ലണ്ടന്‍: വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലിരിക്കെ നിയമ വ്യവസ്ഥയെ ധിക്കരിച്ചു നാട് വിട്ടെന്ന കുറ്റത്തിനും നാലര കോടി രൂപയുടെ വമ്പന്‍ സാമ്പത്തിക തട്ടിപ്പിന്റെയും പേരില്‍ യുകെയില്‍ സന്ദര്‍ശക വിസയില്‍ കഴിഞ്ഞിരുന്ന സിനിമ സംവിധായിക ഹസീന ഇന്നലെ ആലപ്പുഴ പോലീസിന്റെ കസ്റ്റഡിയിലായി. എന്നാല്‍ കേസില്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തത്തിന്റെ അടിസ്ഥാനത്തില്‍ ഹസീനയ്ക്ക് കോടതിയില്‍ ഹാജരാക്കിയ സമയത്തു ജാമ്യം ലഭിച്ചതോടെ ഇന്നലെ തന്നെ പുറത്തിറങ്ങാനും കഴിഞ്ഞു. കേസില്‍ തങ്ങള്‍ അറിയാതെ പോലീസ് പാസ്പോര്‍ട്ട് കമ്മീഷണര്‍ ഓഫിസിനെ പ്രതിയാക്കിയതോടെ ക്രിമിനല്‍ കുറ്റം ഒഴിവായതാണ് ജാമ്യം ലഭിക്കാന്‍ കാരണമായതെന്ന് ഒന്നേകാല്‍ കോടി രൂപ നഷ്ടമായ ബെഡ്ഫോര്‍ഡ് മലയാളി സുനിലിന്റെ പ്രതിനിധിയായി കേസ് നടത്തുന്ന മനോജ് വ്യക്തമാക്കുന്നു.

കേസും നിയമ നടപടികളും യുകെയിലേക്ക്, ഹോട്ടലും സിനിമയും സ്വപ്നം കണ്ട സുനിലിന് നഷ്ടം ഒന്നേകാല്‍ കോടി രൂപ

അതിനിടെ യുകെയിലും ഹസീനയ്ക്കും സാമ്പത്തിക തട്ടിപ്പിന് ഹസീന കരുവാക്കി മാറ്റിയ ഈസ്റ്റ് ഹാം തട്ടുകട റെസ്റ്റോറന്റ് ഉടമക്കും എതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും മനോജ് വ്യക്തമാകുന്നു. സ്‌കോട്ലന്‍ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് വംശജന്റെ ക്രിമിനല്‍ അഭിഭാഷക സ്ഥാപനത്തിനാണ് ഈ കേസിന്റെ ചുമതല എന്നാണ് വ്യക്തമാകുന്നത്. ധനനഷ്ടത്തിനും മാന നഷ്ടത്തിനും എതിരായാണ് യുകെയിലെ നിയമ നടപടികള്‍ പുരോഗമിക്കുന്നത്.

പ്രകാശന്റെ മെട്രോ എന്ന അധികമാരും കാണാതെ പോയ സിനിമയുടെ സംവിധായകയായാണ് ഹസീന അറിയപ്പെടുന്നതും സ്വയം പരിചയപ്പെടുത്തുന്നതും. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനം തിരുവനന്തപുരത്തു നടത്തിയിരുന്ന സുനിലിനെ ഈസ്റ്റ് ഹാമില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ സമയത്താണ് ഹസീന പരിചയപ്പെടുന്നതും തുടര്‍ന്ന് തട്ടുകട ഹോട്ടലില്‍ പാര്‍ട്ണര്‍ഷിപ്പും സിനിമയില്‍ വാണിജ്യ പങ്കാളിത്തവും ഓഫര്‍ ചെയ്യുന്നത്.

തുടര്‍ന്നാണ് തട്ടുകട ഉടമ ബിജു ഗോപിനാഥ് നിര്‍ദേശിച്ചത് അനുസരിച്ചു ഹസീന നല്‍കിയ തിരുവനതപുരം സ്വദേശിയുടെ അക്കൗണ്ടിലേക്ക് പല ഘട്ടങ്ങളിലായി സുനില്‍ ഒന്നേകാല്‍ കോടി രൂപ നല്‍കുന്നത്. ഈ ഏര്‍പ്പാടില്‍ തനിക്ക് ബന്ധമില്ലെന്നാണ് തട്ടുകട ഉടമ ബിജു ഗോപിനാഥ് പറയുന്നതെങ്കിലും എല്ലാം ബിജു ചേട്ടന് വേണ്ടിയാണു ചെയ്തത് എന്നാണ് ഹസീന പോലീസിനോടും പരാതിക്കാരോടും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

പല ഘട്ടങ്ങളായി മധ്യസ്ഥ ചര്‍ച്ചയും ഫോണ്‍ സംഭാഷണങ്ങളും ഒക്കെ നടത്തിയ ശേഷമാണ് പണം നഷ്ടമായി എന്ന ബോധ്യം വന്ന സാഹചര്യത്തില്‍ ബെഡ്ഫോര്‍ഡ് മലയാളിയായ സുനില്‍ നിയമ നടപടിക്ക് തയ്യാറാകുന്നത്. യുകെയില്‍ നഴ്സ് ആയ ഭാര്യക്കൊപ്പം കഴിയുവാനാണ് നാട്ടിലെ ബിസിനസ് അവസാനിപ്പിച്ചു യുകെയില്‍ ബിസിനസ് പങ്കാളിത്തം ലക്ഷ്യമിട്ട് സുനില്‍ നിക്ഷേപം നടത്താന്‍ തയ്യാറായത് എന്നാണ് ഹസീനയ്ക്ക് എതിരെയുള്ള പരാതിയില്‍ സുനിലിന്റെ പ്രധിനിധി ബോധിപ്പിച്ചിരിക്കുന്നത്.

കേസ് ചൂടുപിടിക്കുന്നത് സുനില്‍ ഹൈക്കോടതിയില്‍ എത്തിയതോടെ, തട്ടുകടയുടെ പേരിലുള്ളകേസും പൊല്ലാപ്പും ഉടനെയൊന്നും തീരില്ല

കേസില്‍ പോലീസ് നടപടികള്‍ മെല്ലെപ്പോക്കില്‍ ആയതോടെ നീതി തേടി സുനില്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഹസീനയുടെയും ബിജുവിന്റെയുമൊക്കെ പേരുകള്‍ പുറത്തേക്ക് വരുന്നത്. ഇതിനിടയില്‍ തന്നെ തട്ടുകട സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് താത്കാലികമായി പൂട്ട് വീഴുകയും ചെയ്തിരുന്നു.

വാടക കുടിശിക അടക്കം ഉണ്ടായതോടെ കെട്ടിട ഉടമയായ തമിഴ് വംശജന്‍ വന്നു റെസ്റ്റോറന്റിനു പൂട്ടിടുക ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം ബിജുവിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് മലയാളിയില്‍ നിന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ റെസ്റ്റോറന്റില്‍ പെയിന്റിങ് അടക്കമുള്ള നവീകരണ പ്രവര്‍ത്തനം നടക്കുകയാണ് എന്ന മറുപടിയാണ് ബിജു നല്‍കിയത്. ആയിരക്കണക്കിന് മലയാളികള്‍ ഇഷ്ട ഭക്ഷണം തേടി ഈസ്റ്റ് ഹാമില്‍ എത്തിയിരുന്നത് തട്ടുകടയെ തേടി ആയിരുന്നു.

മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഈ റെസ്റ്റോറന്റ് ഇപ്പോഴും എന്ന് തുറന്നു പ്രവര്‍ത്തിക്കും എന്ന് ഉറപ്പു പറയാനാകാത്ത അവസ്ഥയിലാണ്. അതേസമയം ചെംസ്ഫോര്‍ഡ് മലയാളിയായ കച്ചവടക്കാരന്‍ തട്ടുകടയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയതോടെ യുകെ മലയാളികളുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായ തട്ടുകട വീണ്ടും തുറക്കാന്‍ ഉള്ള സാധ്യതയും തെളിയുന്നുണ്ട്. എന്നാല്‍ എപ്പോള്‍ തുറന്നാലും പൂട്ടിക്കാന്‍ ഉള്ള നീക്കങ്ങളുമായി താനും പിന്നാലെ ഉണ്ടാകും എന്നാണ് സുനില്‍ പറയുന്നതും. ചുരുക്കത്തില്‍ തട്ടുകടയുടെ പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പും തുടര്‍ന്നുണ്ടായ നിയമ നടപടികളും ഉടനെയൊന്നും അവസാനിക്കില്ല എന്നാണ് വ്യക്തമാകുന്നതും.

ആത്മവിശ്വാസത്തോടെ വിമാനമിറങ്ങിയ ഹസീന അറസ്റ്റിലായി, യുകെയിലേക്കുള്ള മടക്കം അസാധ്യമാകും, യുകെയില്‍ വിസിറ്റ് വിസയില്‍ എത്തിയ ഹസീന ജോലി ചെയ്തതെങ്ങനെ?

ഹൈക്കോടതിയില്‍ എത്തിയ കേസ് അവസാനിപ്പിക്കാന്‍ ഹസീന നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. ഈ അപേക്ഷയില്‍ താത്കാലിക വിധി സ്വന്തമാക്കാന്‍ ഹസീനയ്ക്ക് കഴിഞ്ഞതോടെ ഇവക്കെതിരെ നിലനിന്നിരുന്ന ലുക്ക് ഔട്ട് നോട്ടീസ് അസാധുവായി. ഇതോടെ ആറുമാസത്തെ യുകെ വിസിറ്റ് വിസയുടെ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ഉണ്ടാകില്ല എന്ന ആത്മവിശ്വാസത്തോടെ ഹസീന കേരളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഹസീനയുടെ നീക്കങ്ങള്‍ യുകെയിലും കേരളത്തിലും സദാ പിന്തുടര്‍ന്നിരുന്ന സുനിലും സംഘവും ഇവരെ അറസ്റ്റ് ചെയ്യിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇന്നലെ വിജയിച്ചത്. എന്നാല്‍ നിലവിലെ പാസ്പോര്‍ട് മാറ്റി പുതിയ അഡ്രസില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചു യുകെയിലേക്ക് പറന്നതില്‍ സുനില്‍ നല്‍കിയ കേസില്‍ പോലീസ് പരാതിക്കാരായി മാറ്റിയത് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫിസിനെയാണ്.

ഇതോടെ സാമ്പത്തിക തിരിമറി അടക്കമുള്ള കാര്യങ്ങള്‍ മറച്ചു വച്ച് പാസ്പോര്‍ട്ട് സ്വന്തമാക്കി എന്ന ജാമ്യം ലഭിക്കാവുന്ന വകുപ്പ് മാത്രമായി ഹസീനയുടെ കേസ് ചുരുങ്ങി. ഈ സാഹചര്യത്തിലാണ് കോടതി അവര്‍ക്ക് ജാമ്യം നല്‍കിയത്. മുന്‍പ് നല്‍കിയ പരാതി അനുസരിച്ചുള്ള കേസില്‍ ഏഴു വര്‍ഷം തടവ് ലഭിക്കുകയും ജാമ്യമില്ലാ കുറ്റം ചുമത്തപ്പെടുകയും ചെയുന്ന സാഹചര്യമാണ് പോലീസ് വെള്ളം ചേര്‍ത്ത് പുതിയ കേസാക്കി മാറ്റിയതെന്നും വാദി ഭാഗം പരാതിപ്പെടുന്നു. ഖത്തര്‍ പ്രവാസിയായ മലയാളിയെ സിനിമയില്‍ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചു രണ്ടര കോടിയിലേറെ രൂപ തട്ടിച്ചതില്‍ വാടാനപ്പള്ളി പോലീസില്‍ നിലനില്‍ക്കുന്ന കേസ് അടക്കമാണ് ആകെ നാലു കോടി രൂപത്തിലേറെയുള്ള തട്ടിപ്പ് ഹസീനയുടെ പേരില്‍ ഉണ്ടായതെന്നും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കോടതിയിലെത്തി ജാമ്യം തേടിയതോടെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ട ഹസീനയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നാണ് സുനിലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. ഇതോടെ ഹസീനയുടെ യുകെയിലേക്ക് ഉള്ള മടക്കം അസാധ്യമാകും എന്നാണ് കരുതപ്പെടുന്നത്. യുകെയില്‍ ബിജുവിന്റെ ഹോട്ടലില്‍ ജീവനക്കാരി ആണെന്ന് ഹസീന നല്‍കിയിരിക്കുന്ന മൊഴി പോലും കേസില്‍ കുരുക്കാകുകയും ബിജുവിനെ നിയമ നടപടികളില്‍ പ്രതിയാക്കുവാന്‍ കാരണമാകുകയും ചെയ്യും എന്നാണ് അഭിഭാഷകന്‍ സൂചിപ്പിക്കുന്നത്. യുകെയില്‍ വിസിറ്റ് വിസയില്‍ എത്തുന്ന ഒരാള്‍ക്ക് ഒരു ജോലിയും ചെയ്യാന്‍ നിയമം അനുവദിക്കാത്ത സാഹചര്യത്തില്‍ യുകെയില്‍ ഫയല്‍ ചെയ്യുന്ന കേസിലും ബിജു മറുപടി നല്‍കേണ്ടി വരും.

എന്നാല്‍ ഹസീന ഇപ്പോള്‍ യുകെയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തരം ഒരു കേസിന്റെ സാധുതയും ചോദ്യ ചിഹ്നം തന്നെയാണ്. അതിനിടയിലും 2022 മുതല്‍ യുകെയില്‍ വിസിറ്റ് വിസയില്‍ കഴിയുന്ന ഹസീന ഒരു ജോലിയും ചെയ്യാതെ എങ്ങനെ യുകെയില്‍ കഴിയാനായി എന്ന ചോദ്യത്തിനും നിയമത്തിനു മുന്നില്‍ ഉത്തരം നല്‍കേണ്ടി വരും. കഴിഞ്ഞ നാലു വര്‍ഷമായി ജോലി ചെയ്യാതെ യുകെയില്‍ ജീവിക്കണമെങ്കില്‍ അനധികൃതമായി പണം സമ്പാദിക്കണം എന്നതിനാല്‍ സാമ്പത്തിക തട്ടിപ്പില്‍ കൈയിലെത്തിയ പണം ഹസീന യുകെ ജീവിതത്തിനായി ഉപയാഗപ്പെടുത്തി എന്ന അനുമാനമാണ് ഈ കേസില്‍ ഉരുത്തിരിയുന്നത്. സ്റ്റുഡന്റ് വിസയില്‍ ഉള്ളവരും മറ്റും ജോലിക്കായി തട്ടുകടയില്‍ നിരന്തരം എത്തിയിരുന്നു എന്നതും വാസ്തവമാണ്. ഹസീനയെ ജോലിക്കാരിയുടെ റോളിലാണ് താന്‍ തട്ടുകടയില്‍ കണ്ടിട്ടുള്ളതെന്നും സുനില്‍ വ്യക്തമാക്കുന്നു. ഇങ്ങനെയാണ് ഹസീന സുനിലിന്റെ വിശ്വാസ്യത നേടിയെടുത്തത് എന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.