തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്കു കൈമാറാന്‍ സര്‍ക്കാര്‍. റിപ്പോര്‍ട്ട് നല്‍കണമെന്ന ഉത്തരവിനെതിരേ അപ്പീല്‍ നല്‍കേണ്ടെന്നാണ് തീരുമാനം സര്‍ക്കാരെടുത്തത് വിവാദങ്ങള്‍ മുന്നില്‍ കണ്ടാണ്. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയിലെത്തിക്കാനുള്ള അവസാനതീയതി ഒന്‍പതാണ്. ഉടന്‍ നല്‍കാനാണ് തീരുമാനം. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം തുടങ്ങി. ഈ സാഹചര്യത്തില്‍ വിഷയമെല്ലാം പൊതു സമൂഹത്തിലും എത്തി തുടങ്ങി. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കാതിരിക്കുന്നതില്‍ കാര്യമില്ലെന്നാണ് വിലയിരുത്തല്‍.

ശനിയാഴ്ച അഡ്വക്കേറ്റ് ജനറല്‍ അഡ്വ കെ ഗോപാലകൃഷ്ണ കുറുപ്പ് തിരുവനന്തപുരത്ത് എത്തിയിരുന്നു. സര്‍ക്കാ്ര്‍ തലത്തില്‍ കൂടിയാലോചനകള്‍ നടന്നു. അപ്പീല്‍ നല്‍കിയാലും തിരിച്ചടിയുണ്ടാകനുളള് സാധ്യതയും വിശദീകരിച്ചു. റിപ്പോര്‍ട്ട് പുറത്തു വരുന്നതിന് സര്‍ക്കാര്‍ എതിരാണെന്ന പൊതു വിലയിരുത്തലുണ്ടാകുമെന്നും അറിയിച്ചു. ഈ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കേണ്ടെന്ന തീരുമാനം. റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമുള്ള വെളിപ്പെടുത്തലുകളില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍, രജിസ്റ്റര്‍ചെയ്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെയെടുത്ത നടപടികളും കോടതിയെ അറിയിക്കും.

റിപ്പോര്‍ട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകര്‍പ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും നല്‍കുന്നതിലാണ് നിയമോപദേശത്തിന് കഴിഞ്ഞ ദിവസം എ.ജി.യുമായി കൂടിയാലോചന നടത്തിയത്. കമ്മിറ്റിയുടെ പരാമര്‍ശങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ഒന്‍പതിന് കേസ് പരിഗണിക്കുന്ന കോടതി വനിതാകമ്മിഷനെയും സ്വമേധയാ കക്ഷിചേര്‍ത്തിട്ടുണ്ട്. ഇനിയുള്ള കോടതി നിലപാട് നിര്‍ണ്ണായകമാകും. ഇത് സിനിമാ ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്.

താരങ്ങള്‍ക്കെതിരേ വ്യക്തിപരമായ പരാമര്‍ശമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ സര്‍ക്കാരിന് തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായി. ഇതോടെയാണ് അപ്പീല്‍ സാധ്യതയും ചര്‍ച്ച ചെയ്തത്. വ്യക്തിപരമായ പരാമര്‍ശമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനാണ് വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടത്. ഒഴിവാക്കാന്‍ കമ്മിഷണര്‍ നിര്‍ദേശിച്ച ഒരു ഖണ്ഡികയിലെ 'ഉന്നതരില്‍നിന്നുപോലും ലൈംഗികാതിക്രമം ഉണ്ടായെ'ന്നഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അബദ്ധത്തില്‍പ്പെട്ടത് സര്‍ക്കാരിനെ വെട്ടിലാക്കി.

ഇതിനുശേഷമുള്ള അഞ്ചുപേജ് മറച്ചുവെച്ചത് റിപ്പോര്‍ട്ടില്‍ പേരുണ്ടെന്നുകരുതുന്ന ഉന്നതരെ സംരക്ഷിക്കാനാണെന്ന ആരോപണവും നേരിടേണ്ടിവന്നു. ഇതൊക്കെ കണക്കിലെടുത്താണ് അപ്പീല്‍ നല്‍കേണ്ടെന്ന തീരുമാനം. ഇതോടെ എല്ലാം കോടതി തീരുമാനിക്കുന്ന അവസ്ഥയും വരും. എല്ലാ ആരോപണങ്ങളിലും അന്വേഷണത്തിന് കോടതി ഉത്തരവിടുമെന്ന വിലയിരുത്തലാണ് ഉള്ളത്.

കൂടുതല്‍ താരങ്ങളെ ഇത് ബാധിക്കുമോ എന്ന ആശങ്ക സിനിമ ലോകത്തുണ്ട്. ഓണ ചിത്രങ്ങളേയും ഈ വിവാദങ്ങള്‍ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉത്തരവ് പൂര്‍ണ്ണമായും തുറന്നു വരുന്നതിലെ പ്രശ്‌നങ്ങളാണ് സിനിമാക്കാരെ പ്രതിസന്ധിയിലാക്കുന്നത്.