വണ്ടന്മേട്: ഏലം കൃഷിക്കായി പാട്ടത്തിന് നല്കിയ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ലക്ഷങ്ങളുടെ കരിങ്കല്ല് പൊട്ടിച്ച് കടത്തിയിട്ടും അധികൃതര്‍ അറിഞ്ഞില്ലെന്ന് ആരോപണം. കട്ടപ്പന, വണ്ടന്മേട് വില്ലേജുകളില്‍ ഉള്‍പ്പെട്ടു വരുന്ന കറുവാ കുളത്താണ് സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മാസങ്ങളോളം വന്‍ തോതില്‍ പാറ പൊട്ടിച്ച് കടത്തിയതെന്നാണ് പരാതി.

രാപകല്‍ ഭേദമില്ലാതെ ഖനനം നിര്‍ബാധം തുടര്‍ന്നെങ്കിലും ബന്ധപ്പെട്ടവര്‍ കണ്ട ഭാവം നടിച്ചില്ലെന്നാണ് ആക്ഷേപം. ഒടുവില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്കിയതോടെ ജിയോളജി, റവന്യു വകുപ്പുകള്‍ തിടുക്കപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കി തലയൂരി. കഴിഞ്ഞ ഏഴ് മാസമായി വലിയ തോതില്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇവിടെ നിന്നും ധാതുകള്‍ രാത്രികാലങ്ങളിലായിരുന്നു കടത്തിയിരുന്നതെന്നുമാണ് വിവരം

ഏതാനും മാസം മുമ്പ് മതിയായ രേഖകളില്ലാതെ കടത്തിയ കല്ലും വാഹനവും കട്ടപ്പനയില്‍ ജിയോളജി അധികൃതര്‍ പിടികൂടിയിരുന്നു. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് നടപടിയെടുക്കാതെ വിട്ടു നല്‍കേണ്ടി വന്നതായും പറയുന്നു. ഏലം കൃഷിക്കായി തമിഴ്നാട് സ്വദേശിനി സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.

ആദ്യ കാലത്ത് വണ്ടന്മേട് വില്ലേജ് പരിധിയിലായിരുന്നു ക്വാറിയുടെ പ്രവര്‍ത്തനം. കുത്തക പാട്ട ഭൂമിയില്‍ നിന്ന് അനധികൃതമായി പാറ പൊട്ടിച്ച് കടത്തുന്നതായി വിവരം ലഭിച്ചതോടെ വണ്ടന്മേട് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കി. ഇതോടെ ഉള്‍വലിഞ്ഞ സംഘം ഏതാനും നാളുകള്‍ക്ക് ശേഷം കട്ടപ്പന വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് വീണ്ടും ഖനനം ആരംഭിക്കുകയായിരുന്നു.

എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി: സന്തോഷ് കുമാര്‍ അനധികൃത ഖനനം സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജിയോളജി വകുപ്പ് കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തി പൊട്ടിച്ച് കടത്തിയ പാറയുടെ അളവ് തിട്ടപ്പെടുത്തിയിരുന്നു. ഖനനം നടത്തിയ സ്ഥലത്തിന്റെ സ്‌കെച്ചും സര്‍വേ നമ്പരും ആവശ്യപ്പെട്ട് ജിയോളജിസ്റ്റ് കട്ടപ്പന വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്കിയപ്പോള്‍ മാത്രമാണ് തങ്ങളുടെ പരിധിയിലെ അനധികൃത ഖനനം വില്ലേജ് അധികൃതര്‍ അറിയുന്നത്.

ഉള്‍പ്രദേശമായതിനാല്‍ തങ്ങള്‍ പരിശോധനകള്‍ നടത്തിയിരുന്നില്ലെന്ന വിചിത്രമായ മറുപടിയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍ നല്കുന്നത്. സര്‍ക്കാര്‍ ഭൂമികളിലെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് മൂന്ന് മാസത്തിലൊരിക്കല്‍ വില്ലേജ് അധികൃതര്‍ സര്‍ക്കാര്‍ ഭൂമിയുടെ സര്‍വെ അടയാളങ്ങള്‍ പരിശോധിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത്തരം പരിശോധനകള്‍ ഇല്ലാത്തതും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്നുവെന്നാണ് ആക്ഷേപം.