- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവജന പ്രതിഷേധവും കര്‍ഷകരോഷവും തിരിച്ചടിയായി; ബ്രിജ്ഭൂഷനെ സംരക്ഷിച്ചതിലും അതൃപ്തി; മോദി മുന്നിട്ടിറങ്ങിയിട്ടും ഹരിയാന ബിജെപിയെ കൈവിടും; ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന ഇങ്ങനെ
ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം പ്രവചിച്ചാണ് ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ സര്‍വേകളും പുറത്തുവന്നത്. ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായി ബിജെപി സര്‍വസന്നാഹങ്ങളുമായി രംഗത്തിറങ്ങിയിട്ടും ഭരണവിരുദ്ധവികാരം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണു പ്രവചനം. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചിക്കുന്നത്.
ന്യൂസ് 18, പീപ്പിള്‍സ് പള്‍സ്, ദൈനിക് ഭാസ്‌കര്‍, റിപ്പബ്ലിക് ഭാരത്, ദൈനിക് ഭാസ്‌കര്‍, ധ്രുവ് റിസര്‍ച്ച് സര്‍വേകള്‍ അടക്കം കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് പ്രവചിക്കുന്നു. 55 മുതല്‍ 62 വരെ സീറ്റുകള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 18 മുതല്‍ 24 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.
യുവജന പ്രതിഷേധവും കര്‍ഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ശക്തമായ പ്രചാരണം നടത്തിയത് വോട്ടെടുപ്പിനെ സ്വാധീനിച്ചെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന. അഗ്‌നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്നും ബിജെപി നേരിടുന്ന തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിയും കഴിഞ്ഞതവണ 10 സീറ്റുകള്‍ നേടിയ ജെജെപിയും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിച്ചെങ്കിലും കാര്യമായ മുന്നേറ്റമുണ്ടാക്കില്ലെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സജീവമായിരുന്നു. ഹരിയാണയില്‍ 10 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
ഹരിയാനയില്‍ കോണ്‍ഗ്രസിന് ഊര്‍ജമായിരിക്കുകയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് 62 സീറ്റുകളിലും ബിജെപി 24 സീറ്റുകളിലും ജെജെപി 3 സീറ്റുകളിലും വിജയിക്കുമെന്ന് ന്യൂസ് 18 എക്‌സിറ്റ് പോള്‍ പ്രവചനം. ദൈനിക് ഭാസ്‌കര്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് 44 മുതല്‍ 54 വരെ സീറ്റുകള്‍ പ്രവചിക്കുന്നു. ബിജെപിക്ക് 15 മുതല്‍ 29വരെ സീറ്റുകളും ജെജെപി 1 സീറ്റും ഐഎന്‍എല്‍ഡി 2 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. റിപ്പബ്ലിക് ഭാരത് ഹരിയാന കോണ്‍ഗ്രസിന് 55 മുതല്‍ 62 സീറ്റുകള്‍ പ്രവചിക്കുന്നു. ബിജെപി 18 മുതല്‍ 24 സീറ്റുവരെയും ജെജെപി 3 സീറ്റും ഐഎന്‍എല്‍ഡി 3 മുതല്‍ 6 വരെ സീറ്റുകളും പ്രവചിക്കുന്നു. 65 സീറ്റുകള്‍ വരെ നേടുമെന്ന് ഭുപിന്ദര്‍ ഹൂഡ പ്രതികരിച്ചു. മികച്ച ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും എക്‌സിറ്റ് പോള് പ്രവചനങ്ങളില്‍ ഹൂഡ പ്രതികരിച്ചു.
ഹരിയാനയില്‍ 2014ലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 2019ലും ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപവത്കരിച്ചു. ഇത്തവണ മനോഹര്‍ ലാല്‍ ഖട്ടറിന്റെ പിന്‍ഗാമിയായ അധികാരത്തിലെത്തിയ നായബ് സിങ് സെയ്‌നിയാണ് ബി.ജെ.പിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. അധികാരം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യവുമായി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പോരാട്ടം. എന്നാല്‍ പ്രചാരണത്തിനിടെ ഒരിക്കല്‍ പോലും കോണ്‍ഗ്രസ് ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് ഇക്കുറി കടുത്ത ഭരണവിരുദ്ധ വികാരം പ്രകടമാണ്. കര്‍ഷകരുടെ പ്രതിഷേധം തന്നെയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രധാന വിഷയം. ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബ്രിജ്ഭൂഷനെ സംരക്ഷിക്കുന്ന നിലപാടും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ കേന്ദ്രസര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഹരിയാണ എക്‌സിറ്റ് പോള്‍ ഫലം
ദൈനിക് ഭാസ്‌കര്‍
കോണ്‍ഗ്രസ് - 44-54
ബിജെപി - 15-29
ജെജെപി - 0-1
മറ്റുള്ളവര്‍ - 4-9
പീപ്പിള്‍ പള്‍സ്
കോണ്‍ഗ്രസ് - 49-61
ബിജെപി - 20-32
ജെജെപി - 0
മറ്റുള്ളവര്‍ - 3-5
ധ്രുവ് റിസര്‍ച്ച്
കോണ്‍ഗ്രസ് - 50-64
ബിജെപി - 22-32
ജെജെപി - 1
മറ്റുള്ളവര്‍ - 2-8
റിപ്ലബ്ലിക്
കോണ്‍ഗ്രസ് - 55-62
ബിജെപി - 18-24
ജെജെപി - 0-3
മറ്റുള്ളവര്‍ - 3-6
ഹരിയാനയില്‍ 63 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് ലഭ്യമായ വിവരം. ബി.ജെ.പി., കോണ്‍ഗ്രസ്, ഐ.എല്‍.എല്‍.ഡി.-ബി.എസ്.പി. സഖ്യം ജെ.ജെ.പി.-ആസാദ് സമാജ് പാര്‍ട്ടി സഖ്യം, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയകക്ഷികളും സഖ്യങ്ങളും. മുഖ്യമന്ത്രി നയാബ് സിങ് സൈനി, ബി.ജെ.പി. നേതാക്കളായ അനില്‍ വിജ്, ഒ.പി. ധന്‍കര്‍, കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡ, വിനേഷ് ഫോഗട്ട്, ഐ.എന്‍.എല്‍.ഡിയുടെ അഭയ് സിങ് ചൗട്ടാല, ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
101 വനിതകളും 464 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ 1031 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച രാവിലെ ഏഴ് മണിക്കാരാംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിച്ചു. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടിയത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തിരിച്ചടി നേരിടുമെന്നാണ് പ്രവചിച്ചത്. പത്ത് കൊല്ലത്തിനുശേഷം തങ്ങളുടെ പ്രതാപം വീണ്ടെടുത്ത് അധികാരം ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ബി.ജെ.പിയുമായ കൈകോര്‍ത്ത ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനത പാര്‍ട്ടി(ജെ.ജെ.പി.), അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി എന്നിവയും പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാമെന്നുള്ള പ്രതീക്ഷയിലാണ്. 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജാതി സര്‍വേയും സ്ത്രീകള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ അലവന്‍സ് തുടങ്ങി വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പ്രകടപത്രികയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്.