായേലില്‍ പട്ടാളത്തിന്റെ നൃശംസമായ വംശഹത്യയായിട്ടാണ് ചിത്രീകരിക്കപ്പെടുക.