തിരുവനന്തപുരം: യുവനടനെതിരെ ഉന്നയിച്ച ഗുരുതര ആരോപണത്തില്‍ വ്യക്തത വരുത്തി തിരുവനന്തപുരത്തെ നടി. വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. സാമ്പത്തികമായി പണം കൈപ്പറ്റി നടന്റെ പേര് മൂടിവയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ തനിക്കെതിരേയുണ്ടെന്നും സ്വന്തം അഭിമാനത്തിന് വിലപറയുന്ന വ്യക്തയല്ല താനെന്നും പരാതിക്കാരി വിശദീകരിച്ചു. നടന്‍ ജയസൂര്യയ്‌ക്കെതിരെയാണ് പരാതിയെന്ന വാദം ചര്‍ച്ചയാകുമ്പോഴാണ് നടി വിശദീകരണവുമായി രംഗത്തു വരുന്നത്.

"ഞാന്‍ പ്രത്യേകിച്ച് ആരുടെയും പേര് പറഞ്ഞിട്ടില്ല. മീഡിയ വന്ന് ഓരോരുത്തരുടെയും പേര് ചോദിക്കുമ്പോള്‍ പ്രത്യേക സന്ദര്‍ഭത്തില്‍ അല്ലെന്ന് പറഞ്ഞതാണ്. മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ടി വന്നാല്‍ പറയും. വീട്ടുകാരെക്കൂടെ സമ്മതിപ്പിക്കേണ്ടതുണ്ട്. അവരുടെ കൂടി പിന്തുണവേണം. പേര് പുറത്ത് പറയാതിരിക്കാന്‍ കോടികള്‍ വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എനിക്ക് അതിന്റെ ആവശ്യമില്ല. അഭിമാനത്തിന് വില പറയുന്ന വ്യക്തയല്ല ഞാന്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ പേര് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവര്‍ കാര്യങ്ങള്‍ അന്വേഷിക്കട്ടെ. ഞങ്ങള്‍ ഒരു വലിയ ടീമിനെതിരേയാണ് നില്‍ക്കുന്നത്. എന്നാല്‍ ഭീഷണികളൊന്നും എനിക്ക് ഏല്‍ക്കില്ല. ഇവിടെ നടക്കുന്ന ഒരു വൃത്തിക്കേട് ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്".- അവര്‍ പറഞ്ഞു.

2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഹാസ്യനടന്റെ ഭാഗത്തുനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്‍പര്യം കാരണമാണ് അഭിനയിക്കാന്‍ പോയതെന്നും പറഞ്ഞിരുന്നു. മുതിര്‍ന്ന നടന്‍ മരിച്ചതിനാല്‍ ഇനി അതേ കുറിച്ച് പറയുന്നില്ലെന്നാണ് നടിയുടെ നിലപാട്. എന്നാല്‍ നടന്റെ പേരടക്കം പോലീസിന് പരാതിയായി നല്‍കി. വീട്ടിലെ സമ്മര്‍ദ്ദങ്ങളും നടന്റെ പേരു പറയാതിരിക്കാന്‍ കാരണമായെന്നും നടി വിശദീകരിക്കുന്നു.

സിനിമാ സെറ്റില്‍ വെച്ച് ഒരു നടന്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് കാണിച്ച് നടി പരാതി നല്‍കിയിട്ടുണ്ട്. ഡിജിപിക്കാണ് നടി പരാതി നല്‍കിയത്. നടന്റെ പേര് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. നടന്‍ കടന്നുപിടിച്ചു എന്നാണ് യുവതിയുടെ പരാതി. ഈ പരാതിയിലും പോലീസ് കേസെടുക്കും. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരില്‍ ചിലര്‍ കൊച്ചിയിലാണ്. അവര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം വീണ്ടും ഈ നടിയുടെ മൊഴി എടുക്കും. തനിക്ക് നേരെ ഭീഷണിയുണ്ടെന്ന നടിയുടെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് കാണുന്നത്. നടി ആവശ്യപ്പെട്ടാല്‍ പോലീസ് സുരക്ഷയും നല്‍കും.

വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി പറഞ്ഞു. വിദേശ നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ വരുന്നുണ്ട്. എന്നാല്‍ ഞാന്‍ ഭയക്കുന്നില്ല. ആരും ഭീഷണിപ്പെടുത്താന്‍ നോക്കണ്ടെന്നും മാധ്യമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ചിലര്‍ വരുന്നുണ്ടെന്നും നടി പറഞ്ഞു. വീട്ടില്‍ നിന്നുള്‍പ്പെടെ പിന്തുണ ലഭിക്കുന്നില്ലെന്നും പിന്തുണ ലഭിക്കുന്ന സാഹചര്യത്തില്‍ നടന്റെ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കിയിരുന്നു. പിന്നില്‍ നിന്നും യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ മാപ്പ് പറഞ്ഞ് നടന്‍ തലയൂരിയെന്നും നടി ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും അവര്‍ പറയുന്നു.

ബ്ലെസിയുടെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കളബിപ്പിച്ചെന്നും നടി ആരോപിച്ചു. 2019 ബ്ലെസിയുടെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ശസ്ത്രക്രിയ ചെയ്യിപ്പിച്ചു എന്നാണ് നടി ആരോപിക്കുന്നത്. വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് തട്ടിപ്പ് മനസിലായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.