- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്ത്തു തൊഴിലാളിയായി തൊഴില്‍ ജീവിതം തുടങ്ങിയ 'മണിയന്‍' പിന്നീട് ചുമട്ടുതൊഴിലാളിയായി; കാവുവിളയില്‍ സ്ഥലം വാങ്ങി വീട് വച്ചത് 20 വര്‍ഷം മുമ്പ്; ക്ഷേത്രത്തോട് ചേര്‍ന്ന് സമാധിപീഠം നിര്‍മ്മിച്ചത് അഞ്ചുവര്‍ഷം മുമ്പും; ഗോപന്‍ സ്വാമിയുടെ പൂര്‍വകാലം ഇങ്ങനെ
ഗോപന്‍ സ്വാമിയുടെ പൂര്‍വകാലം ഇങ്ങനെ
തിരുവനന്തപുരം: അതിയന്നൂര്‍ കാവുവിളാകത്ത് ഗോപന്‍ സ്വാമിയുടെ 'സമാധി'യില്‍ ദുരൂഹത തുടരുന്നതിനിടെ ഇയാളുടെ ഭൂതകാലത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ആദ്യകാലത്ത് നെയ്ത്തുതൊഴിലാളിയായിരുന്നു ഗോപന്‍ സ്വാമി. സ്വാമിയാകുന്നതിന് മുമ്പ് മണിയന്‍ എന്നായിരുന്നു പേര്. പ്ലാവിളയിലാണ് ആദ്യം താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് നെയ്ത്തു തൊഴില്‍ ചെയ്തത്. പിന്നീട് ചുമട്ടുതൊഴിലാളിയായി. ഇവിടെ നിന്ന് പിന്നീട് ആറാലുംമൂട്ടിലേക്ക് കുടുംബത്തോടൊപ്പം താമസം മാറുകയായിരുന്നു.
എഐടിയുസി യൂണിയനിലായിരുന്നു ആദ്യം അംഗത്വമെങ്കിലും പിന്നീട് ബിഎംഎസിലേക്ക് മാറി. ആറാലുംമൂട് ചന്തക്ക് സമീപമാണ് താമസിച്ചിരുന്നത്. ഇരുപത് വര്‍ഷം മുമ്പാണ് കാവുവിളയില്‍ സ്ഥലം വാങ്ങി വീട് വെച്ചത്. പിന്നീട് വീടിനോട് ചേര്‍ന്ന് കൈലാസനാഥന്‍ മഹാദേവര്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തിന് പുറത്തായി അഞ്ച് വര്‍ഷം മുമ്പ് സമാധിപീഠവും ഒരുക്കിയിരുന്നു.
ഗോപന്‍സ്വാമിയുടെ മൂത്തമകന്‍ നേരത്തെ മരിച്ചു. പിന്നെയുള്ള രണ്ട് ആണ്‍മക്കളില്‍ ഇളയവനായ രാജശേഖരന്‍ അച്ഛനൊപ്പം പൂജകളില്‍ പങ്കാളിയായി. രക്താതിസമ്മര്‍ദ്ദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ഗോപന്‍ സ്വാമി തുടര്‍ന്നിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോപന്‍ സ്വാമി പുറത്തിറങ്ങാനാവാതെ കിടപ്പിലായി.
സമാധിയായെന്ന് മക്കള്‍ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്പാണ് ചികിത്സക്കായി ഗോപന്‍ സ്വാമി ആശുപത്രിയില്‍ പോയത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കള്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞു.
അതേസമയം, ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് ആക്ഷേപം ശക്തമാകവേ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസ്. ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് ആ വഴിക്കും അന്വേഷണം നടത്തും.
വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്. മക്കളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് നിഗമനം. വീട്ടില്‍വന്നു പോയവര്‍ ആരെന്ന വിധത്തിലാകും അന്വേഷണം.
ശനിയാഴ്ച രാവിലെയാണ് 78 വയസ്സുകാരനായ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി മരിച്ചത് എന്നാണ് മകന്‍ സനന്ദന്‍ പറയുന്നത്. മക്കളായ സനന്ദനും രാജസേനനും ചേര്‍ന്നാണ് വീടിനടുത്ത് സംസ്‌കാരം നടത്തി അവിടെ സമാധി മണ്ഡപം സ്ഥാപിച്ചത്. സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുക്കാന്‍ ഇതിനായി പൊലീസ് കലക്ടറുടെ അനുമതിയും തേടി.
പട്ടാപ്പകല്‍ ഇതുപോലൊരു തുറന്ന സ്ഥലത്ത് നടന്ന ഈ കാര്യങ്ങളൊന്നും നാട്ടുകാരോ അയല്‍വാസികളോ ആരും കണ്ടവരില്ല. അതുതന്നെയാണ് ദുരൂഹത ആരോപിക്കുന്നതിന്റെ കാരണം. നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ സമാധി മണ്ഡപമെന്ന പേരില്‍ കെട്ടിയ കല്ലറ ശനിയാഴ്ച വൈകീട്ടോടെ പൊലീസ് സീല്‍ ചെയ്തു. ബന്ധുക്കള്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും തീരുമാനിച്ചു. ഇതിനായി ജില്ലാ കലക്ടറുടെ അനുമതി തേടി.
കല്ലറ പൊളിക്കാന്‍ പൊലീസ് എത്തിയതോടെ കല്ലറയ്ക്ക് മുന്നില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും ബന്ധുക്കളും കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് നടപടി ഏകപക്ഷീയമാണെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. ബഹളമായതോടെ കല്ലറ പൊളിക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ബന്ധുക്കളുടെ ഭാഗംകൂടി കേള്‍ക്കുമെന്ന് സബ്കലക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.