ഗാസ സിറ്റി: തെക്കന്‍ ഗാസയിലെ ഖാന്‍ യുനീസില്‍ മൂന്നാഴ്ച മുമ്പ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഹമാസ് നേതാവായിരുന്ന മുഹമ്മദ് സിന്‍വര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍. ഖാന്‍യുനീസിലെ യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് സിന്‍വാറിന്റെ മൃതദേഹം രഹസ്യ തുരങ്കങ്ങളില്‍ നിന്ന് കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്തു വിട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം പതിമൂന്നിനാണ് ആക്രമണം നടന്നത്.

ഖാന്‍ യൂനിസിലെ ഒരു തുരങ്കത്തില്‍ നിന്ന് ഇന്നലെയാണ് സൈന്യം മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് ഇസ്രയേല്‍ ഇക്കാര്യം അറിയിച്ചത്. മുഹമ്മദ് സിന്‍വറിന്റെ ഇസ്രായേലി, ഹമാസ് രേഖകളും ഡ്രൈവിംഗ് ലൈസന്‍സും സൈന്യം സമൂഹമാധ്യമമായ എക്സില്‍ പങ്ക് വെച്ചു. ഒരു സൈനികന്‍ മെഡിക്കല്‍ പരിശോധനക്കാര്‍ക്ക് വഴികാട്ടാനായി

തുരങ്കത്തിലെ ഇരുണ്ട ഇടനാഴിയിലൂടെ നടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് തോക്കുകളും വെടിയുണ്ടകളും നിറച്ചു വെച്ച ഒരു മുറിയിലേക്ക് സംഘം കടന്ന് ചെല്ലുന്നതും മുഹമ്മദ് സിന്‍വറിന്റെ മൃതദേഹം നിലത്ത് കിടക്കുന്നതായും വീഡിയോയില്‍ കാണാം.

നിരവധില പേരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി ആയിരുന്നു ഇയാളെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്. യൂറോപ്യന്‍ ഹോസ്പിറ്റലിലെ രഹസ്യ തുരങ്കത്തില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത് എന്നും ആശുപത്രികള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹമാസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നത് എന്ന തങ്ങളുടെ വാദം ശരി വെയ്ക്കുന്നതാണ് ഈ സംഭവം എന്നുമാണ് ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നത്. അയാള്‍ ജീവിച്ചത് പോലെ പോലെ തന്നെയാണ് മരിച്ചതും എന്നാണ് ഇസ്രയേല്‍ സൈന്യം കുറ്റപ്പെടുത്തുന്നത്.

കൊല്ലപ്പെട്ട ഹമാസ് തലവനായിരുന്ന യാഹ്യാ സിന്‍വറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വറിനെ ഷാഡോ എന്നും ഖാന്‍യുനീസിലെ കശാപ്പുകാരന്‍ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. അമേരിക്കന്‍ പൗരത്വമുള്ള ഇസ്രയേല്‍ സൈനികന്‍ എഡാന്‍ അലക്സാണ്ടറിനെ മോചിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് യൂറോപ്യന്‍ ഹോസ്പിറ്റലിന് നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഈ ആശുപത്രിയിലെ ഭൂഗര്‍ഭ തുരങ്കത്തിലാണ് ഹമാസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തിയ പ്രസംഗത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മുഹമ്മദ് സിന്‍വറിനെ വധിച്ചതായി അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇസ്രയേല്‍ ഇയാളുടെ മരണം സ്ഥിരീകരിക്കുന്നത് തടയാനും ഉചിതമായി സംസ്‌ക്കരിക്കുന്നതിനുമായി ഹമാസ് ഭീകരര്‍ ഇയാളുടെ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. നേരത്തേ ഇയാള്‍ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന ബന്ദികളെ മറയാക്കിയാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ആക്രമണം നടന്ന ദിവസം മുഹമ്മദ് സിന്‍വര്‍ ഇവരെ കൂട്ടാതെയാണ് ഹമാസ് നേതാക്കളുമായി ആശുപത്രിയില്‍ ചര്‍ച്ചക്കായി എത്തിയത്.

ഇത് കൃത്യമായി മനസിലാക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിയില്‍ ശക്തമായ തോതില്‍ ആക്രമണം നടത്തുകയായിരുന്നു. വ്യോമാക്രമണമാണ് ഇസ്രയേല്‍ ഇവിടെ നടത്തിയത്. കഴിഞ്ഞ വര്‍ഷം യാഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് സിന്‍വര്‍ ഹമാസിന്റെ അപ്രഖ്യാപിത തലവനായി മാറിയത്. മുഹമ്മദ് സിന്‍വറിന്റെ വധത്തെ തുടര്‍ന്ന് ഇസ്രയേലില്‍ വലിയ ആഘോഷങ്ങള്‍ നടന്നിരുന്നു.