- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹാപ്പി ന്യൂഇയര്‍..! 2025ന് വിട നല്കി 2026നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; കണ്ണഞ്ഞിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളോടെ വിസ്മയിപ്പിച്ചു പുതുവര്‍ഷത്തിലേക്ക് കടന്ന് ലോകനഗരങ്ങള്‍; ആദ്യം പുതുവര്‍ഷം എത്തിയത് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍; സിഡ്നിയില്‍ ആഘോഷം ബോണ്ടി ഭീകരാക്രമണത്തിന്റെ ഓര്‍മ്മകളില്‍; ആഘോഷ തിമര്‍പ്പില്‍ ഇന്ത്യന്‍ നഗരങ്ങളും
ഹാപ്പി ന്യൂഇയര്‍..! 2025ന് വിട നല്കി 2026നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം
ലണ്ടന്‍: പ്രത്യാശ നിറഞ്ഞതാകട്ടെ 2026 എന്ന ആശംസകളുമായി ലോകം പുതുവര്‍ഷത്തെ വരവേറ്റു. പസഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍ തുടങ്ങിയ ആഘോഷം പതിയ ലോകം മുഴുവന്‍ വ്യാപിച്ചു. ഇന്ത്യയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും അടക്കം പുതുവത്സരാഘോഷങ്ങള്‍ നടന്ന. കണ്ണഞ്ഞിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളുമായാണ് ഭൂഖണ്ഡങ്ങളിലും വന്‍ നഗരങ്ങളില്‍ പുതുവത്സര ആഘോഷം നടന്നത്. ലോകത്തെ ചില നഗരങ്ങളില്‍ ഭീകരാക്രമണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങള്‍ നടന്നത്. ചിലയിടങ്ങളില്‍ ഭീകരാക്രമണ ഭീതിയുടെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ഗള്‍ഫ് നാടുകളിലും ആഘോഷങ്ങള്‍ പൊടിപൊടിച്ചു.
ഇന്ത്യയിലും ആഘോഷം വിപുലമായി തന്നെ നടന്നു. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും അടക്കം വിവിധ നഗരങ്ങളില്‍ പുതുവത്സര ആഘോഷങ്ങള്‍ പൊടിപൊടിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷങ്ങളുടെ ഭാഗമായി പാപ്പാഞ്ഞിയെ കത്തിച്ചു.
പുതുവര്‍ഷം ആദ്യമെത്തിയത് കിരിബാത്തിയില്‍, പിന്നാലെ ന്യൂസിലാന്‍ഡും
പുതുവര്‍ഷമായ 2026-നെ ലോകത്തിലാദ്യമായി വരവേറ്റ് പസഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപ് രാഷ്ട്രമായ കിരിബാത്തി. കിരിബാത്തിയുടെ ഭാഗമായ കിരിതിമതി അഥവാ ക്രിസ്മസ് ദ്വീപ് ആണ് ആഗോളതലത്തില്‍ ആദ്യം പുതുവര്‍ഷത്തിലേക്ക് ചുവടുവെച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് 'സമയത്തിന്റെ തുടക്കം' എന്ന് വിശേഷിപ്പിക്കാവുന്ന കിരിതിമതി ദ്വീപില്‍ ഇന്ത്യന്‍ സമയം ഡിസംബര്‍ 31-ന് വൈകുന്നേരം 3:30 ആയപ്പോഴേക്കും 2026 പിറന്നു കഴിഞ്ഞു. അന്താരാഷ്ട്ര ദിനാങ്കരേഖയോട് ഏറ്റവും അടുത്തുകിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ലോകത്തില്‍ മറ്റെല്ലായിടത്തേക്കാളും മുന്‍പേ കലണ്ടര്‍ മാറുന്നത്.
സാധാരണയായി വലിയ വെടിക്കെട്ടുകളോ ആഡംബരങ്ങളോ ഒന്നുമില്ലാതെ, ലളിതവും എന്നാല്‍ ഹൃദ്യവുമായ ചടങ്ങുകളോടെയാണ് ദ്വീപ് നിവാസികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പ്രാദേശിക പള്ളികളിലെ പ്രത്യേക പ്രാര്‍ത്ഥനകളും സമുദായ കൂട്ടായ്മകളും ഈ ആഘോഷത്തിന്റെ ഭാഗമാണ്. 2025-ലെ ലോക സംഭവവികാസങ്ങളെയും വെല്ലുവിളികളെയും പിന്നിലാക്കി പ്രത്യാശയോടെയാണ് കിരിബാത്തി ജനത പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചത്.
പസഫിക് സമുദ്രത്തില്‍ ഏകദേശം 33 അറ്റോളുകളിലായി വ്യാപിച്ചുകിടക്കുന്ന കിരിബാത്തി, ലോകത്തിലെ നാല് ഗോളാര്‍ദ്ധങ്ങളിലും (ഉത്തര, ദക്ഷിണ, കിഴക്ക്, പടിഞ്ഞാറ്) ഭാഗികമായി സ്ഥിതി ചെയ്യുന്ന ഏക രാജ്യമാണ്. 1995-ല്‍ കിരിബാത്തി സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്തെ എല്ലാ ദ്വീപുകളെയും ഒരേ തീയതിക്ക് കീഴില്‍ കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര ദിനാങ്കരേഖ കിഴക്കോട്ട് പുനര്‍ക്രമീകരിച്ചിരുന്നു. ഇതോടെയാണ് കിരിതിമതി ദ്വീപ് ലോകത്തില്‍ ആദ്യമായി പുതുവര്‍ഷം ആഘോഷിക്കുന്ന സ്ഥലമായി മാറിയത്.
കിരിബാത്തിക്ക് പിന്നാലെ അയല്‍ രാജ്യങ്ങളായ സമോവയും ടോംഗയും പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു. പിന്നീട് ചാത്തം ദ്വീപുകളും ന്യൂസിലന്‍ഡും ഓസ്ട്രേലിയയും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. സിഡ്നി ഹാര്‍ബര്‍ പാലത്തിലെ വിസ്മയകരമായ വെടിക്കെട്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് തത്സമയം വീക്ഷിക്കുന്നത്.
ആഘോഷങ്ങള്‍ക്കിടയിലും കിരിബാത്തി നേരിടുന്ന വലിയൊരു ഭീഷണി കാലാവസ്ഥാ വ്യതിയാനമാണ്. സമുദ്രനിരപ്പ് ഉയരുന്നത് ഈ കൊച്ചു ദ്വീപുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുണ്ട്. 2026-ലേക്ക് പ്രവേശിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഈ രാജ്യം പ്രതീക്ഷിക്കുന്നു. 2025-ല്‍ ലോകബാങ്ക് പോലുള്ള സംഘടനകള്‍ കിരിതിമതിയുടെ വികസനത്തിനായി വന്‍തോതില്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.
ലോകം മുഴുവന്‍ 2026-നെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍, പസഫിക് സമുദ്രത്തിലെ ഈ കൊച്ചു ദ്വീപ് വീണ്ടും സമയത്തിന്റെ മുന്‍നിരയില്‍ എത്തിനില്‍ക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും മറ്റും പല ഭാഗങ്ങളിലും പുതുവര്‍ഷം എത്തുമ്പോഴേക്കും കിരിബാത്തിയില്‍ ജനുവരി ഒന്ന് അവസാനിക്കാറായിട്ടുണ്ടാകും എന്നതാണ് രസകരമായ വസ്തുത.
പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന രണ്ടാമത്തെ പ്രധാന നഗരങ്ങളിലൊന്നായി ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡ് മാറി. ലോകം 2026-ലേക്ക് ചുവടുവെക്കുമ്പോള്‍, ആവേശകരമായ ആഘോഷങ്ങളോടെയും വിസ്മയിപ്പിക്കുന്ന വെടിക്കെട്ടോടെയും പുതുവര്‍ഷത്തെ രണ്ടാമതായി വരവേറ്റ രാജ്യങ്ങളില്‍ ഒന്നായി ന്യൂസിലന്‍ഡ് മാറി. പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിക്ക് ശേഷം വലിയ രീതിയിലുള്ള പുതുവര്‍ഷാഘോഷങ്ങള്‍ നടന്നത് ന്യൂസിലന്‍ഡിലാണ്. ഓക്ക്ലന്‍ഡിലെ ആകാശത്തെ വര്‍ണ്ണാഭമാക്കിയ വെടിക്കെട്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു.
സ്‌കൈ ടവര്‍ പൂരപ്പറമ്പായി മാറി ഓക്ക്ലന്‍ഡിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ സ്‌കൈ ടവര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ആഘോഷങ്ങള്‍. 328 മീറ്റര്‍ ഉയരമുള്ള ഈ ടവറിന് മുകളില്‍ നിന്ന് തൊടുത്തുവിട്ട ആയിരക്കണക്കിന് പടക്കങ്ങള്‍ നഗരത്തിന്റെ ആകാശത്തെ പകല്‍ വെളിച്ചത്തിന് സമാനമായി പ്രകാശിപ്പിച്ചു. കൃത്യം 12 മണിക്ക് തന്നെ തുടങ്ങിയ വെടിക്കെട്ട് അഞ്ച് മിനിറ്റിലധികം നീണ്ടുനിന്നു. കിലോമീറ്ററുകളോളം അകലെയുള്ളവര്‍ക്കും വ്യക്തമായി കാണാവുന്ന രീതിയിലാണ് ഈ ദൃശ്യവിരുന്ന് ഒരുക്കിയിരുന്നത്.
മഴയെ അവഗണിച്ചും ജനലക്ഷങ്ങള്‍ മോശം കാലാവസ്ഥയും മഴയുടെ ഭീഷണിയും നിലനിന്നിരുന്നെങ്കിലും ആയിരക്കണക്കിന് ആളുകളാണ് ഓക്ക്ലന്‍ഡ് ഹാര്‍ബറിലും നഗരമധ്യത്തിലും ഒത്തുകൂടിയത്. കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നിട്ടും, ജനങ്ങളുടെ ആവേശത്തിന് കുറവുണ്ടായില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ പല പ്രധാന റോഡുകളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
2026-നെ ആവേശത്തോടെ വരവേറ്റ് ഇന്ത്യ
2026 പുതുവര്‍ഷത്തെ ഉജ്ജ്വലമായി വരവേറ്റു ഇന്ത്യയും. മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് അര്‍ദ്ധരാത്രിയില്‍ ഒത്തുചേര്‍ന്നത്. ഡിജെ പാര്‍ട്ടികള്‍ അടക്കം സജീവമായിരുന്നു. കേരളത്തിലെ പുതുവര്‍ഷാഘോഷങ്ങളുടെ സിരാകേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയില്‍ വന്‍ ജനസാഗരമാണ് അനുഭവപ്പെട്ടത്. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെ കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിച്ചതോടെ കൊച്ചിന്‍ കാര്‍ണിവലിന് ആവേശകരമായ സമാപ്തിയായി.
കഴിഞ്ഞ വര്‍ഷത്തെ തിന്മകളെയും ദുഃഖങ്ങളെയും അഗ്‌നിക്കിരയാക്കി പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്ന ഈ ചടങ്ങ് കാണാന്‍ വിദേശ സഞ്ചാരികളടക്കം പതിനായിരങ്ങള്‍ എത്തിയിരുന്നു. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും ആഘോഷങ്ങള്‍ക്കായി പുലര്‍ച്ചെ വരെ സര്‍വീസ് നീട്ടി.
ബോണ്ടി ബീച്ച് ആക്രമണത്തിന്റെ നടുക്കം മാറാതെ ഓസ്‌ട്രേലിയയിലെ പുതുവര്‍ഷം
കണ്ണുകള്‍ക്ക് വര്‍ണ്ണാഭമായ കാഴ്ചകള്‍ സമ്മാനിച്ച് കങ്കാരുക്കളുടെ നാടായ ഓസ്ട്രേലിയയിലും പുതുവര്‍ഷം പിറന്നു. ഓസ്ട്രേലിയന്‍ ജനത വലിയ ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. സിഡ്നി ഹാര്‍ബറിലെ പുതുവത്സരാഘോഷ വെടിക്കെട്ട് അര്‍ദ്ധരാത്രിയില്‍ ആകാശത്തെ പ്രകാശപൂരിതമാക്കി. വെടിക്കെട്ട് പ്രദര്‍ശനത്തോടെ അവര്‍ 2026 വലിയ ആരവത്തോടെ വരവേല്‍ക്കുകയായിരുന്നു.
സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജിലും ഓപ്പറ ഹൗസിലും നടന്ന ലോകപ്രശസ്തമായ കരിമരുന്ന് പ്രയോഗത്തോടെയാണ് രാജ്യം പുതുവര്‍ഷത്തിലേക്ക് ചുവടുവെച്ചത്. പസഫിക് ദ്വീപ് രാഷ്ട്രങ്ങളായ കിരിബാത്തിക്കും ടോംഗയ്ക്കും പിന്നാലെയാണ് ഓസ്ട്രേലിയയില്‍ പുതുവര്‍ഷം പിറന്നത്. ഏകദേശം ഒന്‍പത് ടണ്ണോളം വെടിക്കെട്ടുകളാണ് സിഡ്നി ആകാശത്ത് വിസ്മയം തീര്‍ത്തത്. പത്ത് ലക്ഷത്തിലധികം ആളുകള്‍ ഹാര്‍ബര്‍ തീരത്ത് ഈ കാഴ്ച കാണാനായി ഒത്തുകൂടി. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആയുധധാരികളായ പോലീസിന്റെ ാന്നിധ്യമുണ്ടായിരുന്നെങ്കിലും, ജനങ്ങള്‍ ഒട്ടും ഭയമില്ലാതെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
ദക്ഷിണ കൊറിയയിലും ജപ്പാനിലും പരമ്പരാഗതമായ മണിമുഴക്കല്‍ ചടങ്ങുകളോടെ പുതുവര്‍ഷം
ദക്ഷിണ കൊറിയയിലും ജപ്പാനിലും പരമ്പരാഗതമായ മണിമുഴക്കല്‍ ചടങ്ങുകളോടെ 2026 പുതുവര്‍ഷത്തെ ആവേശപൂര്‍വ്വം വരവേറ്റു. നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് നടന്ന ഈ ചടങ്ങുകളില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെ ബോസിംഗാക് പവലിയനില്‍ നടന്ന മണിമുഴക്കല്‍ ചടങ്ങായിരുന്നു പുതുവര്‍ഷാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. അര്‍ദ്ധരാത്രിയില്‍ കൃത്യം 12 മണിയോടെ പവലിയനിലെ വെങ്കലമണി 33 തവണ മുഴക്കി. ബുദ്ധമത വിശ്വാസപ്രകാരം ഐശ്വര്യവും സമാധാനവും കൈവരുന്നതിനാണ് 33 തവണ മണി മുഴക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരും തെരഞ്ഞെടുക്കപ്പെട്ട പൗരന്മാരും ഈ ചടങ്ങില്‍ പങ്കാളികളായി. കൗണ്ട്ഡൗണിനൊപ്പം നടന്ന വര്‍ണ്ണാഭമായ കലാപരിപാടികളും വെടിക്കെട്ടും പുതുവര്‍ഷാഘോഷത്തിന്റെ മാറ്റ് കൂട്ടി.
ജപ്പാനില്‍ 'ജോയ നോ കാനെ' എന്നറിയപ്പെടുന്ന പാരമ്പരാഗത ബുദ്ധമത ആചാരത്തിലൂടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ജപ്പാനിലെ പ്രശസ്തമായ ബുദ്ധക്ഷേത്രങ്ങളില്‍ അര്‍ദ്ധരാത്രിയില്‍ മണി 108 തവണ മുഴക്കി. മനുഷ്യരിലെ 108 തരം ലൗകിക മോഹങ്ങളെയും പാപങ്ങളെയും ഈ മണിമുഴക്കത്തിലൂടെ ശുദ്ധീകരിക്കാമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. ടോക്കിയോയിലെയും ക്യോട്ടോയിലെയും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഈ ചടങ്ങ് കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വിസ്മയിപ്പിച്ച് ചൈനയും
ആധുനികതയും പാരമ്പര്യവും ഒത്തുചേര്‍ന്ന ഗംഭീരമായ ആഘോഷങ്ങളോടെ ചൈന 2026 പുതുവര്‍ഷത്തെ വരവേറ്റു. തലസ്ഥാനമായ ബീജിംഗിലും സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിലും നടന്ന കൗണ്ട്ഡൗണ്‍ പാര്‍ട്ടികളില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഗ്രീഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ള ജനുവരി ഒന്ന് വലിയ ആഘോഷമായി മാറിയെങ്കിലും, രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന തങ്ങളുടെ പാരമ്പര്യ പുതുവര്‍ഷമായ 'ലൂണാര്‍ ന്യൂ ഇയറിനായാണ്'.
ഷാങ്ഹായിലെ ഹുവാങ്പു നദിക്കരയില്‍ നടന്ന അത്യാധുനിക ഡ്രോണ്‍ പ്രദര്‍ശനം കാണികളെ അത്ഭുതപ്പെടുത്തി. ആയിരക്കണക്കിന് ഡ്രോണുകള്‍ ആകാശത്ത് വിവിധ രൂപങ്ങള്‍ തീര്‍ത്തപ്പോള്‍, ഗ്വാങ്ഷൂ നഗരത്തില്‍ വിസ്മയകരമായ വെടിക്കെട്ടുകള്‍ അരങ്ങേറി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ചുവന്ന വിളക്കുകള്‍ (ഞലറ ഘമിലേൃി)െ കൊണ്ട് അലങ്കരിച്ചിരുന്നു.
ചൈനീസ് കലണ്ടര്‍ പ്രകാരം 2026 ഫെബ്രുവരി 17-നാണ് യഥാര്‍ത്ഥ പുതുവര്‍ഷം ആരംഭിക്കുന്നത്. ഇത് 'കുതിരയുടെ വര്‍ഷം' ആയാണ് അവര്‍ കണക്കാക്കുന്നത്. ഊര്‍ജ്ജസ്വലതയുടെയും വിജയത്തിന്റെയും പ്രതീകമായാണ് കുതിരയെ അവര്‍ കാണുന്നത്. ഇതിനോടനുബന്ധിച്ചുള്ള പരമ്പരാഗതമായ ലയണ്‍ ഡാന്‍സും ഡ്രാഗണ്‍ ഡാന്‍സും നഗരവീഥികളെ ഉത്സവലഹരിയിലാഴ്ത്തി.
ലോകപ്രശസ്തമായ പെട്രോണാസ് ഇരട്ട ഗോപുരങ്ങളെ സാക്ഷിയാക്കി മലേഷ്യ 2026 പുതുവര്‍ഷത്തെ ആവേശപൂര്‍വ്വം വരവേറ്റു. 'വിസിറ്റ് മലേഷ്യ 2026' ക്യാമ്പയിന്റെ ഔദ്യോഗിക തുടക്കം കൂടിയായതിനാല്‍ ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് ഇരട്ടി തിളക്കമായിരുന്നു. പതിനായിരക്കണക്കിന് സ്വദേശികളും വിദേശ വിനോദസഞ്ചാരികളുമാണ് കോലാലംപുരിലെ വിവിധ കേന്ദ്രങ്ങളില്‍ ഒത്തുചേര്‍ന്നത്.
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ കെഎല്‍സിസി പാര്‍ക്കിലായിരുന്നു പ്രധാന ആഘോഷങ്ങള്‍ നടന്നത്. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയായതോടെ ആകാശത്ത് വിസ്മയകരമായ വെടിക്കെട്ട് അരങ്ങേറി. സംഗീതത്തിനൊപ്പം ഏകോപിപ്പിച്ച വെടിക്കെട്ടും ലേസര്‍ പ്രദര്‍ശനങ്ങളും കാണികളെ ആവേശത്തിലാഴ്ത്തി. ഷില അംസ, ഐന അബ്ദുള്‍ തുടങ്ങിയ പ്രമുഖ മലേഷ്യന്‍ കലാകാരന്മാര്‍ പങ്കെടുത്ത സംഗീത വിരുന്നുകളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.
ആകാശപ്പൂരം തീര്‍ത്ത് സിംഗപ്പൂര്‍ മറീന ബേ
വര്‍ണ്ണാഭമായ വെടിക്കെട്ടും സംഗീത വിരുന്നുകളും കൊണ്ട് സിംഗപ്പൂര്‍ 2026 പുതുവര്‍ഷത്തെ ഉജ്ജ്വലമായി വരവേറ്റു. ലോകപ്രശസ്തമായ മറീന ബേ കേന്ദ്രീകരിച്ച് നടന്ന 'വണ്‍ കൗണ്ട്ഡൗണ്‍ 2026' ആഘോഷങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും നഗരം ഉത്സവലഹരിയിലായി.
അര്‍ദ്ധരാത്രിയില്‍ ആകാശത്ത് 30 മിനിറ്റോളം നീണ്ടുനിന്ന അത്ഭുതകരമായ വെടിക്കെട്ടായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. 'എലീസിയം' എന്ന് പേരിട്ട മ്യൂസിക്കല്‍ ഷോയ്‌ക്കൊപ്പമായിരുന്നു വെടിക്കെട്ട് അരങ്ങേറിയത്. ഫുല്ലെര്‍ട്ടണ്‍ ഹോട്ടലിന്റെ ചുവരുകളില്‍ പതിച്ച ലൈറ്റ് പ്രൊജക്ഷന്‍ ഷോകളും കാണികള്‍ക്ക് നവ്യാനുഭവമായി. തിരക്ക് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് മെര്‍ലിയന്‍ പാര്‍ക്ക്, ഹെലിക്‌സ് ബ്രിഡ്ജ് തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കുള്ള പ്രവേശനം പോലീസ് നേരത്തെ നിയന്ത്രിച്ചിരുന്നു.
ലോകത്തിലെ മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ വന്‍ ആഘോഷങ്ങളോടെ ഉത്തര കൊറിയ 2026 പുതുവര്‍ഷത്തെ വരവേറ്റു. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിലെ കിം ഇല്‍ സുങ് സ്‌ക്വയറില്‍ നടന്ന വിപുലമായ പരിപാടികളില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചും ജനങ്ങള്‍ തെരുവുകളിലിറങ്ങി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
അര്‍ദ്ധരാത്രിയില്‍ നടന്ന വര്‍ണ്ണാഭമായ വെടിക്കെട്ടായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. പ്യോങ്യാങ്ങിലെ തായ്ഡോങ് നദിക്കരയില്‍ ആകാശത്തെ പ്രകാശപൂരിതമാക്കി മിനിറ്റുകളോളം വെടിക്കെട്ട് നീണ്ടുനിന്നു. ഇതിനോടനുബന്ധിച്ച് പ്രശസ്ത ഗായകരും നര്‍ത്തകരും പങ്കെടുത്ത വിപുലമായ സംഗീത പരിപാടികളും സ്റ്റേജ് ഷോകളും അരങ്ങേറി. രാജ്യത്തിന്റെ പുരോഗതിയും കരുത്തും വിളിച്ചോതുന്ന ഗാനങ്ങളാണ് ചടങ്ങില്‍ ആലപിച്ചത്.
ആവേശകരമായ ആഘോഷങ്ങളോടെ ഫിലിപ്പീന്‍സ് 2026 പുതുവര്‍ഷത്തെ വരവേറ്റു. തലസ്ഥാനമായ മനിലയിലെ ലുനേറ്റ പാര്‍ക്കിലും മനില ബേയിലും പതിനായിരക്കണക്കിന് ആളുകളാണ് അര്‍ദ്ധരാത്രിയില്‍ ഒത്തുചേര്‍ന്നത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്.
ഫിലിപ്പീന്‍സുകാര്‍ക്ക് പുതുവര്‍ഷം വലിയ ശബ്ദത്തോടുകൂടിയ ആഘോഷമാണ്. വലിയ ശബ്ദമുണ്ടാക്കുന്നത് ദുരാത്മാക്കളെ അകറ്റുമെന്നാണ് ഇവരുടെ വിശ്വാസം. ക്യൂസോണ്‍ സിറ്റിയിലും മകാറ്റിയിലും നടന്ന വിപുലമായ വെടിക്കെട്ടുകള്‍ ആകാശത്ത് വിസ്മയം തീര്‍ത്തു. പ്രാദേശിക കലാകാരന്മാരുടെ സംഗീത പരിപാടികളും നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. നഗരങ്ങളിലെ പ്രധാന ഹോട്ടലുകളിലും മാളുകളിലും കൗണ്ട്ഡൗണ്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു.
(മറുനാടന്‍ മലയാളിയുടെ പ്രിയവായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍)




