മങ്കട: ദേ മാവേലി ഹെലികോപ്ടറില്‍...... പാതാളത്തില്‍നിന്നല്ല, ആകാശത്തുനിന്ന് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ മാവേലിയെ കണ്ട് ഏവരും ആദ്യമൊന്നു ഞെട്ടി. രാമപുരം ജെംസ് കോളജിലെ 'പ്രജകളെ' കാണാനാണ് മാവേലി ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത്. ജെംസ് ഓട്ടോണമസ് കോളജിലെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് മാവേലിക്ക് ആകാശയാത്ര ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ വരവേറ്റത്. ജോയ് ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ മൂന്നര ലക്ഷം രൂപ നല്‍കി വാടകയ്‌ക്കെടുത്താണ് കോളജ് വിദ്യാര്‍ഥികള്‍ ഓണാഘോഷം കളറാക്കിയത്. വിദ്യാര്‍ഥികളുടെ ആഗ്രഹത്തിന് ഒപ്പം നിന്ന കോളജ് ചെയര്‍മാന്‍ മഞ്ഞളാംകുഴി അലിയുടേയും പ്രിന്‍സിപ്പലിന്റെയും പിന്തുണയാണ് വ്യത്യസ്തമായ ആഘോഷത്തിന് വിദ്യാര്‍ഥികള്‍ക്ക് കരുത്തായത്.

ജെംസ് ഓട്ടോണമസ് കോളേജിലെ വ്യത്യസ്തമായ ഓണാഘോഷത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു. രാവിലെ പത്തുമണിയോടെ കോളേജ് മൈതാനത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ മാവേലിയെ വരവേല്‍ക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന വലിയൊരു സംഘംതന്നെ ഉണ്ടായിരുന്നു. മാവേലിയുടെ മാസ് രംഗപ്രവേശം ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ദിവസങ്ങള്‍ക്കു മുന്‍പ് ഓണാഘോഷ പരിപാടിയുടെ പേരു പ്രഖ്യാപനച്ചടങ്ങിനു മാവേലി കുതിരപ്പുറത്താണ് എത്തിയത്.

മാവേലിയുടെ ഹെലികോപ്റ്ററിലുള്ള അപ്രതീക്ഷിത രംഗപ്രവേശം ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. എംഎഫ്എഫിന്റെ നേതൃത്വത്തിലുള്ള യൂണിയനാണ് മാവേലിക്ക് വാഹനമായി ഹെലികോപ്റ്റര്‍ സംഘടിപ്പിച്ചത്. ബികോം മൂന്നാം വര്‍ഷം വിദ്യാര്‍ഥി ഷബീബ് മാവേലിയായി. ഇതിനായി വേണ്ടിവന്ന ചെലവുകള്‍ കോളേജ് യൂണിയനും മൂന്നാം വര്‍ഷം വിദ്യാര്‍ഥികളും ചേര്‍ന്നാണ് വഹിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്റെ വാടക.

ആഡംബര വിവാഹ പരിപാടികള്‍ കൈകാര്യം ചെയ്യുന്ന സംഘത്തിന്റെ സഹായത്തോടെ ജോയ് ആലുക്കാസില്‍ നിന്നാണ് ഹെലികോപ്റ്റര്‍ സംഘടിപ്പിച്ചത്. ഇതിന് മഞ്ഞളാംകുഴി അലി, പ്രിന്‍സിപ്പല്‍ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. കുട്ടികളുടെ ആവേശം അതിരുവിടാതെ കാത്താണ് കോളേജ് മാനേജ്മെന്റ് ഓണാഘോഷം എക്കാലവും ഓര്‍മിക്കുന്ന ഒന്നാക്കി മാറ്റിയത്.

കുട്ടികള്‍ മോഹിച്ചു, ഒപ്പം നിന്ന് ചെയര്‍മാന്‍

മാവേലിയുടെ വരവ് വ്യത്യസ്തമായ ഒരു സംഭവമാക്കണം, കേരളം ഞെട്ടണം എന്ന ആഗ്രഹത്തിലാണ് കോളജ് യൂണിയന്‍ ശ്രമം തുടങ്ങിയത്. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്താല്‍ വ്യത്യസ്തമാക്കാമെന്ന് അഭിപ്രായം ഉയര്‍ന്നതോടെ കോളേജ് മാനേജ്‌മെന്റിന്റെ അനുമതിയായിരുന്നു ആദ്യ കടമ്പ. യൂണിയന്‍ നേതാക്കള്‍ മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍ ഒപ്പം നിന്ന ചെയര്‍മാന്‍ മഞ്ഞളാംകുഴി അലിയുടെ നിലപാട് നിര്‍ണായകമായി. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കും ജനഹൃദയങ്ങളിലെ സ്നേഹ സാന്നിധ്യവും കൈ മുതലാക്കിയ നേതാവ് ഒപ്പം നിന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.

മങ്കട മണ്ഡലത്തില്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ ലീഗ് ആധിപത്യത്തിന്റെ ചരിത്രം തിരുത്തി 2006ല്‍ ഇടതിന് മണ്ഡലം നേടിക്കൊടുത്ത് ഹീറോ ആയതാണ് മഞ്ഞളാംകുഴി അലി. ഇടതു ബാനറില്‍ രണ്ടു തവണ മങ്കടയെ പ്രതിനിധാനം ചെയ്യുകയും ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങളില്‍ മനം മടുത്ത് ഇടതിനോടിടഞ്ഞ് യു.ഡി.എഫ് പക്ഷത്തേക്ക് കൂറു മാറുകയും ചെയ്തതാണ് ചരിത്രം.

മുസ്‌ലിം ലീഗില്‍ ചേര്‍ന്നതില്‍ പിന്നെ സ്വന്തം തട്ടകമായ മങ്കട വിട്ട് പെരിന്തല്‍മണ്ണയില്‍ പോരിനിറങ്ങിയ അലി ഇടതുപക്ഷത്തെ പരാജയപ്പെടുത്തി രണ്ടു തവണ വിജയ കിരീടം നേടി. സിനിമ നിര്‍മാതാവും അഭിനേതാവും കൂടിയായിരുന്ന അലി രാഷ്ട്രീയ രംഗത്ത് സജീവമായതില്‍ പിന്നെ സേവന പ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ക്കിടയില്‍ തന്നെയുണ്ടായിരുന്നു.