ടെല്‍ അവീവ്: ഒന്നരവര്‍ഷത്തിലേറെ ഹമാസ് ബന്ദിയായിരുന്ന ഇസ്രായേലി യുവാവ് ഒമര്‍ ഷെം ടോവ് മോചനസമയത്ത് ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ മുത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തുകൊണ്ടാണ ഒമര്‍ തന്നെ ബന്ദികളാക്കിയവരോടെ അങ്ങനെ പെരുമാറിയത് എന്ന ചോദ്യമായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. എന്നാല്‍, ഇത് ഹമാസിന്റെ പ്രചരണ തന്ത്രമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ഹമാസിന്റെ നിര്‍ദേശപ്രകാരമാണ് ഈ ആഹ്‌ളാദപ്രകടനങ്ങള്‍ ഉണ്ടായതെന്നാണ് ഒമറിന്റെ അച്ഛന്‍ വെളിപ്പെടുത്തിയത്. പുഞ്ചിരിക്കാനും കൈ വീശാനും അവര്‍ പറഞ്ഞതുപോലെ ഒമര്‍ ചെയ്തു. നെറുകയില്‍ ഉമ്മ വെച്ചതും അവിടെ ഉണ്ടായിരുന്ന ഹമാസിന്റെ ആള്‍ ആവശ്യപ്പെട്ടത് അ0നുസരിച്ചായിരുന്നു. ഹമാസിന്റെ ബന്ദിയായിരിക്കെ, മാനസികമായും ശാരീരികമായും ഒമര്‍ അനുഭവിച്ച പീഢനങ്ങളും പിതാവ് വെളിപ്പെടുത്തി. കൊടിയ പീഡനങ്ങളായിരുന്നു യുവാവിന് അനുഭവിക്കേണ്ടി വന്നത്.

നോവ മ്യൂസിക് ഫെസ്റ്റില്‍ നിന്ന് 2023 ഒക്ടോബര്‍ 7ന് ഹമാസിന്റെ പിടിയിലായ യുവാവ് ആദ്യത്തെ 50 ദിവസം മറ്റൊരാള്‍ക്കൊപ്പമാണ് തടവിലാക്കപ്പെട്ടത്. ആ വര്‍ഷത്തെ താത്കാലിക കരാര്‍ പ്രകാരം, ഒപ്പമുണ്ടായിരുന്നയാള്‍ മോചിപ്പിക്കപ്പെടുകയും ഒമറിനെ ഹമാസിന്റെ തുരങ്കത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടുള്ള മാസങ്ങളോളം ഒമര്‍ സൂര്യപ്രകാശമെത്താത്ത തുരങ്കത്തിനകത്ത് ഏകാന്തതടവിലായിരുന്നു. ഈ ദിവസങ്ങളില്‍ ബന്ദിമോചനത്തിനായി തന്റെ ഉറ്റവരടക്കം നടത്തിവന്ന പോരാട്ടത്തിന്റെ മാധ്യമറിപ്പോര്‍ട്ടുകള്‍ മാത്രം കണ്ടതാണ് ഒമറിന് പുറംലോകത്തെക്കുറിച്ചുള്ള അറിവ്.

എങ്കിലും എല്ലാത്തിനെയും പ്രത്യാശയോടെ കാണുന്ന, എല്ലാവരോടും പെട്ടെന്നടുക്കുന്ന പഴയ ഒമറിനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. 16മാസത്തെ ബന്ദനത്തിനിടെ 15 കിലോ ഭാരം കുറഞ്ഞെന്നൊഴിച്ചാല്‍ മറ്റാരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍ ബന്ദികളാക്കപ്പെട്ട കാലയളവിലേറ്റ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ മോചിതരായവരിലെല്ലാമുണ്ടെന്ന് കുടുംബം പറയുന്നു.

ഇരുട്ടറകളില്‍ കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടനിലയിലും, പട്ടിണിയിലും, ഇവര്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചതായി കുടുംബങ്ങളാരോപിക്കുന്നു. മോചനത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഭക്ഷണം നല്‍കി ശരീരഭാരം കൂട്ടുകയും ക്യാമറയ്ക്കും ജനക്കൂട്ടത്തിനുമുന്നില്‍ ഏതുവിധം പെരുമാറണമെന്ന് നിര്‍ദേശം നല്‍കിയുമാണ് ഹമാസ് ബന്ദിമോചനത്തിന്റെ ദൃശ്യങ്ങള്‍ പ്രചാരണത്തിനുപയോഗിക്കുന്നതെന്നും ഇസ്രേയേലും ബന്ദികളുടെ കുടുംബാംഗങ്ങളും ആരോപിക്കുന്നു.

അതേസമയം യുവാവ് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ഹമാസിനോടുള്ള നന്ദിപ്രകാശനമായും മോചനസമയത്തെ ആഹ്‌ളാദമായും ഈ ദൃശ്യത്തിന് സാമൂഹികമാധ്യമങ്ങളില്‍ ഹമാസ് അനുകൂലികള്‍ പ്രചരിപ്പിക്കുന്നുണ്ട്. 505 ദിവസം ഹമാസിന്റെ തടവിലിരുന്നശേഷം മോചിതനാകുമ്പോള്‍ 22 കാരനായ ഒമര്‍ ഷെം ടോവ് നിറഞ്ഞ് പുഞ്ചിരിക്കുകയായിരുന്നു. മോചനത്തിന്റെ ഓരോഘട്ടത്തിലും നിസ്സാഹയതയില്‍ നിന്നും പ്രത്യാശയിലേക്ക് കടന്നെന്ന് തോന്നിക്കുന്ന ആ പുഞ്ചിരി ഒമറിന്റെ മുഖത്തുണ്ടായിരുന്നു. ജനക്കൂട്ടത്തിനുനേരെ തുടര്‍ച്ചയായി കൈവീശിക്കൊണ്ടിരുന്ന ആ യുവാവ്, ഹമാസ് ഒരുക്കിയ വേദിയിലെ പരേഡിനിടെ ഒപ്പംനിന്ന ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ മുത്തുകയായിരുന്നു.