ചെന്നൈ: ഗോകുലം ഗോപാലന്‍ ചെയര്‍മാനായ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍, റെയ്ഡിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ഔദ്യോഗിക വാര്‍ത്താക്കുറിപ്പ്. ഫെമ നിയമപ്രകാരം വെളളിയാഴ്ചയും, ശനിയാഴ്ചയുമായി ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വസതിയിലുമായി കോഴിക്കോട്ടെ ഒരിടത്തും, ചെന്നൈയിലെ രണ്ടിടത്തുമാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍, ഫെമ ചട്ടലംഘനം നടത്തിയതിന്റെ രേഖകളും, ഒന്നരക്കോടി പണമായും പിടിച്ചെടുത്തു.

ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ, ചിറ്റ് ഫണ്ടിലേക്ക് പ്രവാസികളില്‍ നിന്നും ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് പണം പിരിക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്ന് പണമായി ചിട്ടി പിരിച്ചു. ആര്‍ബിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള വിദേശവിനിമയ നിയന്ത്രണ നിയമത്തിലെ 4(ബി) ചട്ടത്തിന്റെ ലംഘനമാണിതെന്ന് കണ്ടെത്തി.

പ്രവാസികളില്‍ നിന്ന് പണമായി 371.80 കോടിയും, ചെക്കായി 220.74 കോടിയും പിരിച്ചതായി അന്വഷണത്തില്‍ കണ്ടെത്തി. ഇങ്ങനെ പ്രവാസികളില്‍ നിന്ന് അനധികൃതമായി 593 കോടി രൂപ സമാഹരിച്ചു. ഫെമയിലെ 3(ബി) വകുപ്പ് ലംഘിച്ച് പ്രവാസികള്‍ക്ക് ഗണ്യമായ തുക പണമായി തിരികെ നല്‍കിയെന്നും ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


കോടമ്പാക്കത്തെ കോര്‍പറേറ്റ് ഓഫിസില്‍നിന്നാണ് പണം പിടിച്ചെടുത്തത്. ഗോകുലം ചിറ്റ്‌സിന്റെ തമിഴ്‌നാട് കോടമ്പാക്കത്തെ കോര്‍പ്പറേറ്റ് ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ഇന്ന് പുലര്‍ച്ചയോടെ. റെയ്ഡിനൊപ്പം ഗോകുലം ഗ്രൂപ്പ് എംഡി ഗോകുലം ഗോപാലനെയും ഇഡി ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു. ആദ്യം കോഴിക്കോടും പിന്നീട് ചെന്നൈയിലേക്കും വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഈ പരിശോധനയിലാണ് വിദേശ നാണയ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള കണ്ടെത്തല്‍. ചിട്ടിക്ക് പുറമെ സിനിമ നിര്‍മാണം അടക്കമുള്ള ഗോകുലം ഗ്രൂപ്പിന്റെ സാമ്പത്തികയിടപാടുകളും ഇഡി വിശദമായി പരിശോധിച്ചു.

ആദായനികുതി വകുപ്പ് 2017ല്‍ ആരംഭിച്ച നടപടികളുടെ തുടര്‍ച്ചയായി 2019ല്‍ തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്‌ഡെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പണത്തിന്റെ ഉറവിടവും പരിശോധിക്കുന്നുണ്ട്. ശ്രീഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ആദായനികുതി വകുപ്പ് 2017ല്‍ പരിശോധിച്ചിരുന്നു. ആദായനികുതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

2023ല്‍ ഗോകുലം ഗോപാലനെ ഇഡി കൊച്ചി ഓഫീസില്‍ എത്തിച്ച് മൊഴിയെടുത്തിരുന്നു. ഇന്നലെ ഇഡിയുടെ ചെന്നൈ യൂണിറ്റിന്റെ നേതൃത്വത്തിലെ റെയ്ഡില്‍ കൊച്ചി, കോഴിക്കോട് യൂണിറ്റുകളും പങ്കെടുത്തിരുന്നു. ഇന്നലത്തെ റെയ്ഡിനുശേഷം ചെയര്‍മാന്‍ ഗോകുലം ഗോപാലനെ ഇഡി ചെന്നൈയിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. റെയ്ഡ് പൂര്‍ത്തിയായശേഷം അടിയന്തരമായി ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ടു. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് അദ്ദേഹം വിമാനത്തില്‍ ചെന്നൈയിലേയ്ക്ക് പോയത്. കോടമ്പാക്കത്തെ കോര്‍പ്പറേറ്റ് ഓഫീസില്‍ രാത്രി എട്ടരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

അതേസമയം ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇ.ഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇടപെടുകളില്‍ സംശയം തോന്നിയതോടെയാണ് റെയ്ഡ് നടത്തിയത്. സമീപകാല വിവാദങ്ങളുമായി റെയ്ഡിനു ബന്ധമില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.