- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം ജിയോളജിക്കല്‍ സര്‍വേ നല്‍കിയത് പച്ച അലേര്‍ട്ട്; എഐ സഹായത്തോടെയുള്ള മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ജിയോളജിക്കല്‍ സര്‍വേ ഉരുള്‍ പൊട്ടല്‍ മുന്നറിയിപ്പ് നല്കുന്നതില് പരാജയപ്പെട്ടോ?ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 30-നും 31-നുമുള്ള മുന്നറിയിപ്പില്‍ പച്ച അലേര്‍ട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്തു.
ജൂലൈ 30 ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി. ഇതേ ദിവസം ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30നും 31നും ഉള്ള മുന്നറിയിപ്പില്‍ പച്ച അലേര്‍ട്ട് ആണ് നല്‍കിയത്. പച്ച എന്ന ചെറിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ ഉണ്ടാകുവാന്‍ ഉള്ള സാധ്യത എന്നാണ് അര്‍ത്ഥം.
ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമാണ് എന്നത് കണക്കിലെടുത്ത് പത്തുദിവസം മുന്‍പാണ് വയനാട്ടില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം സ്ഥാപിച്ചത്. എന്നാല്‍ ഈ സംവിധാനം അവശ്യഘട്ടത്തില്‍ ഉപകരിച്ചില്ലെന്നാണ് ആക്ഷേപം.
ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എഐ) സഹായത്തോടെയുള്ള അത്യാധുനിക സംവിധാനമാണ് അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ പുരോഗമിക്കുന്ന പരിഷ്കരണ നടപടികള്‍ കാരണം മുണ്ടക്കൈയില്‍ ഉണ്ടായ ദുരന്തം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം പ്രയോജനപ്പെട്ടില്ല. പ്രവചനത്തിന്റെ കൃത്യതയും കാര്യക്ഷമതയും കുറെ കൂടി മെച്ചപ്പെടുത്തിയാല്‍ മാത്രമേ കൃത്യമായ പ്രവചനം സാധ്യമാകൂ.
ജൂലൈ 19ന് കേന്ദ്ര കല്‍ക്കരി മന്ത്രി ജി കിഷന് റെഡ്ഡിയാണ് വയനാട്ടിലെ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. കൊല്‍ക്കത്തയിലെ ജിഎസ്ഐ ആസ്ഥാനത്ത് സ്ഥാപിച്ച ദേശീയ മണ്ണിടിച്ചില്‍ പ്രവചന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടൊപ്പമാണ് വയനാട് യൂണിറ്റും അവതരിപ്പിച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അപകട മുന്നറിയിപ്പ് മുന്‍കൂട്ടി നല്‍കുന്നതിനാണ് കൊല്‍ക്കത്തയില്‍ പുതിയ കേന്ദ്രം തുടങ്ങിയത്. പശ്ചിമഘട്ടവും ഹിമാലയന്‍ പ്രദേശവും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ലകളായ വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുണ്ടക്കൈയുടെ മുകള്‍ പ്രദേശങ്ങള്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതാണെന്ന് ജിഎസ്ഐ വിലയിരുത്തിയിരുന്നു.