തിരുവനന്തപുരം: സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരില്‍ നിന്ന് മൊഴിയെടുക്കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച ടീം യോഗം ചേര്‍ന്ന് അന്വേഷണത്തിലേക്ക് നീങ്ങും. ഇതുവരെ ആരോപണം ഉയര്‍ത്തിയ മുഴുവന്‍ പേരെയും സമീപിക്കും. ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ മൊഴി പരിശോധിച്ച് കേസെടുത്ത് തുടര്‍ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം. മൊഴിയെടുക്കുന്നത് ടീമിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്‌പെഷ്യല്‍ ടീം ആവശ്യപ്പെടും. സിനിമാ മേഖലയിലെ വനിതകള്‍ ഉന്നയിച്ച പരാതികളും വെളിപ്പെടുത്തലുകളുമാണ് അന്വേഷിക്കുക. അതേ സമയം പീഡനകേസ് അന്വേഷണത്തില്‍ ആരോപണ വിധേയരായവരും ടീമിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. മലയാള സിനിമാരംഗത്ത് ആഞ്ഞുവീശുന്ന മീ ടു കൊടുങ്കാറ്റിനിടെയാണ് സര്‍ക്കാര്‍ ഒടുവില്‍ അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീം രൂപീകരിച്ചത്.

ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയ രേവതി സമ്പത്ത്, ബംഗാളി നടി ശ്രീലേഖ മിത്ര, സോണിയ മല്‍ഹാര്‍, ടെസ് ജോസഫ് എന്നിവരില്‍നിന്നു പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. പറയാനുള്ളതു പറഞ്ഞെന്നും കേസിനില്ലെന്നുമാണു ശ്രീലേഖ മിത്രയുടെ നിലപാട്. ആരോപണം ഉന്നയിച്ചവരില്‍ എത്രപേര്‍ പൊലീസിനു മുന്നില്‍ മൊഴി നല്‍കുമെന്നതു പ്രധാനമാണ്. തെളിവുകളുണ്ടെങ്കില്‍ അതും കൈമാറേണ്ടതുണ്ട്. ആരോപണം ഉന്നയിച്ചവരുടെ സഹകരണമില്ലാതെ അന്വേഷണം സുഗമമായി മുന്നോട്ടുപോകില്ലെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓരോ ഉദ്യോഗസ്ഥക്ക് കീഴിലും വനിതാ പൊലീസ് അടങ്ങുന്ന ടീമുകള്‍ ഉണ്ടാക്കിയാകും മൊഴി രേഖപ്പെടുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള പരിശോധന, ടീം രൂപീകരിച്ചുള്ള വാര്‍ത്താകുറിപ്പില്‍ പറഞ്ഞിട്ടില്ല. പക്ഷെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ടീം സര്‍ക്കാറിനോട് ആവശ്യപ്പെടും. കമ്മിറ്റിക്ക് മൊഴി നല്‍കിയവരെയും കാണാനാണ് ശ്രമം. അതേ സമയം ടീം രൂപീകരണത്തെ അടക്കം ചോദ്യം ചെയ്ത് സര്‍ക്കാറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷം.

പുതിയ ടീമിന് വീണ്ടും മൊഴി നല്‍കേണ്ടിവരുമ്പോള്‍ ഇരകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഡബ്‌ള്യുസിസി ഇന്നലെ തന്നെ ആശങ്ക ഉയര്‍ത്തിയിരുന്നു. രഞ്ജിത്തിന്റെ രാജിക്ക് പിന്നാലെ ടീം ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള മെല്ലെപ്പോക്ക് അടക്കമുള്ള വിമര്‍ശനങ്ങളെ നേരിടുന്നത്.

ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുന്‍പാകെ വനിതകള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം പ്രത്യേക സംഘം നടത്തിയേക്കില്ല. നിയമവശം പരിശോധിച്ചശേഷം അന്വേഷണ മേഖലകള്‍ തീരുമാനിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഘത്തിലെ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളിലാണ്. എത്രയും വേഗം യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജസ്റ്റിസ് ഹേമയ്ക്ക് മുന്നില്‍ നിരവധി സ്ത്രീകള്‍ മൊഴികള്‍ നല്‍കിയിട്ടുണ്ട്. രഹസ്യസ്വഭാവം പാലിക്കാന്‍ ഇവരുടെ പേരുകള്‍ ഒഴിവാക്കി മൊഴികള്‍ മാത്രമാണു സര്‍ക്കാരിനു നല്‍കിയത്. അതിനാല്‍ മൊഴികള്‍ നല്‍കിയവരുടെ പേരുകള്‍ കമ്മിറ്റി വെളിപ്പെടുത്താനിടയില്ല. കമ്മിറ്റിയുടെ പൂര്‍ണമായ റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദേശവും അന്വേഷണത്തില്‍ നിര്‍ണായകമാകും. പുതുതായി ആരെങ്കിലും വെളിപ്പെടുത്തല്‍ നടത്തിയാല്‍ അതേക്കുറിച്ചും അന്വേഷിക്കും.

ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പെരുമാറ്റം, പീഡനം, ലൈംഗിക അതിക്രമം, ലൈംഗികച്ചുവയുള്ള സംഭാഷണം തുടങ്ങി ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ സംശയിക്കാവുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പരാതിപ്പെടാന്‍ സമയപരിധി ബാധകമല്ല. ഐജി ജി.സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ 4 വനിതാ ഉദ്യോഗസ്ഥരാണുള്ളത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനാണ് പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടം.