- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ കേരളത്തിന് ലഭിക്കുക 780 കോടി; കൂടുതൽ തുക ലഭിക്കുക മഹാരാഷ്ട്രയ്ക്ക്; കുറവു തുക പുതുച്ചേരിക്കും; ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് കനത്ത തിരിച്ചടി; ജിഎസ്ടിയുടെ 60 ശതമാനം കിട്ടണം; നികുതി പങ്കിടൽ അനുപാതത്തിൽ മാറ്റം വേണമെന്ന് കെ എൻ ബാലഗോപാൽ
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക വിതരണം ഇന്നത്തോടെ പൂർത്തിയാകുമ്പോൾ കേരളത്തിന് മുന്നിലുള്ളത് വലിയ പ്രതിസന്ധികളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളം നികുതി ചോർച്ച തടയാൻ വഴിതേടേണ്ടി വരും. അല്ലാത്ത പക്ഷം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയുള്ളത്. അതേസമയം ജിസ്എടി കുടിശ്ശികയാിയ കേരളത്തിന് ലഭിക്കുക 780 കോടി രൂപയാണ്.
16,982 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് കൊടുത്തു തീർക്കാനായി അനുവദിച്ചിരിക്കുന്നത്. 49ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലണ് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട തുക പൂർണമായും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. അതേസമയം മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത്. ഏറ്റവും കൂടുതൽ വ്യവസായ വൽക്കൃത സംസ്ഥാനമെന്ന നിലയിൽ മഹാരാഷ്ട്രക്ക് ലഭിക്കുക 2102 കോടി രൂപ ലഭിക്കും. കർണാടകയ്ക്ക് 1934 കോടി രൂപയും ഉത്തർപ്രദേശിന് 1215 കോടി രൂപയും കിട്ടും.
പുതുച്ചേരിക്കാണ് ഏറ്റവും കുറവ് തുക നൽകാനുള്ളത് പുതുച്ചേരിക്കാണ് 73 കോടി രൂപ. 2017ലാണ് ജിഎസ്ടി നിലവിൽ വന്നത്. 2017 ജിഎസ്ടി ആരംഭിച്ചത് മുതൽ 2022 ജൂൺ വരെയുള്ള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശ്ശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ് കേന്ദ്രം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം അഞ്ച് വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.
ഉത്പന്നങ്ങളുടെ മേൽ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നത്. ജൂണിൽ ഇത് അവസാനിച്ചു. അതേസമയം, കേരളം അടക്കം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നതിൽ തീരുമാനമായില്ല. അതേസമയം ജിഎസ്ടി നികുതി പങ്കിടൽ അനുപാതത്തിൽ മാറ്റം വരുത്തണമെന്ന് കേരളം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
പിരിക്കുന്ന നികുതിയുടെ 60 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിലവിൽ 50 :50 അനുപാതത്തിൽ ആണ് നികുതി പങ്കിടുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി യോഗത്തിൽ അറിയിച്ചു. കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശിക ഒരാഴ്ചക്കുളിൽ ലഭിക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിന് ആവശ്യമായ രേഖകൾ ഉദ്യോഗസ്ഥർ കേന്ദ്രത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനങ്ങൾക്കുള്ളിൽ സ്വർണം കൊണ്ട് പോകുന്നതിന് ഇ-വേ ബിൽ നിർബന്ധം ആക്കുന്നതിനുള്ള ചട്ടം ഉടൻ കൊണ്ടുവരണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി ശുപാർശയുടെ അടിസ്ഥാനത്തിൽ ചട്ടം രൂപീകരിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അതേസമയം ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണൽ നയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കേരളം വാദിച്ചു.
സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളവും, തമിഴ്നാടും, ഉത്തർപ്രദേശും, ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജിഎസ്ടി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച് തീരുമാനം ആകാതെ കൗൺസിൽ യോഗം പിരിഞ്ഞു.
ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങൾ എതിർത്താണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളം കടുത്ത നിലപാട് സ്വീകരിച്ചത്. നികുതി പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങൾ ഉണ്ട്. അതിനാൽ തന്നെ ട്രിബ്യൂണൽ അംഗങ്ങളുടെ നിയമനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാൻ അധികാരം ഉണ്ടായിരിക്കണമെന്നും സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു.
തമിഴ്നാട് ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജനും ജിഎസ്ടി ട്രിബ്യൂണൽ സംബന്ധിച്ച കേന്ദ്ര നിർദേശത്തെ എതിർത്തു. ഉത്തർപ്രദേശ് ധനകാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന ഉൾപ്പടെ മറ്റ് ചില സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും ട്രിബ്യുണൽ രൂപീകരണം സംബന്ധിച്ച കേന്ദ്ര ശുപാർശയോട് വിയോജിപ്പ് അറിയിച്ചു. ഇതേ തുടർന്ന് സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് അടുത്ത യോഗത്തിന് മുമ്പായി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച കരട് ശുപാർശ തയ്യാറാക്കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ യോഗത്തെ അറിയിച്ചു.
മറുനാടന് ഡെസ്ക്