- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരണ സമയത്ത് ഭീഷണിപ്പെടുത്തി, നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ'; തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസ് വിധിയില്‍ തൃപ്തയല്ല; അപ്പീല്‍ പോകുമെന്ന് ഹരിത; പൊട്ടിക്കരഞ്ഞ് അനീഷിന്റെ മാതാപിതാക്കളും
വിചാരണ സമയത്ത് ഭീഷണിപ്പെടുത്തി, നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. 'ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.'- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവര്‍ക്ക് ഈ ശിക്ഷ കൊടുത്തതില്‍ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നായിരുന്നു അച്ഛന്റെയും പ്രതികരണം. വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത വെളിപ്പെടുത്തി. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി. - ഹരിത വെളിപ്പെടുത്തി.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം.
വിധികേട്ട് പൊട്ടിക്കരഞ്ഞ അനീഷിന്റെ മാതാപിതാക്കളെയും ഹരിത ചേര്‍ത്തു നിര്‍ത്തി. ഈ വയോധികര്‍ക്ക് ആശ്വാസമായുള്ളത് ഹരിതയാണ്. സാക്ഷര കേരളമെന്ന അഭിമാനച്ചൊല്ലിനെ അപമാനിച്ച അരുംകൊലയായിരുന്നു തേങ്കുറുശിയിലേത്. മകള്‍ ഹരിത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ഇതരജാതിയില്‍പ്പെട്ട അനീഷിനെ വിവാഹം കഴിച്ചപ്പോള്‍ അച്ഛന്റെയും അമ്മാവന്റെയും ഭീഷണിയെത്തി: 'നിന്റെ താലിക്ക് 90 ദിവസം ആയുസ്സുണ്ടാകില്ല'. അച്ഛനും അമ്മാവനും ജാതിഭ്രാന്തില്‍ അരുംകൊല നടത്തി.
ഹരിതയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുഴല്‍മന്ദം തേങ്കുറുശി മാനാംകുളമ്പ് സ്‌കൂളിനു സമീപം ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകന്‍ അനീഷ് (27) കൊല്ലപ്പെട്ടത് 2020 ഡിസംബര്‍ 25ന്. ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ (43), അമ്മാവന്‍ സുരേഷ്‌കുമാര്‍ (45) എന്നിവരായിരുന്നു പ്രതികള്‍. കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയായ 2018ലെ കോട്ടയം കെവിന്‍ വധത്തിനു പിന്നാലെയായിരുന്നു പാലക്കാട് തേങ്കുറുശിയിലെ ദുരഭിമാനക്കൊല. മകളുടെ ഭര്‍ത്താവ് വിവാഹം നടന്നതിന്റെ 90 ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുമെന്ന ഭീഷണി കൊലപാതകത്തിലെത്തിയത് വിവാഹത്തിന്റെ തൊണ്ണൂറാം ദിവസത്തിനു തലേന്ന്.
തേങ്കുറുശ്ശിയില്‍ ഒരു കിലോമീറ്റര്‍ അകലെയാണ് ഹരിതയുടെയും അനീഷിന്റെയും വീടുകള്‍. വ്യത്യസ്ത ജാതികളില്‍പ്പെട്ട അനീഷും ഹരിതയും സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ അനീഷ് പെയിന്റിങ് തൊഴിലാളിയും ഹരിത രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയുമാണ്. വീട്ടുകാര്‍ മറ്റൊരാളുമായി ഹരിതയുടെ വിവാഹം നിശ്ചയിച്ചതിനു പിറ്റേന്നാണ് ഇരുവരും വിവാഹിതരായത്. സാമ്പത്തിക അന്തരവും ഇതര ജാതിയായതും ഹരിതയുടെ പിതാവിന്റെയും അമ്മാവന്റെയും പക വര്‍ധിപ്പിച്ചു. മകളെ തട്ടിക്കൊണ്ടുപോയെന്ന പ്രഭുകുമാറിന്റെ പരാതിയില്‍ പൊലീസ് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. ഇനി പരാതിയില്ലെന്നാണു പ്രഭുകുമാര്‍ അന്നു പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പിന്നീടും അനീഷിനെ പലതവണ ഭീഷണിപ്പെടുത്തി. പ്രഭുകുമാറും സുരേഷ് കുമാറും നേരത്തേ പ്രദേശത്തുണ്ടായ അക്രമ കേസുകളില്‍ പ്രതികളായിരുന്നു. സാമ്പത്തികം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ഹരിതയെ തിരികെ വീട്ടിലേക്ക് എത്തിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി അനീഷിന്റെ അമ്മയും അച്ഛനും പൊലീസിനു മൊഴി നല്‍കി. സുരേഷ്‌കുമാര്‍ സ്ഥിരമായി കത്തിയുമായാണു നടന്നിരുന്നതെന്നും അനീഷിന്റെ കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു.
2020 ഡിസംബര്‍ 25നു വൈകിട്ട് അഞ്ചരയോടെ, അനീഷ് സഹോദരന്‍ അരുണിനൊപ്പം കടയില്‍പ്പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. പ്രഭുകുമാറും സുരേഷ്‌കുമാറും ഇരുമ്പുദണ്ഡുകൊണ്ടു തലയിലടിക്കുകയും കത്തി കൊണ്ടു കുത്തുകയുമായിരുന്നു. അനീഷിന്റെ മരണം രക്തം വാര്‍ന്നാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കും തുടയ്ക്കും അടക്കം ശരീരത്തില്‍ പത്തിലധികം മുറിവുകളുണ്ടായിരുന്നു. കാലിലേറ്റ വെട്ടില്‍ പ്രധാന രക്തക്കുഴലടക്കം മുറിഞ്ഞു.
സുരേഷ്‌കുമാറിനെ ബന്ധുവീട്ടില്‍നിന്നും പ്രഭുകുമാറിനെ കോയമ്പത്തൂര്‍ ഗാന്ധിനഗറില്‍നിന്നുമാണു പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പുദണ്ഡ്, കത്തി, ധരിച്ചിരുന്ന വസ്ത്രം, ചെരിപ്പ് എന്നിവ കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിന് എത്തിച്ചപ്പോഴും പ്രതികള്‍ക്കു കൂസലുണ്ടായിരുന്നില്ല. നടന്ന സംഭവം ഒട്ടും പതര്‍ച്ചയില്ലാതെ പൊലീസിനോടു വിവരിച്ചു. മുന്നോട്ടു ജീവിക്കാന്‍ ഹരിതയ്ക്ക് ഒരു ജോലി വേണം. ബിബിഎ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പിഎസ്സി പരിശീലനം നടത്തുകയാണ്. അനീഷിന്റെ അച്ഛനും അമ്മയും സ്വന്തം മകളായി തന്നെയാണു നോക്കുന്നതെന്നു ഹരിത പറയുന്നു.