- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്യ ആരോപണം നേരിട്ടവര്‍ക്കെതിരെ അന്വേഷണം; ഹേമ കമ്മറ്റിയിലെ രഹസ്യപേരുകാര് സേഫ്! മൊഴി നല്കുന്നതില് ഡബ്ല്യൂസിസിക്കും ആശങ്ക; അന്വേഷണം ഫലംകാണുമോ?
തിരുവനന്തപുരം: സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊതുവേ സ്വാഗതാര്‍ഹം ആണെങ്കിലും അതിനെ പൂര്‍ണമായും സ്വാഗതം ചെയ്യാന്‍ ഡബ്ല്യുസിസി അടക്കം തയ്യാറല്ല. പോലീസ് മുമ്പാകെ മൊഴി നല്‍കിയാല്‍ പിന്നീടുണ്ടാകുന്ന നൂലാമാലകളിലാണ് അവരുടെ ആശങ്ക നിലനില്‍ക്കുന്നത്. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ മുതിര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും പുതിയ സംഘത്തെ പൂര്‍ണ്ണമായി പിന്തുണക്കാതെയുള്ള നിലപാടാണ് ഡബ്ലിയുസിസിയുടേത്. പുതിയ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും പക്ഷെ വീണ്ടും മൊഴി നല്‍കാന്‍ പോകേണ്ട സ്ഥിതിയില്‍ […]
തിരുവനന്തപുരം: സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊതുവേ സ്വാഗതാര്‍ഹം ആണെങ്കിലും അതിനെ പൂര്‍ണമായും സ്വാഗതം ചെയ്യാന്‍ ഡബ്ല്യുസിസി അടക്കം തയ്യാറല്ല. പോലീസ് മുമ്പാകെ മൊഴി നല്‍കിയാല്‍ പിന്നീടുണ്ടാകുന്ന നൂലാമാലകളിലാണ് അവരുടെ ആശങ്ക നിലനില്‍ക്കുന്നത്. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ മുതിര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും പുതിയ സംഘത്തെ പൂര്‍ണ്ണമായി പിന്തുണക്കാതെയുള്ള നിലപാടാണ് ഡബ്ലിയുസിസിയുടേത്.
പുതിയ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും പക്ഷെ വീണ്ടും മൊഴി നല്‍കാന്‍ പോകേണ്ട സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡബ്ലിയുസിസി വ്യക്തമാക്കി. പുതിയ സംഘം നടപടി നീട്ടി കൊണ്ട് പോകാനാണോ എന്ന സംശയവും ഡബ്ലിയുസിസി പങ്കുവെച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് പ്രതീക്ഷ വെക്കുന്നു എന്ന് ദീദി ദാമോദരന്‍ പ്രതികരിച്ചത്. നാല് വര്‍ഷത്തോളമായി ഹേമ കമ്മറ്റിയിലെ ആരോപണ വിധേയര്‍ ഇപ്പോഴും സേഫാണ്. ഇവരുടെ പേരുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. അതേസമയം പരസ്യമായി ആരോപണം നേരിട്ടവര്‍ക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഇല്ലെന്ന് തന്നെയാണ് ഇപ്പോഴും സര്‍ക്കാറിന്റെ നിലപാട്.
ആക്ഷേപം ഉന്നയിച്ചവരില്‍ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.
പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഉപദേശം നല്‍കിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കം. സമൂഹത്തില്‍ നിരവധി മേഖലകളില്‍ നിന്നുയര്‍ന്ന കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.അതേസമയം, സമൂഹ മാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കും. പരാതി ഉള്ളവര്‍ക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് കേസെടുക്കും.
എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ പരാതി ഉള്ളവര്‍ക്ക് സമീപിക്കാമെന്നല്ലാതെ നേരിട്ട് കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നതാണ് വസ്തുത. അതേസമയം ഇപ്പോഴത്തെ അന്വേഷണം എവിടെയെത്തും എന്നകാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയില്ല. ആരോപണങ്ങള്‍ പലതും 20 വര്‍ഷം വരെ പഴക്കമുള്ളതാണ്. മുമ്പ് ഉയര്‍ന്നുവന്നതിന് ശേഷം ആരും ഗൗനിക്കാതെ കിടന്നവയുമുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം എന്താകുമെന്ന ചോദ്യമാണ് പൊതുസമൂഹത്തിലും ഉയരുന്നത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപവത്കരിക്കപ്പെട്ട നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യുടെ ആവശ്യപ്രകാരമായിരുന്നു ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ എത്തുന്നത്.
2017- ജൂണ്‍ 6-ന് ആയിരുന്നു റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയും സിനിമാ താരം ശാരദ, റിട്ടയേഡ് ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വല്‍സലകുമാരി എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റിയെ നിശ്ചയിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കമ്മിറ്റിക്ക് നിര്‍ദേശം. നിശ്ചിത സമയത്തുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കി. തുടര്‍ന്ന് 2019 ഡിസംബര്‍ 31-ന് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടു.
കമ്മിറ്റി രൂപീകരണ സമയത്തുടലെടുത്ത പ്രത്യേക സാഹചര്യങ്ങളുടെ അലയൊലികളൊഴിഞ്ഞപ്പോള്‍ റിപ്പോര്‍ട്ട് പെട്ടിക്കുള്ളിലായി. എന്തൊക്കെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ടെന്നോ, എന്തൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നോ പിന്നെ പുറം ലോകമറിയുന്നത് നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം. അതും നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സുപ്രധാന ഭാഗങ്ങളൊക്കെ വെട്ടിക്കളഞ്ഞ് ഭാഗികമായ പേജുകള്‍ മാത്രം.
എങ്കിലും, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തു വന്നതോടെയാണ് മലയാള സിനിമാ മേഖലയില്‍ നടക്കുന്ന വലിയ 'മാഫിയ പ്രവര്‍ത്തനത്തിന്റെ' ചെറുഭാഗം ജനങ്ങളില്‍ എത്തിയത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന പേരുകള്‍ ഏതൊക്കെയെന്ന് ഇനിയും വ്യക്തമല്ലെങ്കിലും നിരവധി കോണുകളില്‍നിന്ന് നടിമാര്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളും ചൂഷണങ്ങളും പുറത്തുപറയാന്‍ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
സംവിധായകന്‍ രഞ്ജിത്തിനെതിരേയാണ് ഇത്തരത്തില്‍ ആദ്യം ആരോപണം ഉയര്‍ന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രജ്ഞിത്ത് തനിക്കുനേരെ മോശമായി പെരുമാറി എന്ന ആരോപണം ഉന്നയിച്ചത്. 2009-ല്‍ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം രഞ്ജിത്ത് നിഷേധിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിലപാട്. പരാതിക്കാരിയുടെ പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ പല സാഹചര്യത്തിലും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കമുള്ളവയില്‍ ആരോപണങ്ങളുയര്‍ന്നപ്പോള്‍ സംരക്ഷിക്കുന്ന നിലപാടായിരുന്നുസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഇത്തവണയും ആദ്യഘട്ടത്തില്‍ സമാനരീതിയിലുള്ള സമീപനമായിരുന്നു ഉണ്ടായത്. എന്നാല്‍ സ്ത്രീ സംരക്ഷണം മുഖമുദ്രയാക്കി രംഗത്തെത്തിയ സര്‍ക്കാര്‍ തന്നെ ഇത്തരത്തിലുള്ള കുറ്റവാളികള്‍ക്ക് കുടപിടിക്കുന്നു എന്ന ആരോപണം സമൂഹ മാധ്യമങ്ങളില്‍ അടക്കം ശക്തമായി. ഒടുവില്‍ മന്ത്രി പറഞ്ഞ വാക്കുതിരുത്തി, ബംഗാളി നടിയുടെ ആരോപണത്തില്‍ അന്വേഷണം നടത്താമെന്ന് വ്യക്തമാക്കിക്കൊണ്ട് വനിതാ കമ്മിഷനും രംഗത്തെത്തി.
സിദ്ദിഖിനെതിരേ മലയാളി നടി രംഗത്തെത്തിയതോടെയാണ് എഎംഎംഎ-യില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്. സിനിമാ ചര്‍ച്ചയ്ക്കായി ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു സിദ്ദിഖിനെതിരായ ആരോപണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ച് പ്രതികരിക്കുന്നതിന് സിദ്ദിഖിന്റെ നേതൃത്വത്തില്‍ പത്രസമ്മേളനം വിളിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഈ ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് വിവിധ കോണുകളില്‍നിന്ന് സിദ്ദിഖിന്റെ രാജി ആവശ്യം ഉയരുകയും ഞായറാഴ്ച രാവിലെയോടെ അദ്ദേഹം രാജിവെക്കുകയുമായിരുന്നു. ഇതിനു ശേഷമാണ് രഞ്ജിത്തും ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
പരാതികള്‍ ഉയര്‍ന്നുവന്നിട്ടും പരാതിയുള്ളവര്‍ പരാതിയുമായി രംഗത്തുവന്നാല്‍ അന്വേഷിക്കാം എന്ന നയമായിരുന്നു സര്‍ക്കാരിന്റേത്. ഇത്രയും ആരോപണങ്ങള്‍, സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിനെതിരേ ശക്തമായ ജനരോഷവും പ്രതിപക്ഷ നിരയില്‍നിന്നും സോഷ്യല്‍ മീഡിയകളില്‍നിന്നും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് പ്രാഥമികാന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. അതേസമയം അമ്മ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മോഹന്‍ലാലിന്റെയോ മറ്റ് മുതിര്‍ന്ന നടന്‍മാരുടെയോ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.