തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് കല്ലറ തുറന്ന് പരിശോധിച്ച ഗോപന്‍ സ്വാമിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍ മതാചാരപ്രകാരം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി. മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ വലിയ ആഘോഷത്തോടെ വീണ്ടും സമാധി ചടങ്ങുകള്‍ നടത്തുമെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

അതിനിടെ, തന്റെ അച്ഛന്റേത് മഹാസമാധിയെന്ന് അവകാശപ്പെട്ട് ഗോപന്‍ സ്വാമിയുടെ മകന്‍ രംഗത്ത് എത്തി. പൊലീസാണ് തിടുക്കം കാട്ടിയതെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബത്തിന്റെ അഭിഭാഷകനും വ്യക്തമാക്കി. അച്ഛനെ സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ മഹാസമാധി ഒരുക്കുമെന്നും സനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ശിവന്റെ അമ്പലത്തില്‍ അച്ഛന്‍ സമാധിയായി. സമാധിയെ മഹാസമാധി എന്ന് വേണം പറയാന്‍. ഇതിന് തടസം നിന്നവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കണം. അച്ഛന്റേത് മഹാ സമാധിയാണ്. ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തിയില്‍ ആരൊക്കെ ഉണ്ടോ അവര്‍ക്കെതിരെയെല്ലാം നിയമ നടപടി എടുത്തേ പറ്റൂ. കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും'- സനന്ദന്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ നിയമപരമായ നടപടി മാത്രമാണ് സ്വീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ മുതല്‍ പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയശേഷം രാവിലെ ഏഴേകാലിനാണ് കല്ലറ പൊളിച്ചു തുടങ്ങിയത്. ഒന്നരമണിക്കൂറില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റമോര്‍ട്ടത്തിന് എത്തിച്ചു. ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

സമാധി മണ്ഡപം പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതുള്‍പ്പെടെ നടപടി ക്രമങ്ങള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് സബ് കലക്ടര്‍ ഒ.വി.അല്‍ഫ്രഡ് പറഞ്ഞു. വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. വീട്ടുകാരുമായി ഞാനും ഡിവൈഎസ്പിയും സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. നിയമപരമായി പൊലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നും സബ് കലക്ടര്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ഭൗതികശരീരം ചെറിയ രീതിയില്‍ ജീര്‍ണിച്ചു തുടങ്ങിയിരുന്നെന്ന് സമാധിത്തറ പൊളിച്ച തമ്പി പറഞ്ഞു. സമാധി സ്ഥലം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചത് എസ്.ഐ ആണ്. ഗോപന്‍ സ്വാമിയുടെ ശരീരം മുഴുവന്‍ വീര്‍ത്ത അവസ്ഥയില്‍ ആയിരുന്നെന്നും, ചമ്രം മടഞ്ഞ രീതിയിലായിരുന്നു ബോഡി കാണപ്പെട്ടതെന്നും തമ്പി പ്രതികരിച്ചു.

'സമാധിയുടെ ചുറ്റും ടാര്‍പോളിന്‍ കെട്ടിയത് ഞാന്‍ ആയിരുന്നു. അങ്ങനെയാണ് എസ് ഐ വിളിച്ച് സമാധി സ്ഥലം പൊളിക്കണം എന്ന് പറഞ്ഞത്. മുകളിലുള്ള സ്‌ളാബാണ് ആദ്യം പൊളിച്ചത്. സ്വാമി ഇരിക്കുന്നത് കാണാന്‍ പറ്റി. വശങ്ങളിലെ രണ്ട് സ്‌ളാബുകള്‍ കൂടി ഇളക്കിയപ്പോള്‍ ഭസ്മം മൂടിയ നിലയില്‍ കണ്ടു. ചമ്രം മടഞ്ഞ രീതിയിലായിരുന്നു ബോഡി കാണപ്പെട്ടത്. ചെറിയ രീതിയില്‍ അഴുകി തുടങ്ങിയിരുന്നു. എന്നാല്‍ ഭസ്മം മൂടിയ സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ശരീരം മുഴുവന്‍ വീര്‍ത്തിട്ടുണ്ടായിരുന്നു. കണ്ടതോടെ ഒരു കൗണ്‍സിലര്‍ ബോധംകെട്ടു വീണു. ''- തമ്പിയുടെ വാക്കുകള്‍.