കൊച്ചി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പഠിച്ചശേഷം പ്രതികരിക്കാമെന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിക്കുന്നത് കരുതലിന്റെ സാധ്യതകളെല്ലാം എടുത്ത്. 15 അംഗ പവര്‍ ടീമിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. അതെല്ലാം ആരോപണങ്ങളായി മാത്രം ഒതുങ്ങും. എന്നാല്‍ പീഡന പരാതികളില്‍ അന്വേഷണം വന്നാല്‍ പല പ്രമുഖരും കുടുങ്ങുമെന്ന് അമ്മയ്ക്ക് അറിയാം. അതുകൊണ്ടാണ് ഈ ഘട്ടത്തില്‍ പ്രതികരണത്തില്‍ മിതത്വം കൊണ്ടു വരുന്നത്. 51 പേരാണ് മൊഴി നല്‍കിയത്. ഇതില്‍ ആരെല്ലാം പീഡനാരോപണം ഉന്നയിച്ചുവെന്നത് ഇനിയും പുറത്തു വന്നിട്ടില്ല. മൊഴികള്‍ പൂര്‍ണ്ണ രൂപത്തില്‍ പുറത്തു വരില്ലെന്ന വിശ്വാസം വിവിധ സിനിമാ സംഘടനകള്‍ക്കുണ്ട്.

അതുകൊണ്ടാണ് അമ്മയും ഫെഫ്കയും അടക്കം ആത്മവിശ്വാസത്തോടെ നിലപാടുകള്‍ എടുക്കുന്നത്. അതില്‍ താര രാജക്കന്മാര്‍ക്കെതിരെയാണ് ആരോപണം കൂടുതലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവും. അതുകൊണ്ടാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയും കരുതലോടെ പ്രതികരിക്കുന്നത്. 'സെന്‍സിറ്റീവായ' കാര്യമാണിത്. ഒരു വാക്ക് പറയുമ്പോള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാല്‍ പ്രത്യാഘാതങ്ങളുണ്ടാകും. വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഏതുതരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏതുകാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോയുള്ള കാര്യത്തില്‍ ധാരണയില്ല. ആര് ആര്‍ക്കെതിരേയാണ് പരാതിപറഞ്ഞിട്ടുള്ളത്, എന്താണ് വിവേചനം എന്നതിനെയെല്ലാംകുറിച്ച് പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് അമ്മയുടെ പ്രതികരണം.

കാസ്റ്റിങ് കൗച്ച് പോലെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിവേണം. അതില്‍ എതിരഭിപ്രായമില്ല. തെറ്റുകളുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും. അതിന് സാവകാശം വേണം. അമ്മ ഷോയുടെ റിഹേഴ്സല്‍ നടക്കുകയാണ്. ഇപ്പോള്‍ അതിനാണ് പ്രാധാന്യം -സിദ്ദിഖ് പറഞ്ഞു. അതായത് അമ്മയുടെ ഷോ കഴിയും വരെ നേതൃത്വം ഇതിനോട് പ്രതികരിക്കില്ല. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെയുള്ള നിയമ പോരാട്ടങ്ങളില്‍ ഭാഗമായിട്ടില്ലെന്ന് പൊതു സമൂഹത്തെ ധരിപ്പിക്കാനും കരുതലെടുക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ മൊഴിയായി രേഖപ്പെടുത്തിയത് എന്തെന്ന് അറിയാത്ത സാഹചര്യം മൊഴി കൊടുത്തവര്‍ക്ക് പോലുമുണ്ട്. നടി രഞ്ജിനിയുടെ ഹൈക്കോടതിയിലെ നിയമ പോരാട്ടത്തെ ഈ തരത്തില്‍ വ്യാഖ്യാനിക്കുന്നവരും മലയാള സിനിമയിലുണ്ട്.

ഏതായാലും മലയാള സിനിമയില്‍ കരുതല്‍ ഈ റിപ്പോര്‍ട്ട് കൊണ്ടു വരും. പരിശോധനയ്ക്കും പരാതി പരിഹാരത്തിനും സര്‍ക്കാര്‍ സംവിധാനവും വന്നേക്കും. ഈ സാഹചര്യത്തെ പുതുമുഖ നടിമാര്‍ ്പ്രതീക്ഷയോടെയാണ് കാണുന്നത്. സഹതാരങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തം നടന്മാരും ഇനി പുലര്‍ത്തും. മയക്കു മരുന്ന് മാഫിയയുടെ സാന്നിധ്യവും ഹേമാ കമ്മറ്റിയുടെ കണ്ടെത്തലില്‍ നിര്‍ണ്ണായകമാണ്. ഇതു ചെറുക്കാനും സര്‍ക്കാരിന് ഇനി നേരിട്ട് ഇടപെടാം. ഇതിനെ അമ്മയും ഫെഫ്കയുമെല്ലാം അനുകൂലിക്കുകയും ചെയ്തു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന് മുമ്പും പിമ്പും എന്ന തരത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തുമെന്നും കരുതുന്നവരുണ്ട്. ഏതായാലും മോളിവുഡില്‍ ഇനി പീഢകരും പവര്‍ ഗെയിം കളിക്കുന്നവര്‍ക്കും എല്ലാം പണി കിട്ടാനുള്ള സാധ്യത ഏറെയാണ്.

ജസ്റ്റീസ് ഹേമയ്‌ക്കൊപ്പം മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2019 ഡിസംബര്‍ 31-ന് സമിതി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഒടുവില്‍, വിവരാവകാശ അപേക്ഷകള്‍ പരിഗണിച്ച് ഇക്കഴിഞ്ഞ ജൂലായ് ആറിന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. ഇതിനെതിരേ, നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയിലെത്തി. വ്യക്തികളുടെ മൊഴികളും സ്വകാര്യതയും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് കോടതി ശരിവെച്ചു. സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ അതിനു തയ്യാറെടുക്കവേ, ചലച്ചിത്രനടി രഞ്ജിനിയും കോടതിയിലെത്തി. ഹര്‍ജി സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തുംമുമ്പേ തിങ്കളാഴ്ച രണ്ടരയ്ക്ക് സാംസ്‌കാരികവകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഭാഷിണി തങ്കച്ചി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടും സിനിമാമേഖലയിലെ ഒരുപാടുപേരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് ഭയന്ന് പുറത്തുവിട്ടില്ല എന്നാണ് ആരോപണം.