കോട്ടയം: കുടുംബത്തിലെ സ്വത്ത് തര്‍ക്കം അരുംകൊലയില്‍ കലാശിച്ച സംഭവമാണ് കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടായത്. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് രക്തബന്ധമുള്ള രണ്ട് പേരെ പ്രതി ജോര്‍ജ്ജ് കുര്യന്‍ കൊന്നു തള്ളിയത്. അരുംകൊല നടത്തിയ പ്രതി കേസില്‍ ഇങ്ങോട്ട് മുഴുവന്‍ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. താനാരെയും കൊന്നിട്ടില്ലെന്നായിരുന്നു ഇയാളുടെ വാദം. കുറ്റസമ്മതമോ കുറ്റബോധമോ ഇല്ലാതെ ഞാന്‍ നിരപരാധിയാണ് കുറ്റം ചെയ്തിട്ടില്ലെന്ന് നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കേസില്‍ കോടതിലും താന്‍ തെറ്റുകാരനല്ലെന്ന വാദം ഇയാള്‍ ഉന്നയിച്ചെങ്കിലും കോടതി തള്ളി.

ജോര്‍ജ്ജ് കുര്യനെ ഇരട്ടജീവപര്യന്തം ശിക്ഷിച്ച വിധിയില്‍ പൂര്‍ണ തൃപ്തരാണെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ ടി.എസ് അജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വധശിക്ഷ നല്‍കാത്ത സാഹചര്യത്തില്‍ പ്രതിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതുകൂടാതെ 449-ാം വകുപ്പ് അനുസരിച്ച് ഭവനഭേദനത്തിന് ആറുവര്‍ഷവും ആളുകളെ ഭീഷണിപ്പെടുത്തിയതിന് രണ്ടുകൊല്ലവും ആയുധ നിയമമനുസരിച്ച് മൂന്ന് മാസത്തിനും ശിക്ഷിച്ചു.

ഇങ്ങനെ എട്ടുവര്‍ഷവും മൂന്ന് മാസവുമുള്ള ശിക്ഷ ആദ്യം അനുഭവിക്കണം. ഒന്നിന് പിറകേ ഒന്നായി അനുഭവിക്കണം. അതിന് ശേഷമാണ് ഇരട്ടജീവപര്യന്തം അനുഭവിക്കേണ്ടത്. ഇതുകൂടാതെ 20 ലക്ഷം പിഴയായി ചുമത്തിയിട്ടുണ്ട്. ഈ തുക രഞ്ജുവിനും രഞ്ജുവിന്റെ പ്രായപൂര്‍ത്തിയാകാത്ത നാലുമക്കള്‍ക്കും നല്‍കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനേയും മാതൃസഹോദരനേയും വെടിവെച്ചുകൊന്ന കേസിലാണ് പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും കോട്ടയം സെഷന്‍സ് കോടതി വിധിച്ചത്. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യന്‍ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

ഒന്നരവര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതിയായ കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണ വേളയില്‍ അമ്മയും ബന്ധുക്കളും അടക്കമുള്ള സാക്ഷികള്‍ കൂറുമാറിയിരുന്നു. എന്നാല്‍ പ്രധാന സാക്ഷികള്‍ മൊഴിയില്‍ ഉറച്ചു നിന്നതോടെയാണ് കുറ്റം തെളിഞ്ഞത്. കൂടാതെ കൊലപാതകത്തിനു മുന്‍പു പ്രതി അയച്ച വാസാപ് സന്ദേസങ്ങളും നിര്‍ണായക വഴിത്തിരിവായി.

2023 ഏപ്രില്‍ 24ന് ആരംഭിച്ച വിചാരണ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. 2022 മാര്‍ച്ച് ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ''ഞാന്‍ നിരപരാധിയാണ്, കുറ്റംചെയ്തിട്ടില്ല, പ്രായമായ അമ്മയെ നോക്കണം, എന്റെ ഭാര്യയെയും മക്കളെയും നോക്കണം, പരമാവധി ശിക്ഷ ഒഴിവാക്കി ദയവുണ്ടാകണം.'' ജോര്‍ജ് കുര്യന്‍ അവസാനമായി കോടതിയോട് പറഞ്ഞത് ഇക്കാര്യമാണ്. എന്നാല്‍ പ്രതിയുടെ മറുപടി രേഖപ്പെടുത്തിയ ശേഷം കോടതി പ്രോസിക്യൂഷനു ശിക്ഷയിന്‍മേലുള്ള വാദത്തിന് അനുമതി നല്‍കുകയായിരുന്നു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേട്ടുകേള്‍വിയില്ലാത്തതും, മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ക്രൂരമായ കൊലപാതകവുമാണിത്. അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് മുന്‍കേസുകളിലെ വിവിധ സുപ്രീം കോടതി വിധികള്‍ നിരത്തി പ്രോസിക്യൂഷന്‍ വാദിച്ചു. കൊല്ലപ്പെട്ട രഞ്ജുവിന്റെ ഭാര്യയ്ക്കും വിദ്യാര്‍ഥികളായ മക്കള്‍ക്കും പരമാവധി നഷ്ടപരിഹാരം പ്രതിയില്‍നിന്ന് ഈടാക്കിനല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ പ്രതി കുറ്റംചെയ്തിട്ടില്ലെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സ്വത്ത് തര്‍ക്കത്തില്‍ മൂന്ന് പേര്‍വരെ കൊല്ലപ്പെട്ട നിരവധി കേസുകളുണ്ട്. അതിനാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല. പരമാവധി കുറഞ്ഞശിക്ഷ നല്‍കണം. വെറും ജീവപര്യന്തത്തിനുള്ള കുറ്റം മാത്രമാണുണ്ടായിട്ടുള്ളതെന്നും സുപ്രീം കോടതിയുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടി ശിക്ഷ പരമാവധി കുറച്ചുകിട്ടണമെന്നും പ്രതിഭാഗവും വാദിച്ചു.

പ്രതിക്ക് സംഭവത്തില്‍ പശ്ചാത്താപമുണ്ട്. മാനസാന്തരത്തിനുള്ള അവസരം നല്‍കണം. ഇതിനായി കരിക്കിന്‍വില്ല കൊലക്കേസ് പരാമര്‍ശിച്ച പ്രതിഭാഗം, ആ കേസില്‍ പ്രതിക്ക് ലഭിച്ചതുപോലെയുള്ള സാഹചര്യം ജോര്‍ജ് കുര്യന് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒടുവിലാണ് കേസില്‍ ഇരട്ട ജീവപര്യന്തവും പരമാവധി പിഴയും ചുമത്തിയുള്ള കോടതി വിധി ഇന്ന് പുറത്തുവരുന്നത്.

പ്രതിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചുവെന്നതാണ് ശ്രദ്ധേയം. കൊലപാതകം, വീട്ടില്‍ കയറി ആക്രമിക്കല്‍, ആയുധം കൈവശം വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ചുമത്തിയത്. 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.