- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം; അടുത്ത 24 മണിക്കൂറിൽ ജാഗ്രത വേണം; കേരളത്തിൽ മഴ ഇനിയും ശക്തമാകും; 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി; മലയോര മേഖലകളിലും മുന്നറിയിപ്പ്
കൊച്ചി: തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് സമീപത്തായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്. നിലവിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിൽ ഉള്ളവർക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഇടുക്കിയിൽ ശക്തമായ മഴയാണ് പെയ്തത്. വണ്ടിപ്പെരിയാർ കക്കി കവലയിൽ വീടുകളിൽ എല്ലാം വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്നുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മൂല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136അടിയിലാണ്.
സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കടൽത്തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും, കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (17/10/2025) മുതൽ 21/10/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക മുന്നറിയിപ്പുകൾ പ്രകാരം, 17/10/2025 മുതൽ 21/10/2025 വരെ കേരള-കർണാടക തീരങ്ങളിലും അതിനോട് ചേർന്ന കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില ഘട്ടങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് പ്രദേശത്ത് 17/10/2025 മുതൽ 19/10/2025 വരെയുള്ള ദിവസങ്ങളിലും, 21/10/2025 നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. എന്നാൽ, 20/10/2025 ന് ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, മാലിദ്വീപ്, തെക്ക് കിഴക്കൻ അറബിക്കടൽ, തമിഴ്നാട് തീരം, അതിനോട് ചേർന്ന ആന്ധ്രപ്രദേശ് തീരങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളിൽ പറയുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ള യെല്ലോ അലേർട്ടുകൾ, ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.