തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ. കേരളത്തില്‍ എല്ലായിടത്തും കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ അതിശക്തമായ മഴ പെയ്യുന്ന വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പഖ്യാപിച്ചരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.

അതശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മഴ ശക്തമായതോടെ ഇന്ന് പുലര്‍ച്ചയൊണ് കണ്ണൂരില്‍ അവധി പ്രഖ്യാപിച്ചത്. വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍, മദ്‌റസകള്‍, കിന്‍ഡര്‍ ാര്‍ട്ടന്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. വയനാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധിയില്ല. കോട്ടയത്തും കണ്ണൂരും മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഇടുക്കിയില്‍ പൂര്‍ണ്ണമായും റെസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന് ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കുറഞ്ഞ സമയം കൊണ്ട് വലിയ അളവില്‍ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം. മലയോര മേഖലകളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം.

മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളില്‍ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മല്‍സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. ശബരിമലയില്‍ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴയ്ക്കു നേരിയ ശമനമുണ്ട്. പമ്പയില്‍ ഇറങ്ങുന്നതിനു നിരോധനം ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍ ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാള്‍വരെ നിരോധിച്ചു. എറണാകുളം ജില്ലയില്‍ മറ്റന്നാള്‍ വരെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുണ്ട്. വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടര്‍ന്നാല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത കളക്ടര്‍മാരുടെ യോഗം മഴകാരണം മാറ്റിവച്ചു.