- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ ചിത്രീകരണം വിലക്കിയ ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി; ഉത്തരവ് ലംഘിച്ചു വീഡിയോ ചിത്രീകരിച്ചാല്‍ പോലീസ് നടപടി; ഉത്തരവിന് വഴിവെച്ചത് ജെസ്ന സലീമിന്റെ കേക്ക് മുറി വിവാദം
ഉത്തരവിന് വഴിവെച്ചത് ജെസ്ന സലീമിന്റെ കേക്ക് മുറി വിവാദം
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വിഡിയോഗ്രഫിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉത്തരവ് നടപ്പിലാക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. ക്ഷേത്രം നടപന്തലില്‍ വിഡിയോ ചിത്രീകരണം വിലക്കിയ ഹൈകോടതി ഉത്തരവ് അടിയന്തിരമായി നടപ്പാക്കാനാണ് ഗുരുവായൂര്‍ ദേവസ്വം നടപടികള്‍ തുടങ്ങിയത്. കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നാലു നടപന്തലിലും വിഡിയോ ചിത്രീകരണത്തിന് ആരെയും അനുവദിക്കില്ല. ദീപസ്തംഭത്തിന് മുന്നില്‍ നിന്നുള്ള വിഡിയോ ചിത്രീകരണവും അനുവദിക്കില്ല.
ഹൈകോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ചാല്‍ പൊലീസ് സഹായത്തോടെ നിയമ നടപടി സ്വീകരിക്കും. കേരള പോലീസ് ആക്ട് 2011 സെക്ഷന്‍ 83 (1) പ്രകാരം ഗുരുവായൂര്‍ ക്ഷേത്രം പ്രത്യേക സുരക്ഷാ മേഖലയാണ്. പ്രസ്തുത സുരക്ഷാ മേഖലയില്‍ നിയമം ലംഘിച്ച് വിഡിയോ ചിത്രീകരിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാന്‍ ദേവസ്വം പൊലീസിന് കത്ത് നല്‍കും. ഹൈകോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ നാലു നടപന്തലിലും സ്ഥാപിക്കും. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ ആകും സ്ഥാപിക്കുക. കോടതി ഉത്തരവിന്റെ സാരാംശം അനൗണ്‍സ്‌മെന്റ് വഴി ഭക്തജനങ്ങളെ അറിയിക്കും.
അതേസമയം ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈകോടതി ഉത്തരവിന് വഴിയൊരുക്കിയത് ക്ഷേത്രപരിസരത്തെ കേക്ക് മുറി വിവാദമായിരുന്നു. ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയായ ജസ്ന സലീം ക്ഷേത്രപരിസരത്ത് പിറന്നാള്‍ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നടപ്പന്തലില്‍ ദര്‍ശനത്തിന് നില്‍ക്കുന്നവരുമായി ജസ്‌നയും കൂട്ടരും തട്ടിക്കയറുന്ന ദൃശ്യം പ്രചരിച്ചിരുന്നു. തുടര്‍ന്ന് അഹിന്ദുക്കളെ ക്ഷേത്രപരിസരത്ത് അനുവദിക്കരുതെന്ന ആവശ്യവുമായി നോര്‍ത്ത് പറവൂര്‍ സ്വദേശി പി.പി. വേണുഗോപാലാണ് കോടതിയെ സമീപിച്ചത്. ക്ഷേത്ര നടപ്പന്തലും പരിസരവും പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ ഇവിടെ വിഡിയോ ചിത്രീകരണം പാടില്ലെന്നാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സെലിബ്രിറ്റികളെ അനുഗമിക്കുന്ന വ്‌ലോഗര്‍മാരുടെ വിഡിയോഗ്രഫിയും അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. ക്ഷേത്രാചാരവും പാരമ്പര്യവും സംരക്ഷിക്കുകയും നടപ്പന്തലില്‍ ഭക്തരുമായി വഴക്കുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം. ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദീപസ്തംഭം പോലുള്ളവയുടെ വിഡിയോഗ്രഫി അനുവദിക്കാനാവില്ല.
സ്ത്രീകള്‍, കുട്ടികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കണമെന്നും അഡ്മിനിസ്ട്രേറ്റര്‍ക്ക് ഇതിനായി പൊലീസ് സഹായം തേടാമെന്നും വ്യക്തമാക്കിയ കോടതി, ഹരജി വീണ്ടും ഒക്ടോബര്‍ 10ന് പരിഗണിക്കാന്‍ മാറ്റി.