തിരുവനന്തപുരം: കോംപ്രമൈസ്, അഡ്ജസറ്റ്‌മെന്റ്- മലയാള സിനിമയിലെ നടിമാര്‍ക്ക് ഏറ്റവും പരിചിതമായ രണ്ടു വാക്കുകളാണിത്. നടനോ, സംവിധായകനോ, നിര്‍മ്മാതാവോ, പ്രൊഡക്ഷന്‍ കണ്‍ട്രോളറോ-ആരില്‍ നിന്നു വേണമെങ്കിലും കിടപ്പറ പങ്കിടാനുള്ള ക്ഷണം ഉണ്ടാകാം. കോംപ്രമൈസിനോ അഡ്ജസ്റ്റ്‌മെന്റിനോ വഴങ്ങിയാല്‍ മാത്രമേ, സിനിമയില്‍ ഉന്നതനിലയില്‍ എത്താനാകു എന്നാണ് പൊതുവായ ഉപദേശമെന്ന് ഒരു നടി പങ്കിട്ടതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുമുഖ നടിമാരെ വരുതിക്ക് വരുത്താന്‍ ആദ്യമേ തന്നെ ഈ സന്ദേശം വ്യവസായത്തില്‍ ഉള്ളവര്‍ എത്തിക്കും.

എന്നാല്‍, ചൂഷണത്തിന് വിധേയരാകുന്നവര്‍ അതെല്ലാം അതീവരഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. ഡബ്‌ള്യുസിസി നിലവില്‍ വന്നപ്പോള്‍ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് നടിമാര്‍ പരസ്പരം തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കിടാന്‍ തുടങ്ങിയത്. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടിയുടെ മൊഴിയുണ്ട്. തലേദിവസത്തെ മോശം അനുഭവം മാനസികമായി തളര്‍ത്തിയതിനാല്‍ ഒരു ഷോട്ടെടുക്കാന്‍ 17 റീ ടേക്കുകള്‍ എടുക്കേണ്ടി വന്നു. അപ്പോള്‍ സംവിധായകന്റെ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നുവെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തില്‍ ശരീര പ്രദര്‍ശനവും ലിപ്ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമീഷന് മൊഴി നല്‍കി.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന വിവരമാണ് റിപ്പോര്‍ട്ടില്‍ പ്രധാനം. സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നത്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങള്‍ ലഭിക്കില്ല. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കുന്നു. പരാതി പറയുന്നവരെ പ്രശ്‌നക്കാരായി കാണുന്നു. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദമുണ്ടാകുന്നു.

സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. സ്ത്രീകള്‍ സിനിമയിലെത്തുന്നത് പണമുണ്ടാക്കാന്‍ വേണ്ടിയാണെന്ന പൊതു കാഴ്ചപ്പാടാണ് മലയാള സിനിമയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിനായി അവള്‍ എല്ലാറ്റിനോടും കീഴടങ്ങേണ്ടവളാണെന്ന തോന്നലാണ് സൃഷ്ടിക്കപ്പെടുന്നത്.

കലയോടുള്ള അഭിനിവേശവും അഭിനയമോഹവും കൊണ്ടാണ് സ്ത്രീകള്‍ സിനിമയിലെത്തുന്നതെന്ന് ചലച്ചിത്രമേഖലയിലെ പുരുഷന്മാര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ല. സ്ത്രീകള്‍ പ്രശസ്തിക്കും പണത്തിനും വേണ്ടി മാത്രമാണെത്തുന്നതെന്ന് കരുതുന്ന അവര്‍, സിനിമയില്‍ അവസരം കിട്ടാന്‍ ആര്‍ക്കൊപ്പവും നടിമാര്‍ കിടപ്പറ പങ്കിടണമെന്ന ചിന്താഗതിക്കാരാണ്.

സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. നിര്‍മാതാക്കളും സംവിധായകരുമെല്ലാം അടങ്ങുന്ന 15 അംഗ പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് മലയാള സിനിമ ലോകം. വിലക്ക് തീരുമാനിക്കുന്നത് ഈ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.