- Home
- /
- News
- /
- SPECIAL REPORT
2017 ല്‍ ലണ്ടനിലെ 23 നില കെട്ടിടത്തിലെ അഗ്നിബാധയില്‍ മരണപ്പെട്ടത് 72 പേര്; ബില്‍ഡേഴ്സിന്റെ അശ്രദ്ധയും പരാജയവും മൂലം; ബ്രിട്ടനിലെ ഏറ്റവും വലിയ തീപിടുത്ത ദുരന്തത്തിന്റെ റിപ്പോര്‍ട്ട്
ബ്രിട്ടനിലെ ഏറ്റവും വലിയ തീപിടുത്ത ദുരന്തത്തിന്റെ റിപ്പോര്‍ട്ട്
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ എന്ന 23 നില കെട്ടിടത്തില്‍ 2017 ല്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. സര്‍ക്കാരിന്റെയും കെട്ടിട നിര്‍മ്മാതാക്കളുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഈ ദുരന്തത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെട്ടിടത്തിന്റെ പുറം ചുമരില്‍, എളുപ്പത്തില്‍ തീപിടിക്കുന്ന പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള ആവരണം നല്‍കിയതായിരുന്നു അപകടം ഇത്രയും ഗുരുതരമാകാനുള്ള കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടനിലെ സമ്പന്നര്‍ താമസിക്കുന്ന ഇടങ്ങളില്‍ ഒന്നില്‍ സ്ഥിതി ചെഹ്യ്യുന്ന് ഈ 23 നില കെട്ടിടം 2017 ജൂണ്‍ 14 ന് അതിരാവിലെയാണ് അഗ്‌നിക്ക് ഇരയായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടനിലെ ഒരു റെസിഡെന്‍ഷ്യല്‍ ബില്‍ഡിംഗിലുണ്ടാകുന്ന ഏറ്റവും വലിയ തീപിടുത്തമായിരുന്നു അത്. സംഭവിച്ച മരണങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കാന്‍ പറ്റാത്തവയായിരുന്നു എന്നതാണ് ലളിതമായ സത്യം എന്ന് അന്വേഷണ സമിതി ചെയര്‍മാന്‍ മാര്‍ട്ടിന്‍ മൂര്‍ ബിക്ക് പറയുന്നു.
ദീര്‍ഘകാലമായി കാത്തിരുന്ന അന്തിമ റിപ്പോര്‍ട്ടില്‍ സമിതി പ്രധാനമായും കുറ്റപ്പെടുത്തുന്നത് ഈ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും പരിപാലനത്തിലും ഏര്‍പ്പെട്ടിരുന്ന കമ്പനികളെയാണ്. അതുപോലെ, നിരുത്തരവാദപരമായി, എളുപ്പത്തില്‍ തീപിടിക്കുന്ന പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള ആവരണങ്ങള്‍ വിപണിയിലിറക്കുന്ന കമ്പനികളും ഇതില്‍ കുറ്റക്കാരാണെന്ന് സമിതി പറയുന്നു. അതിനു പുറമെ അന്നത്തെ സര്‍ക്കാര്‍, കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സിയ ലോക്കല്‍ അഥോറിറ്റി, ഇന്‍ഡസ്ട്രി റെഗുലേറ്ററി ഗ്രൂപ്പുകള്‍, ചില പ്രത്യേക വ്യക്തികള്‍ എന്നിവയും പ്രതിസ്ഥാനത്താണ്. ഇതിനെല്ലാം പുറമെ അംബരചുംബികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാതെ വര്‍ഷങ്ങളോളം ഇരുന്ന ഫയര്‍ ബ്രിഗേഡിനേയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ഇക്കൂട്ടര്‍ എല്ലാവരും ഈ ദുരന്തത്തിന് തുല്യമായ അളവില്‍ ഉത്തരവാദിത്തം ഉള്ളവര്‍ അല്ലെന്നും ഒരു വഴിക്ക് അല്ലെങ്കില്‍ മറുവഴിക്ക് ഇവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല കേസുകളിലും ബന്ധപ്പെട്ടവരുടെ കഴിവുകേടായിരുന്നു ദുരന്തത്തിന് കാരണമായതെങ്കില്‍, മറ്റിടങ്ങളില്‍ ബന്ധപ്പെട്ടവരുടെ ആര്‍ത്തിയും സത്യസന്ധതയില്ലായ്മയും ദുരന്തത്തിന് വഴിവെച്ചു. മനുഷ്യരെക്കാള്‍ പരിഗണന ലാഭത്തിന് നല്‍കുന്ന പ്രവണത തടയാന്‍ കഴിയാതെ പോയതിന്റെ അനന്തരഫലമാണ് ഈ ദുരന്തം എന്നാണ് 1700 പേജോളം വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
നേരത്തെ അന്വേഷണ സമിതി 2019 ല്‍ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ നാലാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ റെഫ്രിജറേറ്ററില്‍ നിന്നുണ്ടായ ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമായതെന്ന് പറഞ്ഞിരുന്നു. 2016 ല്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ ഇതിന്റെ പുറം ചുമരുകള്‍ എളുപ്പത്തില്‍ കത്തുന്ന അലൂമിനിയത്തിന്റെ ഒരുസങ്കരം കൊണ്ടു നിര്‍മ്മിച്ച ആവരണം കൊണ്ട് സംരക്ഷിച്ചിരുന്നു. ഇതാണ് തീ പെട്ടെന്ന് ആളികത്താനും പടരാനും കാരണമായത്.