തൃശ്ശൂര്‍: കല്യാണത്തിന്റെ കാര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം റെക്കോര്‍ഡ് ഇട്ടിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ.ഇപ്പോഴിത മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ക്ഷേത്രം.2024 സെപ്റ്റംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായപ്പോള്‍ വരുമാനം 5.80 കോടി കവിഞ്ഞു. 58081109 കോടി രൂപയാണ് ഇതുവരെ ലഭിച്ച തുക. സ്വര്‍ണവും വെള്ളിയും ലഭിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ 29 നിരോധിത നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 13 നോട്ടുകളും അഞ്ഞൂറിന്റെ 114 കറന്‍സിയും ലഭിച്ചു. എസ് ഐ ബി ഗുരുവായൂര്‍ ശാഖയ്ക്കാണ് എണ്ണം ചുമതലയുള്ളത്. കിഴക്കേ നട ഇ ഭണ്ഡാരത്തില്‍ നിന്ന് 5.39 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരത്തില്‍ നിന്ന് 34146 രൂപയും ലഭിച്ചു.ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. 17കിലോ 700ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.

ഈ മാസം അവസാനിക്കന്‍ ദിവസങ്ങള്‍ ഇനിയും അവശേഷിക്കുന്നതിനാല്‍ മാസ വരുമാനം വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്.ഈ മാസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോഡ് വിവാഹങ്ങളാണ് നടന്നത്.സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂരില്‍ 360 ലേറെ വിവാഹങ്ങളാണ് നടന്നത്.പുലര്‍ച്ചെ നാലുമണി മുതല്‍ ആരംഭിച്ച കല്യാണങ്ങള്‍ ഏറെ വൈകിയാണ് അവസാനിച്ചത്.തിരക്കും ബുദ്ധിമുട്ടുകളും ഇല്ലാതെയാണ് ഇത്രയും വിവാഹങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ നടത്തിയത് എന്നതും പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഉത്രാടം തിരുവോണം ദിനങ്ങളിലെ കണക്കുകള്‍ ഉള്‍പ്പടെ വരനിരിക്കെമാസ വരുമാനം പുതിയ റെക്കോഡ് തുകയില്‍ എത്താനുള്ള സാധ്യത കൂടുതലാണ്.തിരുവോണ ദിനത്തില്‍ കണ്ണനെ ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് ഗുരുവായൂര്‍ അമ്പലത്തിലെത്തിയത്. തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ച ശീവേലി ഉള്‍പ്പെടെയുള്ള ചടങ്ങുകളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്.

പുലര്‍ച്ചെ നാലരയ്ക്ക് ക്ഷേത്രം ഊരാളന്‍ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിച്ചു.തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിച്ചു. ഉഷപൂജ വരെ ഭക്തജനങ്ങള്‍ ഭഗവാന് ഓണപ്പുടവ സമര്‍പ്പിക്കുന്നത് തുടര്‍ന്നു.ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു മണിക്കൂര്‍ നീട്ടി നല്‍കി ദര്‍ശനസമയം ക്രമീകരിച്ചിരുന്നു.

തിരുവോണത്തിന് പതിനായിരം പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9മുതല്‍ നടന്നു. ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രസാദ ഊട്ട് തുടര്‍ന്നത്.കാളന്‍, ഓലന്‍, പപ്പടം, പച്ചക്കൂട്ട് കറി, പഴം പ്രഥമന്‍, മോര്, കായവറവ് , അച്ചാര്‍, പുളിയിഞ്ചി ഉള്‍പ്പെടെയുളള വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഊട്ട് അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്ന പന്തലിലുമാണ് നടന്നത്.

രാവിലെ നടന്ന കാഴ്ചശീവേലിയില്‍ രാജശേഖരന്‍, ചെന്താമരാക്ഷന്‍, ബല്‍റാം ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്ര സെന്‍, വിനായകന്‍, പീതാംബരന്‍ രാത്രി ശീവേലിക്ക് വിഷ്ണു, വിനായകന്‍, പീതാംബരന്‍ എന്നീ ദേവസ്വം കൊമ്പന്‍മാര്‍ കോലമേറ്റി.രാവിലെ കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂര്‍ ശശിമാരാരുമാണ് മേള പ്രമാണം വഹിച്ചത്.ഇത്തവണ ഓണാഘോഷത്തിന് 22 ലക്ഷം രൂപയുടെ അനുമതിയാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി നല്‍കിയത്.