- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ എട്ടു കേസുകളില്‍ പ്രതികള്‍ക്കെതിരെ എഫ് ഐ ആര്; പത്ത് സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം; ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടില്ലെന്ന് സര്‍ക്കാര്‍; സത്യവാങ് മൂലം സമര്‍പ്പിച്ചു
18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് കേരളം
ന്യൂഡല്‍ഹി: ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം നടന്നു വരികയാണ്. പ്രാഥമിക അന്വേഷണത്തില്‍ 14 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നും കേസില്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുവാനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ 26 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 10 സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ 14 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. ഇതിന് പുറമെ നാല് കേസുകളില്‍ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ അന്വേഷണം പുരോഗമിക്കുക ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെ ന്യായീകരിച്ച് കേരളം. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്ന് വ്യക്തമാക്കി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം ഫയല്‍ ചെയ്ത്.
ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയലാണ് സുപ്രീംകോടതിയെ സമീപിച്ചത്. കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആകില്ലെന്നായിരുന്നു സജിമോന്റെ വാദം.
എന്നാല്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമായാല്‍ ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹൈക്കോടതി വിധി സുപ്രീംകോടതി നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോതഗി വാദിച്ചു. ഹര്‍ജി കേട്ട ഹൈക്കോടതി പ്രത്യേക ബഞ്ചിലെ ജഡ്ജിമാര്‍ കേസ് പരിഗണിക്കും മുമ്പ് എജിയേയും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെയും ചേംബറില്‍ കണ്ടിരുന്നു.
കുറ്റപത്രം നല്കുന്നത് വരെ എഫ്‌ഐആര്‍ പൂര്‍ണ്ണമായും കൈമാറില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം മൊഴികളുടെ അടിസ്ഥാനത്തില്‍ നാല്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ പ്രത്യേക മൊഴി ഇല്ലാതെ തന്നെ കേസെടുക്കുന്നത് എന്തിനെന്നും മുകുള്‍ റോതഗി ചോദിച്ചു.
ശരിയായ അന്വേഷണം നടന്നാല്‍ മാത്രമേ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണോ, കള്ളമാണോ എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളുവെന്ന് സംസ്ഥാനസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത് എങ്കിലും, കമ്മിറ്റിയുടെ പ്രവര്‍ത്തനം അതില്‍ മാത്രം ഒതുക്കി നിറുത്തണമെന്ന് പറയാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കമ്മിറ്റിക്ക് മൊഴി നല്‍കിയ യുവതിയും സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നാണ് യുവതിയുടെ ആവശ്യം. യുവതിയുടെ ഹര്‍ജി സജിമോന്‍ പാറയലിന്റെ ഹര്‍ജിക്ക് ഒപ്പം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. 19-ാം തീയതിയാണ് ഹര്‍ജികള്‍ സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കരുതെന്ന അഭിപ്രായപ്രകടനവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. വ്യാജ പീഡനങ്ങള്‍ ഉയരുന്നത് ഭയപ്പെടുത്തുന്നുവെന്നും ആര്‍ക്കെതിരെയും എന്തും പറയാമെന്ന അവസ്ഥ സമൂഹത്തിനെയാകെ ബാധിക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു. ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും ഇത് വഴിവയ്ക്കുന്നതും ഗൗരവതരമായ കാര്യമാണെന്നും അസോസിയേഷന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ഇത് ബാധിക്കും. സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു.