- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവന് കടുത്ത വംശ വെറിക്ക് ഇരയാക്കപ്പെട്ടു; റൂംമേറ്റുകളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ദിവസങ്ങളോളം അസ്വസ്ഥനായിരുന്നു; മറ്റുള്ളവരോട് ദയ മാത്രം കാണിക്കുന്ന നിരപരാധിയെ എന്തിനാണ് കൊന്നത്? അമേരിക്കയില്‍ പോലീസ് വെടിവെച്ചു കൊന്ന നിസാമുദ്ദീന്റെ കുടുംബം ചോദിക്കുന്നു; ദുരന്തം താങ്ങാനാകാതെ മാതാപിതാക്കള്‍
'അവന് കടുത്ത വംശ വെറിക്ക് ഇരയാക്കപ്പെട്ടു
വാഷിങ്ടണ്‍: കുടിയേറ്റക്കാരെ നിര്‍ദാക്ഷിണ്യം നേരിടുന്ന സമീപനമാണ് അമേരിക്കയിലെ ട്രംപ് സര്‍ക്കാരിന്റേത്. ഇതോടെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം അടക്കം ആശങ്കകള്‍ക്ക് നടുവിലാണ് കഴിയുന്നത്. ഇതിനിടെ ഇന്ത്യക്കാര്‍ക്ക് നേരെ അതിക്രമങ്ങളും വര്‍ധിച്ചുവരുന്നതായാണ് വിവരങ്ങള്‍. തെലുങ്കാന സ്വദേശിയെ അമേരിക്കയില്‍ വെടിവെച്ചു കൊന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് ഞെട്ടലോടെയാണ് രാജ്യം ഇന്ന് കേട്ടതും. ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.
കടുത്ത വംശീയ വെറിക്ക് ടെക്കിയായ യുവാവ് ഇരയാക്കപ്പെട്ടു എന്നാണ് വിവരങ്ങള്‍. ഇക്കാര്യം പിതാവും ബന്ധുക്കളും ആരോപിക്കുന്നു. തെലങ്കാനയിലെ മഹാബുബനഗര്‍ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീനാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 3ന് കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയില്‍ വെച്ചാണ് നിസാമുദ്ദീനു നേര്‍ക്ക് വെടിവെപ്പുണ്ടായത്. എന്നാല്‍, സെപ്റ്റംബര്‍ 18നാണ് കുടുംബത്തെ വിവരം അറിയിച്ചത്.
റൂമില്‍ ഒപ്പമുണ്ടായിരുന്നയാളെ കുത്തിയെന്നാരോപിച്ചാണ് ഇയാളെ വെടിവെച്ച് കൊന്നതെന്ന വിവരമാണ് യു.എസ് പൊലീസ് നല്‍കിയത്. അതേസമയം നിസാമുദ്ദീന്റെ കുടുംബത്തിന് ഇപ്പോഴും ഈ ദുരന്തവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
'ഒരു ചെറുപ്പക്കാരന്റെ ജീവന്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യു.എസ് അധികൃതരില്‍ ഉണ്ടായിരുന്നിട്ടും ഞങ്ങളെ അറിയിക്കാന്‍ 15 ദിവസമെടുത്തു എന്നതാണ് ഏറ്റവും വിഷമകരമായ കാര്യം' -അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ മുഹമ്മദ് ഖാജ മൊയ്നുദ്ദീന്‍ പറഞ്ഞു. എന്റെ സഹോദരന്റെ മൃതദേഹം അവിടെയുള്ള ഒരു ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. വെടിവെപ്പില്‍ മരിച്ചുവെന്ന് വാര്‍ത്ത കേട്ടതിനുശേഷം ഞങ്ങളുടെ മാതാവ് പാടെ തകര്‍ന്നിരിക്കുകയാണെന്നും മൊയ്നുദ്ദീന്‍ പറഞ്ഞു.
യു.എസ് പൗരന്മാരായ മറ്റ് രണ്ട് റൂംമേറ്റുകളുമായി ഒരു ഫ്‌ലാറ്റ് പങ്കിട്ടായിരുന്നു നിസാമുദ്ദീന്റെ താമസമെന്ന് മൊയ്നുദ്ദീന്‍ പറഞ്ഞു. വെടിവെപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സമൂഹ മാധ്യമ പോസ്റ്റില്‍ വംശീയ വിദ്വേഷം, ശമ്പള തട്ടിപ്പ്, അന്യായ പിരിച്ചുവിടല്‍ എന്നിവ നേരിട്ടതായി നിസാമുദ്ദീന്‍ എഴുതിയിരുന്നു.
വിരമിച്ച സര്‍ക്കാര്‍ അധ്യാപകനാണ് അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ഹസ്‌നുദ്ദീന്‍. മൂത്ത സഹോദരി ഡോക്ടറാണ്. 2015 ഡിസംബറിലാണ് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് കോഴ്സിനായി നിസാമുദ്ദീന്‍ യു.എസിലേക്ക് പോയത്. 2017ല്‍ ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് അത് പൂര്‍ത്തിയാക്കി. പിന്നീട് അടുത്തിടെ മഹ്ബൂബ്നഗറിലെ ജയപ്രകാശ് നാരായണ്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ഇ.സി.ഇയില്‍ ബി.ടെക്കും പൂര്‍ത്തിയാക്കി.
തുടര്‍ന്ന്, കാലിഫോര്‍ണിയയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി നോക്കി. അവിടെനിന്ന് വംശീയ വിവേചനവും പീഡനവും നേരിട്ടിരുന്നുവെന്നും തുടര്‍ന്ന് ആ ജോലി ഉപേക്ഷിച്ചതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. സാന്ത ക്ലാര പൊലീസാണ് ഇയാളെ വെടിവെച്ച് കൊന്നതെന്നും മകന്റെ സുഹൃത്തിന്റെ പിതാവില്‍ നിന്നാണ് മരണവിവരം ആദ്യം അറിയുന്നതെന്നും ഹസ്‌നുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
'ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വിഡിയോ കോളുകള്‍ ചെയ്യുമായിരുന്നു. റൂംമേറ്റുകളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ദിവസങ്ങളോളം അസ്വസ്ഥനായിരുന്നു, പക്ഷേ, അത് ഇത്ര മോശമാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. വംശീയ വിവേചനവും വെറുപ്പും റൂംമേറ്റുകളുടെ ആക്രമണാത്മക പെരുമാറ്റത്തെയും കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, പൊലീസിന്റെ ഇടപെടല്‍ ആവശ്യമായി വരാന്‍ മാത്രം കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ആരും ഇതുവരെ ഞങ്ങളോട് പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുകയും മറ്റുള്ളവരോട് ദയ കാണിക്കുകയും ചെയ്ത ഒരു നിരപരാധിയെ എന്തിനാണ് ഇങ്ങനെ വെടിവച്ചുകൊന്നത്'- മൊയ്നുദ്ദീന്‍ ചോദിച്ചു.
സമൂഹ മാധ്യമ പോസ്റ്റില്‍ നിന്ന്, വീട്ടുടമസ്ഥനില്‍നിന്ന് കുടിയിറക്കല്‍ നോട്ടീസ് ലഭിച്ചതായും അത് അന്യായമാണെന്ന് തോന്നിയതിനാല്‍ കുടിയൊഴിപ്പിക്കലിനെതിരെ പോരാടുകയിരുന്നുവെന്നും മനസ്സിലാക്കാനായി. മകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സഹായം അഭ്യര്‍ഥിച്ച് നിസാമുദ്ദീന്റെ പിതാവ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് ഒരു കത്ത് എഴുതിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, അതിന് കുറച്ച് സമയമെടുത്തേക്കാം -ഹസ്‌നുദ്ദീന്‍ പറഞ്ഞു.