- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിവേഴ്സിറ്റിയുടെ ചിലവില്‍ ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധം വേണ്ട! 'വിസിമാര്‍ സ്വന്തം കേസ് സ്വന്തം ചെലവില്‍ നടത്തണം'; ഉത്തരവുമായി ഗവര്‍ണര്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റിയുടെ ചിലവില്‍ ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധം നടത്തി ഖജനാവിന് ധൂര്‍ത്തുവരുത്തുന്ന അവസ്ഥക്ക് വിരാമമാകുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രത്യേകം ഉത്തരവ് പുറപ്പെടുവിച്ചു. ചാന്‍സലര്‍ക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്ന് ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. വിസിമാര്‍ സ്വന്തം കേസ് സ്വന്തം ചെലവില്‍ നടത്തണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും ധന ദുര്‍വിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസിമാര്‍ ഉടനടി തിരിച്ചടയച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ഗവര്‍ണറുടെ ഉത്തരവ്.
വിസി നിയമനത്തില്‍ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ കാലിക്കറ്റ്, സംസ്കൃത, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. വിസിയെ നിയമിക്കാനായി പാനലിനു പകരം ഒരാളുടെ പേര് മാത്രം സമര്‍പ്പിച്ചതും വി സി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വി സിമാരെ അയോഗ്യരാക്കാനുള്ള നീക്കം ഗവര്‍ണര്‍ ആരംഭിച്ചത്. കാലിക്കറ്റ്, സംസ്കൃത സര്‍വ്വകലാശാല വിസിമാര്‍ ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇത് സംബന്ധിച്ച ചെലലുകള്‍ സര്‍ക്കാര്‍ വിശദീകരിച്ചിരുന്ു. എല്‍ദോസ് പി.കുന്നപ്പിള്ളിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ആര്.ബിന്ദു നിയമസഭയില്‍ വിശദമായ കണക്ക് സമര്‍പ്പിച്ചത്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം കണ്ണൂര്‍ വിസി ആയിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രന് 69 ലക്ഷം രൂപ കേസ് നടത്തിപ്പിനായി ചിലവിട്ടു. കുഫോസ് വിസിയായിരുന്ന ഡോ.റിജി ജോണ്‍ 36 ലക്ഷവും, സാങ്കേതിക സര്‍വകലാശാല വിസിയായിരുന്ന ഡോ.എം.എസ്. രാജശ്രീ 1.5 ലക്ഷവുമാണ് ചെലവഴിച്ചത്.
കാലിക്കറ്റ് വിസി ഡോ.എം.കെ. ജയരാജ് 4.25 ലക്ഷം രൂപ ചെലവിട്ടപ്പോള്‍ കുസാറ്റ് വിസി ഡോ.കെ.എന്‍. മധുസൂദനന് 77,500 രൂപയും
മലയാള സര്‍വകലാശാല വിസിയായിരുന്ന ഡോ.വി.അനില്‍കുമാര്‍ 1 ലക്ഷവും കേസ് നടത്താന്‍ വിനിയോഗിച്ചു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസി ഡോ.മുബാറക് പാഷ 53000 രൂപയാണ് ചെലവഴിച്ചത്.
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അസോഷ്യേറ്റ് പ്രഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി ചെലവിനായി 8 ലക്ഷം രൂപ നാളിതുവരെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും ചെലവാക്കിയതായും രേഖകളില്‍ വ്യക്തമായിരുന്നു. കണ്ണൂര്‍ വിസിയും കുഫോസ് വിസിയും സുപ്രീം കോടതിയില്‍ തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കുന്നതിനു മുതിര്‍ന്ന അഭിഭാഷകന് കെ.കെ.വേണുഗോപാലിനെ പ്രത്യേകമായി ചുമതലപ്പെടുത്തുകയായിരുന്നു. കാലിക്കറ്റ് വിസി, ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ ഒഴിവാക്കി സീനിയര്‍ അഭിഭാഷകന്റെ സേവനം തേടിയതിനു നാലേകാല്‍ ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും ചെലവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഹര്‍ജി ഹൈക്കോടതിയില്‍ പരിഗണിക്കുമ്പോഴും യൂണിവേഴ്സിറ്റി കൗണ്‍സലിനെ ഒഴിവാക്കി മുതിര്‍ന്ന അഭിഭാഷകന് പി.രവീന്ദ്രനെ ചുമതലപെടുത്തിയതിനു 6,50000 രൂപ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും ചെലവിട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളില്‍ സ്വന്തം നിലയ്ക്കാണ് ചെലവുകള്‍ വഹിക്കേണ്ടത്. എന്നാല്‍ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ ഗവര്‍ണറെ തന്നെ എതിര്‍കക്ഷിയാക്കി കോടതിയില്‍ ചോദ്യം ചെയ്യുന്നതിനു സര്‍വകലാശാല ഫണ്ടില്‍ നിന്നും തുക ചെലവിടുന്നത് ആദ്യമായാണ്.
തുക ബന്ധപ്പെട്ട വിസിമാരില്‍ നിന്നോ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും തുക അനുവദിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിന് കമ്മിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇപ്പോള്‍ നിര്‍ണയാക ഉത്തരവ് പുറപ്പെടുവിച്ചത്.