തിരുവനന്തപുരം: ശനിയാഴ്ച്ച രാവിലെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറെടുത്തിരിക്കയായിരുന്നു മലയാളത്തിലെ മാധ്യമങ്ങള്‍, വിശേഷിച്ചു മത്സരം മുറുകുമ്പോല്‍ അവസരം കാത്തിരിക്കുന്ന ചാനലുകള്‍. ഇതിനിടെയാണ് ഇന്ന് റിപ്പോര്‍ട്ട് പുറത്തു വിടുന്നില്ലെന്ന് പറഞ്ഞ് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നത്. എന്തിനാണ് ഇത്ര ധൃതി എന്നു കൂടി മന്ത്രി ചോദിച്ചതോടെ കോടികള്‍ മുടക്കിവെച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ സര്‍ക്കാറിനും താല്‍പ്പര്യമില്ലെന്ന ധ്വനിയിലാണ് ശനിയാഴ്ച്ചത്തെ വാര്‍ത്താപ്പകല്‍ മുന്നോട്ടു പോയത്.

ഇതോടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് പലവിധത്തിലുള്ള തിയറികളും പുറത്തുവന്നിരുന്നു. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണം കൃത്യമായി എടുത്തുകാണിക്കുന്നതാണ് ഉള്ളടക്കമെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതോടെ നടിയുടെ തല്‍പ്പര്യം എന്തെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണ്‍ നയിച്ച ചര്‍ച്ചയിലാണ് അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എന്റെ വാദം കൂടി കേട്ട ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യമാണ്. അതിലൊരു തെറ്റുമില്ലെന്നും അവര്‍ പറഞ്ഞു.

ഡബ്ല്യുസിസിയാണ് ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള കാരണം. കേരളത്തിലാണ് ഇത് രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ വെച്ചത്. അതില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും താന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി തങ്ങളുടെ കൈയ്യിലില്ല. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിന്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാല്‍ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താന്‍ കോടതിയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് തരുമെന്നാണ് കരുതിയത്. താന്‍ ഡബ്ല്യുസിസിയുടെ ഭാഗമാണ്. താന്‍ ഒറ്റയ്ക്കല്ല ഡബ്ല്യുസിസിയാണ് ഇക്കാര്യം ചോദിക്കേണ്ടത്. എന്നാല്‍ അതുണ്ടായില്ല. വനിതാ കമ്മീഷനും ഡബ്ല്യുസിസിയും ഇത് പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ആദ്യം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുകയെന്ന കാര്യം തന്റെ മൗലികവകാശമാണ്. താനും അഭിഭാഷകയാണ്. താന്‍ ഇതില്‍ നേരിട്ട് കക്ഷിയാണ്. തനിക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി.

അതേസമയം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിള്‍ ഞെട്ടിക്കുന്ന ഉള്ളടക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ അവകാശപ്പെടുന്ന വിവരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നതിന് മുമ്പാണ് റേറ്റിംഗില്‍ മൂന്നാം ്സ്ഥാനത്തേക്ക് കുതിച്ചു കയറിയ റിപ്പോര്‍ട്ടര്‍ ഈ അവകാശവാദം നടത്തിയത്.

മലയാള സിനിമാ മേഖലയില്‍ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്നൊരു വിഭാഗമുണ്ടെന്നും അവരിലൂടെയാണ് പുതിയ നടിമാരെയും സഹകരിക്കാതിരിക്കുന്ന താരങ്ങളെയും വഴക്കിയെടുക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് ചാനലിന്റെ അവകാശവദം. ഇത്തരത്തില്‍ ചൂഷണം നടത്താനായി പുതിയ താരങ്ങളെ വിദേശ ഷോകള്‍ക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് വഴക്കിയെടുക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നും ചാനല്‍ അവകാശപ്പെട്ടു.

അതേസമയം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ വിവാദങ്ങളൊന്നും പുറത്തെത്തില്ലെന്നും സൂചനകളുണ്ട്. മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തു വരുന്നതിനെ അവരും എതിര്‍ക്കുന്നതോടെ പുറംലോകത്ത് എത്തുക വെറും ശുപാര്‍ശകള്‍ മാത്രമാകും. കമ്മറ്റിക്ക് മുന്നിലെത്തിയ മൊഴികളിലുള്ളത് ആരോപണമാണ്. അതുകൊണ്ട് തന്നെ അവ പുറത്തു വിടില്ല. മൊഴി നല്‍കിയവരുടെ വിശദാംശങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുകയും ചെയ്യുമെന്നാണ് സൂചന.

ആര്‍ക്കെതിരെയാണ് എന്തു തരത്തിലുള്ള മൊഴി എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിധമേ കാര്യങ്ങള്‍ പുറത്തു വരൂ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് എന്തായാലും പുറത്തുവിടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതിയില്‍ കേസ് പരിഗണിച്ചതിന് ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനാണ് നീക്കം. 49-ം പേജിലെ 96-ം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല. മൊഴി നല്‍കിയവരുടെ പേര് പുറത്തു വരാതിരിക്കാനാണ് ഇതും.

2017 ജൂലായ് 1നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോര്‍ട്ടാകും പുറത്തുവിടുകയെന്നും നേരത്തെ പരസ്യമാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങള്‍ ഒഴിവാക്കിത്തന്നെയാണ് റിപ്പോര്‍ട്ട് വെളിച്ചംകാണുകയെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇതിന് തൊട്ടുമുന്‍പേ വെള്ളിയാഴ്ച നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് കോടതിയെ സമീപിക്കാത്ത ഹര്‍ജിക്കാരിക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് എല്ലാം പരിശോധിച്ചത്.