- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണം; സതീശന്‍ എംഎല്‍എ സ്ഥാനം നഷ്ടമാകുമോ? മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ 'പുനര്‍ജ്ജനി പദ്ധതി'ക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ചു; സതീശന്‍ ഈ റിപ്പോര്‍ട്ട് കുരുക്കാകുമോ? സ്വകാര്യ സന്ദര്‍ശനവും ഫണ്ട് സ്വരൂപണവും ചര്‍ച്ചകളില്‍
തിരുവനന്തപുരം : പുനര്‍ജനി അഴിമതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ നല്‍കുന്നത് രേഖാ പരിശോധനയിലൂടെ. ഈ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തു വന്നു. വിജിലന്‍സിന്റെ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇൗ കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമുണ്ടാകും. സ്വന്തം മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയ 'പുനര്‍ജനി' പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ.
എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എഫ്‌സിആര്‍എ നിയമം, 2010 ലെ സെക്ഷന്‍ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. കേരള നിയമസഭയുടെ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം 2 ലെ റൂള്‍ 41 പ്രകാരം നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതും ഗൗരവമുള്ള വിഷയമാണ്. എംഎല്‍എ സ്ഥാനത്തിന് അയോഗ്യത വരെ വരാം.
മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ 'പുനര്‍ജ്ജനി പദ്ധതി'ക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയില്‍ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളില്‍ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലന്‍സസിന്റെ കണ്ടെത്തല്‍. യുകെ ആസ്ഥാനമായുള്ള മിഡ്ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാന്‍ 500 പൗണ്ട് വീതം നല്‍കണമെന്ന് വി ഡി സതീശന്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ തെളിവായി വിജിലന്‍സ് പരിശോധിച്ചിട്ടുണ്ട്.
മണപ്പാട് ഫൗണ്ടേഷന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയും നല്‍കിയ മൊഴിയും വിജിലന്‍സ് വിശകലനം ചെയ്തു. മണപ്പാട് ഫൗണ്ടേഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരമുള്ളതും FCRA രജിസ്ട്രേഷന്‍ ഉള്ളതുമായ ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ്. 2018-ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വി.ഡി. സതീശന്‍ എം.എല്‍.എ തങ്ങളെ സമീപിച്ചു. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ XIME-നെ ചുമതലപ്പെടുത്തുകയും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ലണ്ടനില്‍ 'മിഡ്ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ്' (MIAT) എന്ന എന്‍ജിഒയുടെ സഹായത്തോടെ ഒരു ലഞ്ച് മീറ്റിംഗ് സംഘടിപ്പിച്ചു. ഈ ചടങ്ങിലൂടെ 22,500 പൗണ്ട് സമാഹരിക്കുകയും അത് മണപ്പാട് ഫൗണ്ടേഷന്റെ FCRA അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിനായി ഫൗണ്ടേഷന്‍ 'പുനര്‍ജനി പ്രോജക്ട്' എന്ന പേരില്‍ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിരുന്നു.
വിമാന ടിക്കറ്റുകള്‍ ഒമാന്‍ എയര്‍ സ്‌പോണ്‍സര്‍ ചെയ്തപ്പോള്‍ താമസസൗകര്യവും മറ്റ് ചെലവുകളും ട്രസ്റ്റ് നേരിട്ടാണ് വഹിച്ചത്. ബി.പി.സി.എല്ലില്‍ നിന്ന് സി.എസ്.ആര്‍ ഫണ്ടായി 31,20,000 രൂപ ലഭിച്ചു. ഈ തുക പൂര്‍ണ്ണമായും തയ്യല്‍ മെഷീനുകള്‍ വാങ്ങാന്‍ ഉപയോഗിച്ചു. മൊത്തത്തില്‍ 1,31,88,375 രൂപ പുനര്‍ജനി പദ്ധതിക്കായി ഫൗണ്ടേഷന്‍ ചെലവഴിച്ചു. ഇതില്‍ 4,74,441 രൂപ ഫൗണ്ടേഷന്‍ അധികമായി ചെലവാക്കിയതാണ്. ഗുണഭോക്താക്കളുടെ പട്ടിക നല്‍കിയത് എം.എല്‍.എ ആണെങ്കിലും അദ്ദേഹത്തിന് നേരിട്ട് സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് അവകാശപ്പെടുന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്തയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.
പറവൂരിലെ 'പുനര്‍ജനി' പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം സജീവമാക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിജിലന്‍സ് അന്വേഷണം: 2018-ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിക്കായി വിദേശത്തുനിന്ന് പണം സ്വീകരിച്ചതില്‍ വിദേശനാണ്യ വിനിമയ ചട്ടലംഘനം (FCRA) നടന്നിട്ടുണ്ടോ എന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിച്ചത്. 2023 ജൂണിലാണ് മുഖ്യമന്ത്രി ഈ അന്വേഷണത്തിന് അനുമതി നല്‍കിയത്.
വിജിലന്‍സ് കണ്ടെത്തല്‍: പ്രാഥമിക പരിശോധനയില്‍ പണം കൈകാര്യം ചെയ്തതില്‍ വിജിലന്‍സിന് ക്രമക്കേടുകള്‍ കണ്ടെത്താനായില്ല. എന്നിരുന്നാലും, വിദേശ പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് സിബിഐ അന്വേഷിക്കാമെന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത 11 മാസം മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നു. അനുമതിയില്ലാത്ത യാത്ര: ആവശ്യമായ അനുമതികളില്ലാതെ സതീശന്‍ വിദേശയാത്ര നടത്തിയെന്ന ആക്ഷേപവും അന്വേഷണ പരിധിയില്‍ വരും. വിജിലന്‍സ് ശുപാര്‍ശ നല്‍കി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് വീണ്ടും സജീവമാക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയരുന്നുണ്ട്.
2020 മുതല്‍ നിലവിലുള്ള ഈ പരാതി ഹൈക്കോടതി രണ്ടുതവണ തള്ളിയിട്ടുള്ളതാണ്. നിയമസഭയില്‍ ഈ വിഷയം ഉയര്‍ന്നപ്പോള്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് വി.ഡി. സതീശന്‍ വെല്ലുവിളിച്ചിരുന്നു. പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ഇതുവരെ 280 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ 37 വീടുകള്‍ വിദേശ മലയാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് വഴി പൂര്‍ത്തിയാക്കിയവയാണ്. ദുബായ്, യുകെ സന്ദര്‍ശനവേളയില്‍ വി.ഡി. സതീശന്‍ ഇതിനായി സഹായം അഭ്യര്‍ത്ഥിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചാലക്കുടി കാതികൂടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്‌സണ്‍ പാനികുളങ്ങര നല്‍കിയ പരാതിയിലാണ് നിലവിലെ അന്വേഷണങ്ങള്‍ നടക്കുന്നത്.




