കൊച്ചി: വിശ്വാസത്തെ അതിമനോഹരമായി തിരക്കഥയില്‍ ഒളിപ്പിച്ച് അവതരിപ്പിച്ച സിനിമയായിരുന്നു നന്ദനം. ഞാന്‍ ഞാന്‍ മാത്രമേ കണ്ടുള്ളൂവെന്ന ഡയലോഗില്‍ കൈയ്യടി നേടിയ ചിത്രം. പ്രഥ്വിരാജിന് സിനിമയിലേക്ക് വഴി തുറന്ന സിനിമ. നന്ദനത്തില്‍ നായികയായിരുന്നു ഞാന്‍ ഞാന്‍ മാത്രമേ കണ്ടുള്ളൂവെന്ന ഡയലോഗ് അടിച്ചതെങ്കില്‍ പുതിയ ചിത്രമായ 'ഗുരുവായൂരമ്പല നടയില്‍' അത് പറഞ്ഞത് നായകനാണ് പ്രഥ്വിരാജ്. നന്ദനത്തെ പോലെ ഗുരുവായൂര്‍ അമ്പലനടയിലും സൂപ്പര്‍ഹിറ്റായി. ഇപ്പോഴിതാ അരൂം കാണാതെ ആ സിനിമയുടെ സെറ്റ് കത്തി.

കളമശേരി ഏലൂര്‍ ഉദ്യോഗമണ്ഡലിലെ ഫാക്ടില്‍ നിര്‍മിച്ച 'ഗുരുവായൂരമ്പല നടയില്‍' സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങള്‍ക്ക് തീപിടിച്ചത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായി. പ്രദേശമാകെ പുക നിറഞ്ഞത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് തീയണച്ചത്. ആരോ മനപ്പൂര്‍വ്വം കത്തിച്ചതാണെന്നാണ് നിഗമനം. എന്നാല്‍ അതീവ രഹസ്യമായിട്ടായിരുന്നു ആ കത്തിക്കല്‍. അതുകൊണ്ട് തന്നെ കളമശേരിയിലെ കത്തിക്കലും 'ഞാന്‍ ഞാന്‍ മാത്രമേ കണ്ടുള്ളൂവെന്ന' ഡയലോഗു അതു പോലെയായി.

അവശിഷ്ടങ്ങള്‍ക്ക് തീയിട്ടത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. ചിത്രീകരണത്തിനുശേഷം സെറ്റിന്റെ പ്രധാന ഭാഗങ്ങള്‍ പൊളിച്ചു മാറ്റിയിരുന്നു. നാല് കോടിയോളംരൂപ ചെലവഴിച്ചാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ സെറ്റ് നിര്‍മിച്ചത്. ഈ സിനിമയുടെ ചിത്രീകരണ സമയത്തും സിനിമാ സെറ്റുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. പെരുമ്പാവൂരില്‍ നിര്‍മിച്ച സെറ്റ് നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊളിച്ച് മാറ്റി. വയല്‍ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്.

നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയ സാഹചര്യത്തിലാണ് നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയത്. അതുകൊണ്ട് തന്നെ ഏലൂരിലെ കത്തിക്കലിന് പിന്നിലും ആരുടേയോ കൈയ്യുണ്ടെന്നാണ് സൂചന. അന്വേഷണം അട്ടിമറിക്കാന്‍ അതിശക്തമായ ശ്രമങ്ങളും നടക്കുന്നുണ്ട്. അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതോടെ മാലിന്യ പുക ഉയര്‍ന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചത്.

പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തി സമീപവാസികള്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു. എഫ്എസിടി ടൗണ്‍ഷിപ്പിനുള്ളി ലായിരുന്നു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണയ്ച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. പുക ഉയര്‍ന്നതോടെ എഫ്എസിടി അധികൃതര്‍ ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.