കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന സങ്കീർണ്ണമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മസ്തിഷ്ക മരണം സംഭവിച്ച ഷിബു എന്ന വ്യക്തിയുടെ ഹൃദയമാണ് തിരുവനന്തപുരം സ്വദേശിയായ ദുർഗ എന്ന പെൺകുട്ടിക്ക് പുതിയ ജീവിതം നൽകിയത്. ശസ്ത്രക്രിയ വിജയകരമെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടിയെ ഐസിയുവിലേക്ക് മാറ്റി.

എറണാകുളം ജനറൽ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഷിബുവിന്റെ ഹൃദയം ദുർഗയുടെ ശരീരത്തിൽ വിജയകരമായി വെച്ചുപിടിപ്പിച്ചു. രാജ്യത്താദ്യമായിട്ടാണ് ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഏറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയ്ക്ക് ഹൃദയം മാറ്റിവയ്ക്കുന്നത്.

രാജ്യത്തെ പൗരന്മാർക്ക് ഹൃദയം മാറ്റിവെച്ചതിന് ശേഷം മാത്രം വിദേശത്തുള്ളവരെ പരിഗണിച്ചാൽ മതിയെന്ന കേന്ദ്ര ചട്ടമായിരുന്നു ദുർഗ്ഗയ്ക്ക് മുന്നിൽ ഇത്രകാലം ഇരുട്ടായി നിന്നത്. അതുമാറി. അനുയോജ്യമായ ഹൃദയവും കിട്ടിയതോടെ നാടും നമ്മുടെ ഭരണകൂടവും കൈകോർത്തു. ഏറാംബുലൻസിൽ ഹൃദയമെത്തിക്കാൻ ഇത്തവണയും സംവിധാനങ്ങളെല്ലാം ഉണർന്നു പ്രവർത്തിച്ചു.

ഏറെ നാളായി ഹൃദയസംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ദുർഗയ്ക്ക് ഈ ശസ്ത്രക്രിയ ഒരു രണ്ടാം ജന്മമാണ്. വിദഗ്ധരുടെ നിരീക്ഷണത്തിൽ കഴിയുന്ന ദുർഗയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയത്തിന് പുറമേ ഷിബുവിന്റെ രണ്ട് വൃക്കകള്‍, നേത്രപടലങ്ങള്‍, ത്വക്ക് എന്നിവയും ദാനം ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഒരാള്‍ ത്വക്ക് ദാനം ചെയ്യുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന 'ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതി' എന്ന ഗുരുതര രോഗാവസ്ഥയിലായിരുന്നു ദുര്‍ഗ കാമി. ഇതേ അസുഖം ബാധിച്ചാണ് ദുര്‍ഗയുടെ അമ്മയും സഹോദരിയും മുന്‍പ് മരണപ്പെട്ടത്. ഷിബുവിന്റെ ഹൃദയം സ്വീകരിക്കുന്നതിലൂടെ ദുര്‍ഗ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരും കുടുംബവും. ദാനം ചെയ്ത ത്വക്ക് നിലവില്‍ സ്‌കിന്‍ ബാങ്കില്‍ സൂക്ഷിക്കാനാണ് തീരുമാനം.