തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാന്‍ എന്‍ ഐ എ നടത്തിയത് അതീവ രഹസ്യ ഓപ്പറേഷനാണ്. ഇരുചെവിയറിയാതെ കേന്ദ്ര സേനയെ അടക്കം കേരളത്തില്‍ എത്തിച്ചുള്ള ഓപ്പറേഷന്‍. ഇതേ മാതൃകയിലാണ് ജി എസ് ടി ഇന്റലിജന്‍സും നീങ്ങിയത്. എല്ലാ അര്‍ത്ഥത്തിലും 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. ഈ ഓപ്പറേഷനിലാണ് കണക്കില്‍പ്പെടാത്ത 104 കിലോ സ്വര്‍ണം അവര്‍ പിടിച്ചെടുത്തത്. ആസൂത്രിതവും അതീവ രഹസ്യവുമായി നടത്തിയ നീക്കമാണ് നിര്‍ണ്ണായകമായത്.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിന് എന്‍ ഐ എ നടത്തിയത് അതീവ രഹസ്യ നീക്കമായിരുന്നു. ആരും ഒന്നും അറിഞ്ഞില്ല. ചുറ്റുമുള്ളവരെ പോലും മറ്റു പലതും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിന് സമാനമായി ജി എസ് ടി ഇന്റലിജന്‍സും നീങ്ങി. പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡ് ആണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. ടൊറേ ഡെല്‍ ഒറോ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. ജിഎസ്ടി സ്പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന.

ട്രെയിനിങ് എന്ന പേരില്‍ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കി വിനോദസഞ്ചാരികളെന്ന പേരില്‍ ടൂറിസ്റ്റ് ബസുകളിലും വാനുകളിലുമാണ് തൃശൂരില്‍ എത്തിച്ചത്. ആകെ 640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചത്. എല്ലാത്തിനും സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഡപ്യൂട്ടി കമ്മിഷണര്‍ ദിനേശ് കുമാര്‍ നേതൃത്വം നല്‍കി. എറണാകുളം ജില്ലയില്‍നിന്ന് ടൂറിസ്റ്റ് ബസിലാണ് ഉദ്യോഗസ്ഥരെ ഇവിടെയെത്തിച്ചത്. അഞ്ച് ടൂറിസ്റ്റ് ബസുകളിലും ഏഴു വാനുകളിലുമായാണ് തൃശൂര്‍ വടക്കുംനാഥന്റെ ഗ്രൗണ്ടില്‍ ഉദ്യോഗസ്ഥരെ ഇറക്കിയത്. റെയ്ഡ് നടക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ക്കു പോലും വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ഉല്ലാസയാത്ര, അയല്‍ക്കൂട്ട സംഘങ്ങളെന്ന തരത്തിലുള്ള ബാനറായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്കു നല്‍കിയിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെയായിരുന്നു റെയ്ഡ്.

പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിന് എന്‍ ഐ എ ഉപയോഗിച്ചതും ഇതേ മാതൃകയായിരുന്നു. ഒരു പ്രത്യേക വിമാനത്തില്‍ ഉദ്യോഗസ്ഥരെ കോഴിക്കോട് എത്തിച്ചു. അതിലുണ്ടായിരുന്ന ആര്‍ക്കും എന്താണ് യാത്രയെന്ന് പോലും അറിയില്ലായിരുന്നു. ഇതേ രീതിയില്‍ ജി എസ് ടി വകുപ്പും എല്ലാം ചെയ്തു. റെയ്ഡിനെക്കുറിച്ച് വളരെ ഉയര്‍ന്ന ഏതാനും ചില ഉദ്യോഗസ്ഥര്‍ക്കുമാത്രമേ അറിവുണ്ടായിരുന്നുള്ളു. തിരഞ്ഞെടുത്ത നാലഞ്ച് ഉദ്യോഗസ്ഥര്‍ മാസങ്ങളായി തൃശൂര്‍ ജില്ലയിലെത്തി രഹസ്യമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരാണു പരിശോധിക്കേണ്ട സ്ഥാപനങ്ങളെ കണ്ടെത്തിയത്. റെയ്ഡിന് ഉദ്യോഗസ്ഥരെ എത്തിക്കാനായി എറണാകുളം ജില്ലയില്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പ്രത്യേക പരിശീലനം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.

തൃശൂരില്‍ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ട്രെയിനിങ് സംഘടിപ്പിച്ചു. രണ്ടിലും പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരില്‍നിന്നാണ് റെയ്ഡിനുള്ളവരെ ഒരുമിപ്പിച്ചെടുത്തത്. കഴിഞ്ഞ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും റെയ്ഡ് തുടങ്ങുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിച്ചായിരുന്നു നടപടികള്‍. റെയ്ഡ് നടത്തിയ ഓരോ സ്ഥലത്തും ആ കേന്ദ്രത്തിന്റെ പ്രത്യേകത അനുസരിച്ചു കുറഞ്ഞത് പത്തു ഉദ്യോഗസ്ഥരെയെങ്കിലും നിയോഗിച്ചിരുന്നു. നാലു പേരെയും 15 പേരെയും നിയോഗിച്ച സ്ഥലങ്ങളുണ്ട്.

ഇന്നലെ രാവിലെ മുതല്‍ ഈ 640 ഉദ്യോഗസ്ഥര്‍ ഉറങ്ങിയിട്ടില്ല. ഇന്നലെ രാവിലെ ഒന്‍പതു മണിക്കു തുടങ്ങിയ പ്രോസസ് തുടരുകയാണ്. ടൊറേ ഡെല്‍ ഒറോ എന്ന പേരിലാണ് റെയ്ഡ്. സ്വര്‍ണം ഉരുക്കി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന ആഭരണ നിര്‍മാണ ശാലകളിലും ഉടമകളുടെ വീടുകളിലുമാണ് പരിശോധന. സ്പെയിനിലെ ചരിത്രസ്മാരകമായ 'ടോറെ ഡെല്‍ ഓറോ' (സ്വര്‍ണ ഗോപുരം) യുടെ പേരാണ് റെയ്ഡിന് നല്‍കിയത് എന്നതും ശ്രദ്ധേയം. തൃശൂരിലെ സ്വര്‍ണ്ണ ഗോപുരങ്ങള്‍ തേടിയായിരുന്നു ഈ യാത്രയെന്നതു കൊണ്ടാണ് അത്തരമൊരു പേര് നല്‍കിയത്.