തിരുവനന്തപുരം: ശബരിമലയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുകളെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. സംഘാടനത്തിനായി ബോര്‍ഡിന്റെ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കണക്കുകള്‍ വിശദീകരിച്ച് രംഗത്തെത്തിയത്.

പ്രധാന വിശദീകരണങ്ങള്‍:

അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇതുവരെ ആകെ ചെലവായത് 3 കോടി രൂപ മാത്രമാണ്. ഈ തുക മുഴുവനായി സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ ആവശ്യത്തിനായി 'മതപരമായ സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍' എന്ന ഫണ്ടില്‍ നിന്നും 3 കോടി രൂപ അഡ്വാന്‍സായി എടുത്തിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക ലഭിച്ച മുറയ്ക്ക് 2025 ഒക്ടോബര്‍ 17-ന് തന്നെ ഈ തുക ബോര്‍ഡിലേക്ക് തിരിച്ചടച്ചു.

3 കോടി രൂപയ്ക്ക് പുറമെ ഒരു കോടി രൂപ കൂടി സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ഒരു രൂപ പോലും ഈ പരിപാടിക്കായി ചെലവാക്കിയിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം

2025 നവംബറില്‍ ദേവസ്വം കമ്മീഷണര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 4.5 കോടി രൂപയും ജിഎസ്ടിയുമാണ് ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും വിഭിന്നമായ റിപ്പോര്‍ട്ടുകള്‍ വരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ കണക്കുകള്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.


കൈകഴുകി ദേവസ്വം മന്ത്രി

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിനെക്കുറിച്ച് പറയേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരുന്നുവെന്നും ബോര്‍ഡിനോട് കാര്യങ്ങള്‍ ചോദിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് അഡ്വാന്‍സ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളില്‍ വ്യക്തത വരുത്തണമെങ്കില്‍ ബോര്‍ഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളില്‍ ഇടപെടുകയും നിര്‍ദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോര്‍ഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യമെങ്കില്‍ ചോദിക്കുമെന്നുമാണ് വാസവന്‍ വ്യക്തമാക്കിയത്.

കൂടാതെ, ആഗോള അയ്യപ്പ സംഗമത്തില്‍ താന്‍ എത്തുന്നതിന് മുമ്പ് ഒരു ഭജന നടന്നിരുന്നുവെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. അത് നന്ദഗോവിന്ദം ഭജന്‍സിന്റേതാണോയെന്ന് അറിയില്ല. കലാപരിപാടികള്‍ക്ക് പണം നല്‍കുന്നത് ദേവസ്വം ബോര്‍ഡായതിനാല്‍ അക്കാര്യങ്ങള്‍ മന്ത്രി എന്ന നിലയില്‍ അന്വേഷിക്കാറില്ലെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.

ഗുരുതര ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കൃത്യമായ കണക്ക് ബില്ലുകളില്‍ ഇല്ല. ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് പന്തല്‍ നിര്‍മാണം അടക്കം നല്‍കിയത് ടെന്‍ഡര്‍ ഇല്ലാതെയാണ്. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്തുശതമാനം അധിക തുകയ്ക്ക് കരാര്‍ നല്‍കിയത്.

കണക്കുകളില്‍ ജിഎസ്ടി ബില്ലുകള്‍ അടക്കം ഇല്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കും. ഉപകരാര്‍നല്‍കിയതില്‍ കൃത്യമായ കണക്കില്ല. ഉപകരാറുകള്‍ ഒന്നും ഓഡിറ്റിംഗിന് ഹാജരാക്കിയിട്ടില്ല. ബില്ലുകള്‍ ഒന്നും ശരിയല്ല. ഓഡിറ്റര്‍ക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താന്‍ ആയിട്ടില്ല. രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികള്‍ തീരുമാനിച്ചെങ്കിലും എട്ടുലക്ഷമാണ് ചെലവാക്കിയത്. രണ്ടുകോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം അവ്യക്തമാണ്. വിഐപികളുടെ ഭക്ഷണ വിതരണ ചെലവിലും കണക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അയ്യപ്പസംഗമം നടത്തിയതുവഴി 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം. ദേവസ്വം ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയിരുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്ന് മൂന്നുകോടിയിലധികം രൂപ ചെലവാക്കിയയെന്നാണ് റിപ്പോര്‍ട്ട്.