തിരുവനന്തപുരം: ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടികളുടെ സാധ്യത തേടണമെന്ന് സര്‍ക്കാരിനോട് സിപിഎം ആവശ്യപ്പെടും. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്ന് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ തെളിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടതും.

കോടതിയിലെ സാങ്കേതികമായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെ റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ മുന്നിലേക്കെത്തി. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ജീര്‍ണ്ണത മുഴുവന്‍ പ്രതിഫലിക്കുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ ഇക്കാര്യങ്ങളും കൈകാര്യം ചെയ്തു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കണമെന്നത് സംബന്ധിച്ച് ഒരു സംശയവുമില്ലെന്ന് ഗോവിന്ദന്‍ പറയുമ്പോള്‍ സിപിഎം നിലപാട് വ്യക്തമാണ്.

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടഞ്ഞത് വിവരാവകാശ കമീഷന്‍ ആണെന്ന വാദം ദേശാഭിമാനിയും ചര്‍ച്ചയാക്കുന്നുണ്ട്. തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിച്ചാണ് കമീഷന്‍ ചെയര്‍മാന്‍ വിന്‍സന്‍ എം പോള്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് 2020ല്‍ തടഞ്ഞത്. റിപ്പോര്‍ട്ടില്‍ സ്വകാര്യ വിവരങ്ങളുള്ളതിനാല്‍ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് സ്വീകരിച്ചത്. റിപ്പോര്‍ട്ട് മറച്ചു വയ്ക്കാനുള്ള പഴി സര്‍ക്കാരില്‍ വരാതിരിക്കാനാണ് ഈ നീക്കം.

2020 ജനുവരി 11നാണ് മാധ്യമപ്രവര്‍ത്തകന്‍ വിവരാവകാശ പ്രകാരം റിപ്പോര്‍ട്ടിനായി അപേക്ഷ നല്‍കിയത്. പകര്‍പ്പ് നല്‍കാനാകില്ലെന്ന് ജനുവരി 22ന് മറുപടി ലഭിച്ചു. തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് ആദ്യ അപ്പീലും ഫെബ്രുവരി 14ന് രണ്ടാം അപ്പീലും നല്‍കി. ജൂണ്‍ ആറിന് ഹിയറിങ് നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവിട്ടത്.തുടര്‍ന്ന് അധികാരമേറ്റ കമീഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ ഹക്കീം 2020ലെ ഉത്തരവ് തള്ളി, റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.

രണ്ടുവര്‍ഷം കൊണ്ടാണ് സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സെറ്റ് കാണുന്നതിന്റെ ഭാഗമായി ജസ്റ്റിസ് ഹേമ 'ലൂസിഫര്‍ 'സിനിമയുടെ സെറ്റില്‍ സന്ദര്‍ശനം നടത്തി. ചിത്രാഞ്ജലിയില്‍ എത്തി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വിലയിരുത്തി. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 30 വിഭാഗങ്ങളിലുള്ളവരെ കണ്ട് പരാതികളും അനുഭവങ്ങളും കേട്ടു. വീഡിയോ, ഓഡിയോ, സ്‌ക്രീന്‍ഷോട്ട്, ചാറ്റ്, മെസേജുകള്‍ എന്നിവ ശേഖരിച്ചു. പരാതികള്‍ വീഡിയോയില്‍ ഷൂട്ട് ചെയ്തിരുന്നു. സിനിമയിലെ താരങ്ങള്‍ക്കെതിരെ പരാതികള്‍ ഉണ്ടായിരുന്നതിനാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പുറത്തുള്ളവരുടെ സഹായം തേടിയില്ല. ജസ്റ്റിസ് ഹേമയും അംഗങ്ങളുമാണ് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ ഒരുതരത്തിലും പുറത്തുപോകാതിരിക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്തി. ഒരുതരത്തിലും മൊഴികള്‍ പരസ്യപ്പെടുത്തില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പുനല്‍കി. ഡബ്ല്യുസിസിയില്‍ അംഗമായ 31പേര്‍ കമ്മിറ്റിയോട് പൂര്‍ണമായി സഹകരിച്ചു.

ഇതു മറച്ചുവച്ച് സര്‍ക്കാര്‍ സ്ത്രീസുരക്ഷയ്ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് ഒരുകൂട്ടം മാധ്യമങ്ങള്‍ ശ്രമിച്ചത്. കൈരളി ടിവി ന്യൂസ് എഡിറ്റര്‍ ലെസ്ലി ജോണ്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ പത്ത് പ്രകാരം നല്‍കിയ അപേക്ഷയും തുടര്‍ന്ന് നല്‍കിയ അപ്പീലുമാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഇടയാക്കിയത്. ഒരു വിഷയത്തില്‍ അന്തിമ ഉത്തരവിടാനുള്ള അധികാരം സുപ്രീം കോടതിക്കാണെന്നും വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം മുന്‍ കമീഷന്റെ തീരുമാനം പുനഃപരിശോധിച്ച് മാര്‍ഗനിര്‍ദേശം നല്‍കണമെന്നുമുള്ള ലെസ്ലി ജോണിന്റെ വാദം അംഗീകരിച്ചാണ് വിവരാവകാശ കമീഷണര്‍ അബ്ദുള്‍ ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടത്. പിന്നാലെ നാലുപേരുടെ അപ്പീല്‍കൂടി പരിഗണിച്ചുവെന്ന് ദേശാഭിമാനി പറഞ്ഞു വയ്ക്കുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുപിന്നാലെ മലയാളസിനിമയെ ഇടിച്ചുതാഴ്ത്താനും ശ്രമങ്ങള്‍ ഉണ്ടായെന്ന് ദേശാഭിമാനി പറയുന്നു. നാലുവര്‍ഷംകൂടി കഴിയുമ്പോള്‍ നൂറുവയസാകുന്ന മലയാളസിനിമയെ, സിനിമാ മേഖലയിലെ ചില പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടി താഴ്ത്തിക്കെട്ടാനാണ് ശ്രമം നടക്കുന്നത് . ജെ സി ദാനിയേലിന്റെ വിഗതകുമാരന്‍ 1928ല്‍ പുറത്തിറങ്ങിയതുമുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ മലയാളസിനിമ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുംവിധം വളര്‍ന്നു.

രാമു കാര്യാട്ടും അരവിന്ദനും ഭരതനും അടൂരും ഷാജി എന്‍ കരുണും ഉള്‍പ്പെടെയുള്ളവര്‍ വലിയ സംഭാവനകള്‍ ഈ മേഖലയ്ക്ക് നല്‍കി. സ്ത്രീകളുള്‍പ്പെടെയുള്ള പുതിയ തലമുറ അതിഗംഭീരമായി ഈ മേഖലയെ മുന്നോട്ടു കൊണ്ടുപോകുകയാണ്. രാജ്യത്ത് ആദ്യമായി ചലച്ചിത്ര അക്കാദമി സ്ഥാപിച്ച് ലോകസിനിമയെ മലയാളത്തിന് പരിചയപ്പെടുത്താനും വനിതാസംവിധായകരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കാനും ജനകീയ സര്‍ക്കാരുകള്‍ തയ്യാറായി. പുഴുക്കുത്തുകളെ മാറ്റി മലയാളസിനിമ പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകതന്നെ ചെയ്യുമെന്നാണ് ദേശാഭിമാനിയുടെ വാര്‍ത്ത പറയുന്നത്.